SUNDAY SERMON LK 8, 41-56

ലൂക്ക 8, 41b – 56

സന്ദേശം

And Death Pursues me All the Way — Vespers Sermon on Luke 8:41-56

നമ്മുടെ ഭാരതത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രത്യേകിച്ച് ക്രൈസ്തവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച്ച എൻ ഐ എ ജാർഖണ്ഡ് സംസ്ഥാനത്തുനിന്നു ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തതിനെതിരെ നാമെല്ലാവരും പ്രതിഷേധിക്കുകയും, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. നിരക്ഷരരും, ദരിദ്രരുമായവർക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുകയാണ്. അദ്ദേഹത്തിനവിടെ, ഭക്ഷണം കിട്ടുന്നുണ്ടോ, സമയത്തിന് മരുന്ന് ലഭിക്കുന്നുണ്ടോ, ഉറങ്ങാനുള്ള സൗകര്യങ്ങളുണ്ടോ, ചോദ്യം ചെയ്യുമ്പോൾ പോലീസ് ഉപദ്രവിക്കുന്നുണ്ടോ …ഒന്നും നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, ഇന്നത്തെ സുവിശേഷ ഭാഗം ഇതുപോലുള്ള സാഹചര്യങ്ങളെ നാം ക്രൈസ്തവർ എങ്ങനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണണം എന്ന് പറഞ്ഞു തരുന്നുണ്ട്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിനു, ക്രിസ്തുവിനെ, അവയെ മാറ്റിമറിക്കുവാൻ, അതിനെ മനോഹരമാക്കുവാൻ സാധിക്കും എന്നാണ്. സന്ദേശം ഇതാണ്: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.  

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ്. ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ‘ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.’

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്കു സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!

The miracles of Jesus: Jairus and a woman of faith – Front Royal Church of  Christ

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ‘ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി.’ സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്. അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്. ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ് സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്കു ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

മഹാകവി ടാഗോറിന്റെ “ഗീതാഞ്ജലി“യിൽ അദ്ദേഹം പറയുന്നുണ്ട്:  “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

സമാപനം

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധ മാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും.

Jesus Changed My Life (Easter 2020) - Harbour City

ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.  

One thought on “SUNDAY SERMON LK 8, 41-56”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s