sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 1, 46 – 56

സന്ദേശം

കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര രാജ്യത്ത് ജീവിക്കുവാൻ നമുക്ക് അവസരമൊരുക്കിയത്. സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം എന്തെന്ന് പഠിപ്പിച്ച അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാനാകണം നമ്മുടെ യത്നം മുഴുവൻ. മഹാകവി കുമാരനാശാന്റെ “മണിമാല” എന്ന കവിതാസമാഹാരത്തിലെ “ഒരു ഉദ്‌ബോധനം” എന്ന കവിതയിലെ ഒരു ശ്ലോകം കേട്ടിട്ടില്ലേ?

“സ്വാതന്ത്ര്യം തന്നെയമൃതം/ സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്ക്/ മൃതിയേക്കാൾ ഭയാനകം.” സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട് ഈ കവിതാശകലം. സ്വാതന്ത്ര്യത്തിന്റെ മൂല്യം അറിഞ്ഞതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ കൊടുത്തും സ്വാതന്ത്ര്യം നേടാൻ ഇറങ്ങിപ്പുറപ്പെട്ടത്.

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാൽ, ഭാരതം ഇന്ന് യഥാർത്ഥത്തിൽ സ്വാതന്ത്രയാണോ എന്ന് നാമറിയാതെ തന്നെ നമ്മോട് ചോദിച്ചുപോകുകയാണ്. ശ്വാസം മുട്ടിക്കുന്ന അനിശ്ചിതത്വങ്ങളും രാഷ്ട്രീയ ആശങ്കകളും പെരുകുമ്പോൾ, ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറഞ്ഞിട്ടും പെട്രോളിന്റെയും മറ്റും വില കുതിച്ചുയരുമ്പോൾ, ഭരണാധികാരികൾ ജനങ്ങളുടെ ദുഃഖത്തിനും ദുരിതങ്ങൾക്കുമെതിരെ കണ്ണടയ്ക്കുമ്പോൾ, അന്തസ്സോടെയും, ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, കള്ളക്കടത്തിനും,ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും ഭരണാധികാരികൾ കൂട്ട് നിൽക്കുമ്പോൾ, ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുമ്പോൾ, പാർലമെന്റിലും മറ്റും ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, കുടുംബം പുലർത്താൻ വേണ്ടി മീൻ വില്പനയ്ക്കിറങ്ങുന്ന അൽഫോൻസായെപ്പോലുള്ളവർ വേട്ടയാടപ്പെടുമ്പോൾ ഈ നാട്  നമുക്ക് അന്യമായിപ്പോകുന്നോ എന്ന് നാം ഭയപ്പെടുന്നുണ്ടെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യം? വലിയൊരു വൈരുധ്യം നമ്മുടെ നാട് നേരിടുന്നുണ്ട്. എല്ലാത്തരം വിഭാഗീയതയ്ക്കും മുകളിൽ ഭരണഘടനയെയും, നീതിയെയും, ജനങ്ങളുടെ ആവശ്യങ്ങളെയും   പ്രതിഷ്ഠിച്ചില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം ഒരിക്കൽക്കൂടി നമുക്ക് നഷ്ടമാകും. വർഗീയ, വിഭാഗീയ രാഷ്ട്രീയം കളിക്കുന്ന നേതാക്കന്മാരോടുള്ള അന്ധമായ ഭക്തിരാഷ്ട്രീയ ഭക്തി അപകടകരമാണെന്നുകൂടി നാമോർക്കണം. അതുകൊണ്ടു ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ഭാരതത്തിനുവേണ്ടി, ഭരണാധികാരികൾക്കുവേണ്ടി, രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി എല്ലാ ജനങ്ങൾക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ എല്ലാവർക്കും നേരുന്നു.

ഭാരതം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആധ്യാത്മിക സ്വാതന്ത്ര്യത്തിന്റെ ഉത്തമമാതൃകയായി തിരുസ്സഭ പരിശുദ്ധ കന്യകാമറിയത്തെ ഉയർത്തിക്കാട്ടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃകയാണ് പരിശുദ്ധ ‘അമ്മ. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് അകന്നു ജീവിച്ചുകൊണ്ട്, പാരതന്ത്ര്യത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതെ ദൈവ മക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിച്ചവളാണ് പരിശുദ്ധ മറിയം. ജീവിതത്തിന്റെ സന്തോഷങ്ങളിലും, ദുഃഖങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ  ആനന്ദിക്കുന്നു” (ലൂക്ക 1, 46 – 47) എന്ന് പാടിക്കൊണ്ട് ജീവിതം സ്വാതന്ത്ര്യത്തിന്റെ ആഘോഷമാക്കിയവളാണ് പരിശുദ്ധ ‘അമ്മ. അതുകൊണ്ടാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ 1950 ൽ, അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയം, ഈ ലോകത്തിലെ ജീവിതം അവസാനിച്ചപ്പോൾ, ശരീരത്തോടും, ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസസത്യം പ്രഖ്യാപിച്ചുകൊണ്ടും നിർവചിച്ചുകൊണ്ടും അമ്മയെ സ്വർഗാരോപിതയായ മറിയം എന്ന് വിളിച്ചത്.

