SUNDAY SERMON LK 12, 22-34

ലൂക്ക 12, 16 – 34

സന്ദേശം – നമ്മെ പരിപാലിക്കുന്ന ദൈവം

Jesus protecting a child - Google Search | Jesus art, Jesus pictures,  Christian art

മഹാമാരിയുടെ ഈ ദുരന്തകാലത്ത് നമുക്കെല്ലാവർക്കും ഏറെ ആശ്വാസം പകരുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവമെന്നും, ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് മനുഷ്യനിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും ഇന്നത്തെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്നലെ ഈ ദൈവവചന ഭാഗത്തെക്കുറിച്ചു ധ്യാനിച്ചപ്പോൾ മനസ്സിൽ ഓടിവന്ന ഒരു ചിന്ത ഇങ്ങനെയാണ്. ‘ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു’.   ഒന്നോർത്താൽ, കോവിഡ് 19 നു ഒരു മരുന്ന് ഇല്ലാത്തതു ദൈവത്തിന്റെ പരിപാലനയാണോ? മരുന്ന് ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ? ഈ രോഗം പാവപ്പെട്ടവന്റെ മാത്രം പ്രശ്നമാകുമായിരുന്നു. സർക്കാരുകൾ ഇത്രയും താത്പര്യം കാണിച്ചെന്നു വരില്ലായിരുന്നു. പണക്കാരന് മരുന്ന് വാങ്ങാൻ കാശുള്ളപ്പോൾ സർക്കാരുകൾ ചിലപ്പോൾ പാവപ്പെട്ടവനെ അവഗണിച്ചേനെ?! തീർച്ചയായും, പ്രതിരോധ മരുന്ന് പെട്ടെന്ന് കണ്ടുപിടിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണ്. എന്തായാലും, മരുന്നില്ലാത്ത ഒരു അവസ്ഥ പാവപ്പെട്ടവനെയും പണക്കാരനെയും വലിയവനെയും ചെറിയവനെയും ഒരുപോലെ ആക്കുകയും, ഇരുകൂട്ടർക്കും ഏക ആശ്രയം ദൈവം ആകുകയും ചെയ്തു.

ഇന്നത്തെ സുവിശേഷ സന്ദേശം, ‘ദൈവത്തിൽ ആശ്രയിക്കുക’ എന്നതാണ്.

വ്യാഖ്യാനം

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. ജീവിതത്തിലെ ഓരോ സംഭവത്തിലും ഇതുപോലെ ദൈവത്തിന്റെ കരം, പരിപാലന കണ്ടെത്താനും ദൈവത്തിൽ ആശ്രയിക്കുവാനും ജോസഫിനെപ്പോലെ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ!

പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

Last Supper With The Street Children (Update: Joey Velasco Taken Ill) |  Last supper, Street kids, Jesus

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, കിടക്കാനില്ല. മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതി രിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34)

മനുഷ്യജീവിതത്തെ കാമനകൾ എന്നും മനുഷ്യനെ മലിനമാക്കിയിട്ടുണ്ട്. കാമനയെക്കാൾ കടുത്തൊരു വിഷമില്ല. തന്റെ നിക്ഷേപം മുഴുവനും കാമനയ്ക്കായി നൽകാൻ മനുഷ്യന് ഒരു മടിയുമില്ല. ഈശോ ഓർമപ്പെടുത്തുന്നതാകട്ടെ ഇങ്ങനെയാണ്: “ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്”. (ലൂക്ക 12, 30) 1801 ൽ ജനിച്ച, ആഗ്ലിക്കൻ സഭയിൽ ഒരു വൈദികനായി ജീവിച്ച, പിന്നീട് 1845 ൽ കത്തോലിക്ക സഭയിൽ ചേർന്ന, 1879 ൽ കർദിനാളായി ഉയർന്ന ജോൺ ഹെൻറി ന്യൂമാൻ തന്റെ ജീവിതവഴികളെക്കുറിച്ചു പറഞ്ഞിട്ട് കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു:” എങ്ങോട്ടാണെന്ന് ഞാൻ ചോദിക്കുന്നില്ല കർത്താവേ, കാരണം, നീ നയിക്കുന്ന വഴികളൊക്കെ എനിക്ക് നന്മയും ലക്ഷ്യവുമായാണ്”. ഈ ദൈവാശ്രയബോധമാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് നയിച്ചത്.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്ന വർക്കേ ദൈവാശ്രയത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഒരു നായയെക്കുറിച്ചു പറയുന്നുണ്ട്. എന്താണ് ആ നായ ചെയ്യുന്നത്? വഴിയാത്രയിൽ അവൻ മണ്ണിൽ എല്ലു കുഴിച്ചിടും. എന്തിനെന്നോ? തിരിച്ചുവരുമ്പോൾ കഴിക്കുവാൻ വേണ്ടി. “വിശുദ്ധ നഗരത്തിലേക്ക് തീർത്ഥാടകരെ അനുഗമിക്കുന്നതിനിടെ വഴികാണാത്ത മണൽപ്പരപ്പിൽ എല്ലുകൾ കുഴിച്ചിടുന്ന അത്യധികം കരുതലുള്ള നായയ്ക്ക് എന്താണ് സംഭവിക്കുക?” (പ്രവാചകൻ)

