Sunday Sermon – John 21, 1-14

യോഹ 21,1-14

സന്ദേശം

Image result for images of Jesus at Tiberius sea

തിബേരിയോസ് കടല്‍ത്തീരത്തിന്റെ പാശ്ചാത്തലത്തില്‍ ഈശോ വിളമ്പുന്ന ഇന്നത്തെ ദൈവവചനത്തിന്റെ സന്ദേശം, “തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്” എന്നാണ്. ഈ ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്. ഫലമോ, പരാജയം നിറഞ്ഞ, സ്വസ്ഥതയില്ലാത്ത, സമൃദ്ധിനല്‍കാത്ത ജീവിതസാഹചര്യങ്ങളും, നിരാശയും. ദൈവത്തിന്റെ വചനം ചോദിക്കുന്നു: “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനു അദ്ധ്വാനിക്കുന്നു?” (ഏശയ്യ 55,2) ഈശോ പറയുന്നു: ‘നശ്വരമായ, നൈമിഷികമായ അപ്പങ്ങള്‍ക്കുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ നന്മയുടെ, സന്തോഷത്തിന്റെ, സംതൃപ്തിയുടെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.’ (യോഹ 6,27) തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്!

വ്യാഖ്യാനം

തിബേരിയോസ് കടല്‍ത്തീരത്തിന്റെ ഈ എപ്പിസോടിനു മുന്‍പുള്ള എപ്പിസോടുകളില്‍ ഉത്ഥിതനായ ഈശോ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടിട്ടും, അവിടുത്തോടോത്ത് ഒരുമിച്ച് ഭക്ഷിച്ചിട്ടും ഉത്ഥിതന്റെ മധുരമൊഴികള്‍ കേട്ടിട്ടും ശിഷ്യരുടെ പ്രലോഭനം ലൌകികമായ, സാധാരണ ജീവിതത്തിലേക്ക് ഇറങ്ങുവാനാണ്. ഉത്ഥാനാനുഭവം നല്‍കുന്ന കടമകളിലേക്ക് ജീവിതത്തെ ഉയര്‍ത്തുവാന്‍, ജീവിതത്തെ motivate ചെയ്യുവാന്‍ ശിഷ്യര്‍ക്ക് സാധിക്കുന്നില്ല. ദൈവാനുഭവം, ദൈവത്തിന്റെ വചനം നല്‍കുന്ന പ്രചോദനം നമ്മുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിക്കുമ്പോള്‍ നാം ദൈവിക ചൈതന്യത്തിലേക്ക്‌ motivated ആകും.

ഈ ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെക്കുറിച്ച് ബോധവാന്മാരാകാന്‍ കഴിവില്ലാതിരുന്ന ശിഷ്യര്‍ മീന്‍പിടിക്കുവാന്‍ പോകുകയാണ്. മീന്‍പിടുത്തം മറ്റേതൊരു ജോലിയുംപോലെ മഹത്വമേറിയതാണ്. പക്ഷേ, ഇവിടെ മീന്‍പിടുത്തം പ്രതീകാത്മകമാണ്. എന്റെ ജീവിതത്തിലെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം. കലക്ടര്‍ പദവിയിലിരിക്കുന്ന ഞാന്‍ ആ ജോലിചെയ്യാതെ വാര്‍ക്കപ്പണിക്ക് പോകുന്നപോലെ; വൈദികനായ ഞാന്‍ ആ ജോലി ചെയ്യാതെ real estate പണിക്കു പോകുന്നപോലെ. ജോലി അറിയാമെങ്കിലും, ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം.

ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികള്‍ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുമ്പോള്‍ നീ എത്ര വിദഗ്ധനായാലും ഫലം ലഭിച്ചെന്നു വരില്ല; ദൈവത്തിന്റെ കൃപാവരത്തിന്റെ സമൃദ്ധി അനുഭവിക്കുവാന്‍ സാധിച്ചെന്നുവരില്ല. വെള്ളത്തിന്റെ നിശ്ചലതകണ്ട്, വെള്ളത്തിന്റെ അനക്കംകണ്ട് കടലിന്റെ സ്വഭാവം തിട്ടപ്പെടുത്തുവാന്‍ അറിയാമായിരുന്ന പത്രോസുണ്ടായിട്ടും, നോക്കൂ… വചനം പറയുന്നു: ആ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. (യോഹ 14, 3) ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍, ദൈവത്തിന്റെ വിളിയനുസരിച്ചു ജീവിക്കുവാന്‍ തയ്യാറല്ലെങ്കില്‍, നിന്റെ ജീവിതാന്തസ്സിനടുത്ത കടമകള്‍ ചെയ്യാതെ നിസ്സാരമായ കാര്യങ്ങളില്‍ മുഴുകി ജീവിതം നഷ്ടപ്പെടുത്തുകയാണെങ്കില്‍, ഓര്‍ക്കുക, എത്ര അധ്വാനിച്ചാലും ഒന്നും കിട്ടുകയില്ല.

