Pessaaha vyaazham: അപ്പം = ദൈവം

അപ്പം = ദൈവം

Maundy Thursday – Welland Fosse Group of Churches

പെസഹാവ്യാഴം.

ഈശോ അപ്പമെടുത്ത് “ഇതെന്റെ ശരീരമകുന്നു” വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മ! മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം! രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷം!

ദൈവസ്നേഹത്തിന്റെ പാരമ്യതയില്‍നിന്നാണ് ഈ ദൈവിക ഇടപെടല്‍ ഉയിരെടുത്തത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്. ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ ആത്മാവിഷ്കരമായിട്ടാണ് ഈശോ സെഹിയോന്‍ മാളികയില്‍ അപ്പമാകുന്നത്.

ഇവിടെ അപ്പമെന്ന യഥാര്‍ഥ്യത്തിന്‍റെ ഘടനക്കുള്ളിലാണ്‌ ഈ മഹാത്ഭുതം സംഭവിക്കുന്നത്‌. അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാ ധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികവും ജൈവികവുമായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു.

അപ്പം അതിന്റെ വ്യത്യസ്ഥരൂപങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബലിപീOത്തില്‍ അര്‍പ്പിക്കപ്പെടുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുന്നുവെന്നതു ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്. ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നല്‍കുന്ന അപ്പം അവിടുത്തെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു. അപ്പസത്തയില്‍നിന്നു ദൈവസത്തയിലേക്കുള്ള ഈ പരിണാമം മനസ്സിലാക്കുവാന്‍ ദുഷ്കരമാണെങ്കിലും, ക്രൈസ്തവന്റെ കുര്‍ബാനാനുഭാവത്താല്‍ സ്പുടം ചെയ്യപ്പെട്ട വിശ്വാസം ഈ വലിയ യാഥാര്‍ഥ്യത്തിന്റെ ലാവണ്യം അനുഭവിക്കാന്‍ അവളെ/അവനെ പ്രാപ്തനാ ക്കുന്നുണ്ട്.

ഈ അനുഭവമാണ് പെസഹാവ്യാഴത്തെ ഇന്നും പ്രസക്തമാക്കുന്നത്‌. നോമ്പിന്റെ ചൈതന്യത്തില്‍ നാം പെസഹാവ്യാഴത്തിനായി ഒരുങ്ങുന്നതും അതുകൊണ്ടാണ്. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ ഈ ദിവ്യമുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും ഈ മുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. Did you Forget Maundy Thursday?അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ നിശബ്ദതയില്‍ ദൈവ കൃപയാൽ നിറഞ്ഞുകൊണ്ടും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. പെസഹവ്യാഴത്തിന്റെ ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

പെസഹവ്യാഴത്തിന്റെ കഥാപരിസരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം പലതലത്തില്‍ മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധിക്കും. ഗ്രീക്കുചിന്തയുടെ പിന്‍ബലത്തിലാണ് ഈ മഹാസംഭവം താത്വികമായി വ്യഖ്യാനിക്കപെട്ടതെങ്കിലും ഭാരതചിന്തയ്ക്കും  ഇത് – അപ്പം=ദൈവം, ദൈവം=അപ്പം – അന്യമല്ലെന്ന് നാം ഭാരതക്രൈസ്തവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അന്യമല്ലെന്ന് മാത്രമല്ല, അപ്പം ദൈവമാണെന്ന സങ്കല്‍പം വളരെ ശക്തമായിത്തന്നെ ഭാരതീയ ചിന്തയിലുണ്ട്.

“അന്നം ബ്ബ്രഹ്മ”മെന്ന ഉപനിഷത്തിലെ ചിന്ത ഭാരത സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. തൈത്തീരിയോപനിഷത്തില്‍ തത്വചിന്തയുടെ മറുപുറമായിട്ടാണ് “അന്നം ബ്ബ്രഹ്മ”മെന്ന ചിന്തയെ അവതരിപ്പിക്കുന്നത്‌. “അന്നം ബ്രഹ്മേതി വ്യജനാത്…”. (അന്നത്തെ ബ്രഹ്മമെന്നറിഞ്ഞു) “അന്നം ബ്ബ്രഹ്മ”മാണ്; അന്നത്തില്‍നിന്നാണ് സര്‍വ ഭൂതങ്ങളും ഉണ്ടാകുന്നത്. ഭഗവത്ഗീതയും ഈ ദര്‍ശനം പങ്കുവയ്ക്കുന്നുണ്ട്‌. “അന്നാദ്ഭവന്തി ഭൂതാനി”. (അന്നത്തില്‍ നിന്ന് ഭൂതങ്ങളെല്ലാം ഉണ്ടാകുന്നു). അപ്പമാണ് ജീവന്‍ നല്‍കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതും. അപ്പമില്ലാത്ത അവസ്ഥ ജീവനില്ലാത്ത അവസ്ഥയാണ് എന്ന് ഭാരതീയ ചിന്ത വളരെ താത്വികമായി തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്..