Ask A Vet: Why Does My Dog Bury His Stuff?

തീർത്ഥാടകരെ അനുഗമിക്കുന്ന നായ എല്ലുകൾ മണലിൽ ഒളിപ്പിച്ചുവയ്ക്കും. നാളെ അവനതു കണ്ടെത്തുകയില്ലെന്നു അവനറിയുന്നില്ല. കാരണം, തീർത്ഥാടകർ, യാത്രാസംഘം വഴിമാറിപ്പോകും. അവൻ അവർക്കൊപ്പമാണ് പോകുക. സമ്പാദ്യം മുറുകെപ്പിടിച്ചിരിക്കുന്ന, നിക്ഷേപം മുറുകെപ്പിടിച്ചിരിക്കുന്ന എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്. 

സ്നേഹമുള്ളവരേ, എല്ലാറ്റിലും ദൈവപരിപാലന കാണുവാൻ നമുക്കാകട്ടെ. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവാശ്രയത്വത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ.

ഒരിക്കൽ ഒരു തോട്ടക്കാരൻ മറ്റു പല വിത്തുകളോടും കൂടെ ഒരു ഇല്ലി വിത്ത് നട്ടു. കൂടെ നട്ട പല മരങ്ങളും അടുത്ത വർഷം തന്നെ വളർന്നുപൊങ്ങി. മൂന്ന് വർഷമായപ്പോൾ കൂടെ മണ്ണിനടിയിൽ വീണ പല മരങ്ങളും ഫലം കായ്ച്ചു തുടങ്ങി. ഇല്ലി വിത്ത് ഇപ്പോഴും മണ്ണിനടിയിൽ തന്നെ കിടന്നു. അഞ്ചാം വർഷം ഒരു ചെറിയ ഇല്ലി മൊട്ടു മണ്ണിന് വെളിയിൽ വന്നു.