വിശുദ്ധ പൗലോസ്‌ അത് മനസ്സിലാക്കിയിരുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ അനുഭവിചറിഞ്ഞ പൗലോസ്‌ പിന്നെ നിസ്സരമായതിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നില്ല. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചാലുണ്ടാകുന്ന വലിയ വിപത്തിനെക്കുറിച്ച് മനസ്സിലായ കോളെജ് പ്രൊഫസര്‍ ഫ്രാന്‍സിസ് സേവ്യര്‍, ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ജീവിക്കുവാന്‍ ബൈബിളും കുരിശുമായി ഇറങ്ങുകയാണ്. പിന്നെ, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നവരെത്തേടി അവര്‍ യാത്രചെയ്യുകയാണ്. കുടുംബജീവിതത്തിന്റെ കടമകള്‍ നിര്‍വഹിക്കാതെ, മദ്യപിച്ചും, മറ്റു ദുശീലങ്ങള്‍ക്ക് അടിമപ്പെട്ടും ജീവിച്ച ഒരു വ്യക്തി ഒരുനാള്‍ ധ്യാനത്തിന് പോകുന്നു. അവിടെവച്ച് ഈശോ അവനെ സ്പര്‍ശിക്കുന്നു. തിരിച്ചെത്തുന്ന അയാള്‍ പിറ്റേദിവസം രാവിലെ പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകുന്ന കണ്ടു ആളുകള്‍ ചോദിക്കുന്നു: എന്തുപറ്റി ഇയാള്‍ക്ക്? ജീവിതത്തില്‍ നഷ്ടപ്പെടുത്തിയ വഴികളെ അയാള്‍ തിരിച്ചുപിടിക്കുകയാണ്‌.

ക്രിസ്തുമതത്തിന്റെ മനോഹാരിത, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന മനുഷ്യനെത്തേടി വരുന്ന ഒരു ദൈവം അവള്‍ക്ക്, അവന് ഉണ്ട് എന്നുള്ളതാണ്. അതാണ്‌ ഈ എപ്പിസോടിന്റെ ബാക്കിഭാഗം. നീ നിന്റെ ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, നീ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് നിന്നെ രക്ഷിക്കാന്‍, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ നിന്നെ രക്ഷിക്കാന്‍ മകളേ, മകനേ, നിന്റെ ജീവിതത്തിന്റെ തീരത്ത് നിനക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവം, ഈശോ നിനക്കുണ്ട്‌ എന്ന് മനസ്സിലാക്കുക. ഒന്നിനുശേഷം മറ്റൊന്ന് എന്ന രീതിയില്‍ ജോലിയോ, ബിസ്സിനസ്സോ ചെയത് നോക്കിയിട്ടും എങ്ങും എത്തുന്നില്ലല്ലോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഓര്‍ക്കുക, നിന്റെ ദൈവം നിന്റെ അരികില്‍ എത്തി ചോദിക്കും: മകളെ, മകനെ, ഒന്നും കിട്ടുന്നില്ലേ? ആ ദൈവം എന്നും വിശുദ്ധ കുര്‍ബാനയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നും നീ അറിയുക.

പഴയനിയമത്തില്‍ യോനായുടെ പുസ്തകത്തില്‍ ഒരുലക്ഷത്തിയിരുപതിനായിരത്തില്‍പരം നിനെവേക്കാരെക്കുറിച്ച് ദൈവം പറയുന്നതിങ്ങനെയാണ്: ഇടതേത്, വലതേത് എന്ന് തിരിച്ചരിയാത്ത ജനം. (യോന 4, 11) ഇത് കേരള രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതല്ല. മനുഷ്യന്റെ ബാലഹീനാവസ്തയെക്കുറിച്ച് പറഞ്ഞതാണ്.   ഇടതേത്, വലതേത് എന്ന് തിരിച്ചരിയാന്‍ കഴിയാത്ത നമുക്കുവേണ്ടി, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന നമുക്കുവേണ്ടി എന്നും പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവമാണ് സ്നേഹമുള്ളവരെ, വിശുദ്ധ കുര്‍ബാനയിലുള്ളത് എന്ന ചിന്ത നമുക്ക് പ്രചോദനം നല്‍കട്ടെ.  ദൈവകൃപ നിറഞ്ഞ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ ഈ ഞായറാഴ്ച, ദൈവത്തിന്റെ വചനം നമ്മെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ചിന്തയില്‍, സംസാരത്തില്‍, ബന്ധങ്ങളില്‍, മറ്റുള്ളവരോടുള്ള മനോഭാവങ്ങളില്‍ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്ന് വിചിന്തനം ചെയ്യാം. നിസ്സാരങ്ങളായ സ്വാര്‍ത്ഥതയ്ക്കുവേണ്ടി, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടി, അതുവഴി നിസ്സാരമായ ജയം നേടാന്‍വേണ്ടി ദൈവം നല്‍കിയ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്നും ചിന്തിക്കാം.

സമാപനം

തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്താതെ ജീവിതം നേടിയെടുക്കാന്‍, ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, ഞാന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് എന്നെ രക്ഷിക്കാന്‍, ഈശോ വരും എന്ന് വിശ്വസിച്ചുകൊണ്ടു ജീവിക്കാന്‍, ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

ഏകൻ 

ഏകൻ 

നിറനെഞ്ചിലെ  
ഉതിർ മഞ്ഞു കണക്കെ വെളുത്ത
നിന്‍ നിറവാത് സ ല്യം
അമൃതായ്‌ ഒഴുക്കിയിട്ടും
Image result for images of peter denying Jesus
ദുരയുടെ
മേളക്കൊഴുപ്പിൽ 
ദൂരക്കാഴ്ച്ച മറഞ്ഞാ,രാവിൽ
നീ ഒറ്റയ്ക്കായിരുന്നു.

ഞാനോ,
നെരിപ്പോടിന്നിളംചൂടിൽ  
അഗ്നിയെ
തള്ളി പ്പറഞ്ഞു.

Agniyay abhishekamay May 17 2019

Error
This video doesn’t exist