National Coalition for the Homeless Feeding vs. Foodsharing ...

അപ്പം ബ്രഹ്മമാണെന്ന ഭാരതസങ്കല്‍പം സാധാരണ മനുഷ്യരിലും ഉണ്ടായി രുന്നു. മകന്‍ അമ്മയോട് ചോദിക്കുകയാണ്. “ആരാണമ്മേ, രാജാവ്? അമ്മ പറഞ്ഞു: രാജാ പ്രത്യക്ഷ ദൈവം മകനെ”. വീണ്ടും മകന്‍ ചോദിച്ചു: ആരാണമ്മേ, ദൈവം? അമ്മ പറഞ്ഞു: അന്നദാതാവായ പൊന്നുതമ്പുരാന്‍ മകനെ”. അപ്പം തരുന്നവനെ ദൈവമായി കാണുന്ന സംസ്കാരിക ചൈതന്യത്തിന്റെ ഇടവഴികളില്‍ അപ്പം നല്‍കുന്ന, അപ്പമായിത്തീരുന്ന ഈശോയെ അവതരിപ്പിക്കുകയാണ് പെസഹാവ്യാഴാചരണം. കാരണം, അന്നം ദൈവത്തില്‍നിന്നും വരുന്നതും ജീവന്‍ നല്കുന്നതുമാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ എന്നേയ്ക്കും ജീവിക്കും”. (യോഹ:6,51)

ക്രൈസ്തവന് ദൈവം അന്നദാതാവ് മാത്രമല്ല, ദൈവം അപ്പമായിത്തീരുന്നവനാണ്, അന്നം തന്നെയാണ്. അന്നത്തിലൂടെയാണ്, ദൈവത്തിലൂടെയാണ് ജീവന്‍ ഉണ്ടാകുന്നത്; അന്നം ഭക്ഷിക്കുന്നതിലൂടെയാണ്, പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്. “ഉതാശിതമുപഗച്ചന്തി മൃത്യുവ:” (കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ മരണങ്ങള്‍ പ്രാപിക്കുന്നു. ഋഗ്വേദം 8-6-22) തനിയേ ഭക്ഷിക്കുന്നവന്‍ പാപത്തെ ഭുജിക്കുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. മഹാപ്രസ്ഥാനത്തിന്റെ വഴികളിൽ മരണത്തിലേക്ക് തളർന്നു വീഴുന്ന ഭീമൻ ധർമപുത്രരോട്, എന്തുകൊണ്ടാണ് താൻ മരണത്തിലേക്ക് വീണത് എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ധർമപുത്രർ പറയുന്ന ഉത്തരം ഇങ്ങനെയാണ്: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. അതുകൊണ്ടാണ് നീ മരണത്തിലേക്ക് പോകുന്നത്”. മറ്റുള്ളവർക്കു അവകാശപ്പെട്ടതും നീ ഭക്ഷിക്കുമ്പോൾ മരണമാണ് നീ ഭുജിക്കുന്നത്.