എന്താണ് സ്വാതന്ത്ര്യം? തോന്നുന്ന പോലെ, എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല സ്വാതന്ത്ര്യമെന്ന് പറയുന്നത്. ആത്മാഭിമാനത്തോടെ ചങ്കൂറ്റത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള ഒരു ക്രിയാത്മക മനോഭാവമാണ് സ്വാതന്ത്ര്യമെന്നത്. എന്നുവച്ചാൽ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ആരുടേയും നിർബന്ധങ്ങളില്ലാതെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാൻ സാധിക്കുക; എന്നിട്ട്, എടുക്കുന്ന തീരുമാനത്തിനനുസരിച്ച് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ജീവിക്കുക.

അങ്ങനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, Antecedent Freedom. ഇത് ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് അവൾ/അവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അതായത്, ആരുടേയും നിർബന്ധങ്ങളില്ലാതെ, ഭീഷണികളില്ലാതെ, പ്രത്യേക വാഗ്ദാനങ്ങളൊന്നുമില്ലാതെ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയാണെങ്കിൽ അതിനെയാണ് തീരുമാനം എടുക്കുന്നതിന് മുൻപുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത്.  

രണ്ടാമത്തേത്, Consequent Freedom. ഒരു തീരുമാനം എടുത്തതിനുശേഷം അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാറ്റിനെയും, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ സ്വീകരിക്കുന്നതിനെയാണ് Consequent Freedom എന്ന് പറയുന്നത്. ഇതിനെ തീരുമാനം എടുത്തതിനുശേഷമുള്ള സ്വാതന്ത്ര്യം എന്ന് പറയും. ഈ രണ്ട് സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവരാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവർ.

പരിശുദ്ധ അമ്മയെ നോക്കൂ…ഈശോയുടെ അമ്മയാകുവാൻ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അമ്മയുടെ മുൻപിൽ വന്നു നിന്നപ്പോൾ ആരുടേയും നിർബന്ധങ്ങളില്ലാതെ, സംശയങ്ങളില്ലാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പരിശുദ്ധ ‘അമ്മ തീരുമാനമെടുക്കുകയാണ്. അമ്മയുടെ സ്വതന്ത്ര മനസ്സിനെയാണ് അത് കാണിക്കുന്നത്. യൗസേപ്പിതാവിന്റെ ഭാര്യയാകുവാൻ, ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ, കാനായിലെ കല്യാണവേളയിൽ ഇല്ലായ്മയുടെ വേളയിൽ ആ കുടുംബത്തിനെ സഹായിക്കുവാൻ – ഈ അവസരങ്ങളിലെല്ലാം ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനുള്ള മനസ്സോടെ സ്വതന്ത്രമായി മറിയം തീരുമാനങ്ങളെടുക്കുകയാണ്. എന്നിട്ട്, എടുത്ത് തീരുമാനങ്ങളുടെ പരിണിതഫലങ്ങളെയും പാർശ്വഫലങ്ങളെയും അവൾ പിറുപിറുപ്പുകൂടാതെ, പരാതികളില്ലാതെ, പരിഭവമൊന്നുമില്ലാതെ നിര മനസ്സോടെ സ്വീകരിക്കുകയാണ്. എല്ലാം പൂവിരിച്ച വഴികളയിരുന്നു എന്നാണോ?  അല്ല. ബുദ്ധിമുട്ടുകളില്ലായിരുന്നു എന്നാണോ? അല്ല. സങ്കടങ്ങളും സംഘർഷങ്ങളും ഇല്ലായിരുന്നു എന്നാണോ? അല്ല. അമ്മയുടെ ഈശോയുടെ അമ്മയാകുവാൻ, യൗസേപ്പിതാവിന്റെ ഭർത്താവുകയാണ് അമ്മയെടുത്ത തീരുമാനങ്ങൾ അവളെ എവിടെയാണ് കൊണ്ട് വന്നെത്തിച്ചത്? കാൽവരിയിൽ! തന്റെ തീരുമാനങ്ങളുടെ ഫലമാണെന്ന് മനസ്സിലാക്കി ‘അമ്മ എല്ലാം സ്വീകരിക്കുകയായിരുന്നു. സ്വതന്ത്ര മനസ്സോടെ ദൈവത്തിന്റെ മുൻപിൽ എടുക്കുന്ന തീരുമാനങ്ങളെ അവൾ ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു”വെന്ന് അവൾക്കു പാടുവാൻ കഴിഞ്ഞത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. എന്തെല്ലാം തീരുമാനങ്ങളാണ് ഓരോ നിമിഷവും നാം എടുക്കുന്നത്! സാധാരണ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങൾ എന്ത് തന്നെയായാലും അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിൽ വരുന്നവയെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത്? വൈദികനാകുവാൻ, സന്യസ്തയാകുവാൻ,സന്യാസിയാകുവാൻ, കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവുമാകുവാൻ, ഓരോ ജോലി സ്വീകരിക്കുവാൻ, എന്താണ്, എവിടെയാണ് പഠിക്കേണ്ടതെന്നു തീരുമാനിക്കുവാൻ …അങ്ങനെ പ്രധാനപ്പെട്ട എന്തെല്ലാം തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എങ്ങനെയാണ് നാം ഈ തീരുമാനങ്ങൾ എടുത്തത്? എങ്ങനെയാണ് നാം ഇവയുടെ പരിണിത പാർശ്വ ഫലങ്ങളെ സ്വീകരിക്കുന്നത്? ഇതിനുള്ള ഉത്തരമായിരിക്കും നാം സ്വാതന്ത്ര്യത്തോടെയാണോ ജീവിക്കുന്നത് എന്നറിയാനുള്ള വഴി!

പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനു ഭവിക്കുന്നവർക്കേ, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യം അനുഭവിക്കുവാനും, മറ്റുള്ളവർക്ക് അത് നൽകാനും കഴിയൂ. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ ആഘോഷിക്കുമ്പോൾ ആധ്യാത്മിക സ്വാതന്ത്ര്യത്തിലേക്കാണ്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന് നമുക്ക് ഓർക്കാം. ആ സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

സ്നേഹമുള്ളവരേ, ആധ്യാത്മിക, രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന നല്ല വ്യക്തികളാലാകുമ്പോഴേ, യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരുവാൻ നമുക്ക് സാധിക്കുകയുള്ളു. ഇന്ന് പക്ഷെ, നമ്മുടെ മത രാഷ്ട്രീയ അധികാരികൾ പോലും ഇത്തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. അതിനാൽ തന്നെ മറ്റുള്ളവർക്ക് അത് നൽകുവാനും അവർക്കു  കഴിയുന്നില്ല. നാം പലവിധ അടിമത്വത്തിലാണ്. മഹാമാരികൾ നൽകുന്ന ബന്ധനങ്ങളേക്കാൾ പതിന്മടങ്ങു് വലുതാണ് ആധ്യാത്മിക, രാഷ്ട്രീയ ബന്ധനങ്ങൾ. നമ്മുടെ, ഒരു രാജ്യത്തിന്റെ ആത്മാവ് തന്നെ ബന്ധനത്തിലാണെങ്കിൽ സ്വാതന്ത്ര്യം എത്ര അകലെയാണ്?!! മഹാനായ ഡോ. ബി.ആർ.അംബേദ്‌കർ പറഞ്ഞപോലെ, ” നമുക്ക് ചുറ്റും ഇപ്പോഴും ഇരുട്ട്  മാത്രം.സങ്കടത്തിന്റെ ഒരു പെരുംകടൽ. നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം. നമ്മുടെ പാത നാം തന്നെ നിർമിക്കണം. വിജയത്തിലേക്കുള്ള നമ്മുടെ സഞ്ചാരം ആ പാതയിലൂടെ തന്നെ ആയിരിക്കും. സ്വാതന്ത്ര്യം നിറഞ്ഞ ഒരു ലോകം നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.”

74th Independence Day: Here Are The Key Events From India's Freedom Struggle

അതെ, പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനുഭവിക്കുന്ന, അതുവഴി രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നവരായി മാറുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൽ നമുക്ക് വിശ്വസിക്കാം.

എല്ലാവർക്കും  ഒരിക്കൽക്കൂടി, മാതാവിന്റെ സ്വർഗാരോപണത്തിരുനാളിന്റെയും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങൾ!

2 thoughts on “sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s