Little Bamboo Shoots' Growing Up Told Us Why Sufferings in Life Are Good

നോക്കി നിൽക്കെ കാണാവുന്ന വേഗത്തിൽ ഇല്ലി വളർന്നു പൊങ്ങി. അഞ്ചാം വർഷത്തിലെ ഓരോ മിനിറ്റിനും മണിക്കൂറിനും വച്ച് ഇല്ലി വളർന്നു. ഒരു ദിവസം മുപ്പത്തൊൻപതു ഇഞ്ചു വരെ അത് വളർന്നു കയറി. ആര് ആഴ്ച്ചകൊണ്ട് ഏകദേശം തൊണ്ണൂറു അടി ഈ ഇല്ലി വളർന്നു. ആ ചെറിയ വിത്ത് വിസ്മയകരമാം വിധത്തിൽ ഉയരത്തിൽ എത്തി. ഇല്ലി തന്റെ ഉദ്യാന പാലകനോട് ചോദിച്ചു: “ആദ്യത്തെ നാല് വർഷങ്ങൾ എനിക്ക് എന്ത് സംഭവിച്ചു? ഞാൻ ഓർത്തു ഇനി ഒരിക്കലും എനിക്ക് മുളക്കാൻ സാധ്യമല്ലെന്ന്.” തോട്ടക്കാരൻ പറഞ്ഞു: “ആദ്യത്തെ നാല് വർഷങ്ങൾ നിന്റെ വേരുകൾ ബലപ്പെടുകയായിരുന്നു. നീ ഭൂമിക്കു ഉള്ളിലേക്ക് വളരുകയായിരുന്നു. കടുത്ത കാറ്റിലും പ്രതികൂലങ്ങളിലും നീ പിടിച്ചു നിൽക്കുവാൻ നിന്റെ വേരുകളാണ് ആദ്യം ശക്തിപ്പെടേണ്ടത്. മറ്റു മരങ്ങൾ ഒരു പരിധിയിൽ കൂടുതൽ വളരാത്തത് അവയുടെ വേരുകൾക്ക് ആഴമില്ലാത്തതുകൊണ്ടാണ്.” ഇല്ലി മരം പറഞ്ഞു: “ഇനി എന്ത്? എന്റെ ഉപയോഗം എന്താണ്?” തോട്ടക്കാരൻ ആ ഇല്ലി മരത്തെ ഒരു കോടാലി കൊണ്ടുവന്നു മുറിക്കുവാൻ തുടങ്ങി. വേദനിച്ചു നിലം പൊത്തിയ ആ ഇല്ലിയെ തോട്ടക്കാരൻ കോടാലികൊണ്ടു കീറി രണ്ടു കഷണമാക്കി. “തന്റെ ജീവിതം അവസാനിച്ചു. ഇനിയും മറ്റൊരു ഭാവി ഇല്ല. ഇതോടുകൂടി ഞാൻ തീർന്നു,” ഇല്ലി വിചാരിച്ചു. എന്നാൽ തോട്ടക്കാരൻ ആ ഇല്ലി കഷണങ്ങൾ കൂട്ടി വച്ച് ഒരു ചാലുണ്ടാക്കി അതിലൂടെ വയലിലേക്ക് വെള്ളം ഒഴുക്കി. നാളുകളായി വിത്തിറക്കാൻ പറ്റാതിരുന്ന ആ വയലിൽ ആ വർഷം കൊയ്ത്തുണ്ടായി. നൂറുമേനി ഫലം കൊയ്ത ആയ കൊയ്ത്തു ദിവസം വലിയ ആഘോഷമായിരുന്നു. വലിയ സമൃദ്ധിയുണ്ടായായി. ആളുകൾ ഒരുമിച്ചു കൂടിയപ്പോൾ ആ തോട്ടക്കാരൻ പറഞ്ഞു: “ഈ കൊയ്ത്തിന്റെ അഭിനന്ദനം അർഹിക്കുന്നത് ഞാനല്ല. എനിക്ക് അസാധ്യമായ കാര്യം ചെയ്യുവാൻ സ്വയം മുറിയപ്പെട്ട ആ ഇല്ലി മരത്തിനാണ് ഈ കൊയ്ത്തിന്റെ എല്ലാ പ്രശംസയും”. നാളുകളായി തന്റെ ജീവിതത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ആ ഇല്ലി മരത്തിനു അന്ന് ഉത്തരം ലഭ്യമായി.

സമാപനം

നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെ പുറകിലും ഒരു ദൈവികോദ്ദേശ്യമുണ്ട്. പല സാഹചര്യങ്ങളിലും നാം പുറകിലാകുമ്പോൾ ഓർത്തു കൊള്ളുക, നമ്മുടെ വൈകലുകളിൽ നമ്മുടെ വേരുകൾ ആഴത്തിൽ ഇറങ്ങുകയാണ്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും.

Bird Symbolism & Meaning (+Totem, Spirit & Omens) | World Birds

നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ഒരു കൊയ്ത്തു നടക്കും. ഇന്ന് നിനക്ക് ആവശ്യം ദൈവാശ്രയമാണ്. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വൈകലുകളും, വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!

4 thoughts on “SUNDAY SERMON LK 12, 22-34”

Leave a comment