ദൈവം അപ്പമാകുന്ന വലിയ സംഭവത്തിന്റെ പുണ്യസ്മരണയിലൂടെ കടന്നുപോകുന്ന ക്രൈസ്തവരുടെ പെസഹാവ്യാഴ ദൈവശാസ്ത്രത്തെ മനസ്സിലാക്കുവാന്‍ ഭാരതമനസ്സിനു വളരെ എളുപ്പത്തില്‍ കഴിയുമെന്നത് ഈ ദിനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ദൈവം അപ്പമാകുന്ന വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും

വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയാണെന്നും പറയുമ്പോള്‍ അത് ഭാരതസംസ്കാരത്തോട് ചേര്‍ന്ന്‍ പോകുന്നതുതന്നെയാണ്. പ്രസിദ്ധ കവി മധുസൂദനന്‍ നായരുടെ “എച്ചില്‍” എന്ന കവിതയില്‍ അദ്ദേഹം പറയുന്നത്: “അന്നം ബ്രഹ്മമെന്നറിഞ്ഞിട്ടും ബ്രഹ്മജ്ഞനത് വേണ്ടയോ? യജ്ഞമെങ്ങന്നമില്ലാതെ? അന്നത്താല്‍ യജ്ഞവര്‍ധനം.” ദൈവം അപ്പമായി അവതരിച്ചിട്ടും ജ്ഞാനികള്‍ക്കുപോലും ആ ദൈവിക വെളിപാടി ലേക്ക് ഹൃദയം തുറക്കുവാനാകുന്നില്ലല്ലോയെന്നു കവി ആവലാതിപ്പെടുകയാണ്. എന്നാല്‍, ക്രൈസ്തവന് വിശുദ്ധ കുർബാന അവന്റെ ക്രൈസ്തവ ജീവിതത്തിന്റെ പ്രഭവകേന്ദ്രമാണ്.  ദൈവം അപ്പമാകുന്നതു ക്രൈസ്തവനു വലിയൊരു വെളിപാടും അപ്പമായ ദൈവം, വിശുദ്ധ കുര്‍ബാന ക്രൈസ്തവനു ജീവന്‍ നിറഞ്ഞ ഔഷധവുമാണ്.

പെസഹാവ്യാഴാനുഭവം ക്രൈസ്തവന്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനാത്ഭുതത്തിന്റെ ഓര്‍മയിലാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള ആഹ്വാനമാണ് പെസഹാദിനാചരണങ്ങളിലൂടെ മുഴങ്ങുന്നത്. അതുകൊണ്ട്തന്നെ ക്രൈസ്തവന് വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; Missionaries of Charity continue mission of serving a community in ...തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, ബുദ്ധിവികസിക്കാത്തവരുടെ വിഹ്വലതയുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍; ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ (വിലാപങ്ങള്‍ 2, 19) വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. അതുകൊണ്ടാണ് പെസഹാവ്യാഴാനുഭവം ക്രൈസ്തവ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന മഹാസംഭവത്തിന്റെ അനുസ്മരണമാകുന്നത്.

ദൈവം അപ്പമായിതീരുന്നുവെന്ന അറിവ് വ്യാഖ്യാനങ്ങളുടെ വൈവിധ്യംകൊണ്ട് സങ്കീര്‍ണമാകുന്നുണ്ടെങ്കിലും, അനുഭവങ്ങളുടെ ഊഷ്മളതകൊണ്ട് നമുക്കേറ്റവും ഹൃദ്യമാകുന്നത് അത് ദൈവസ്നേഹത്തിന്റെ ആഘോഷമാകുന്നതുകൊണ്ടാണ്; മനുഷ്യാസ്തി ത്വവുമായി ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ്; സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ്.

സഹനമാണ് യാഗത്തിന് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

Sacrifice of Jesus - Life, Hope & Truth

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

പെസഹാവ്യാഴാഴ്ച ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍ പെസഹാവ്യാഴം ധ്യാനാത്മകമാകണം. Introduction to Maundy Thursday | Martin Luther Lutheran Churchഇന്‍ട്രിയപ്പത്തിന്റെ വിശുദ്ധിയിലും പാലിന്റെ മാധുര്യത്തിലും ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ കുടുംബാoഗങ്ങളെല്ലാവരും ഒരുമിച്ചിരുന്നുള്ള പെസഹാഭക്ഷണം ദൈവകൃപയുടെ അമൃതാകും; ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

5 thoughts on “Pessaaha vyaazham: അപ്പം = ദൈവം”

  1. അപ്പം = ദൈവം, ഒരു വലിയ ചിന്ത ആണ്. തീർച്ചയായും വളരെ വിലപ്പെട്ട ഒരു ചിന്ത ആണ്.

    Like

  2. Fr.Saju, You have excellently tried to explain the Holy Eucharist as the life giving bread relating it with especially some Indian concepts about Brahmam and bread.Congratulations!

    Like

Leave a comment