SUNDAY SERMON JN 21, 15-19

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹന്നാൻ 21, 15-19

സന്ദേശം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്.  “യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച് പരോപകാരപ്രവർത്തികളും ചെയ്ത് ജീവിച്ചാൽ നല്ലൊരു ക്രൈസ്തവയായി, ക്രൈസ്തവനായി എന്നാണ്. എന്നാൽ, ഇന്നത്തെ സുവിശേഷഭാഗം നമ്മെ ക്രൈസ്തവ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ മനസ്സിലാക്കിത്തരികയാണ്. എന്താണ് ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ ലക്‌ഷ്യം? ക്രിസ്തുവിന്റെ, വ്യവസ്ഥകളില്ലാത്ത, ത്യാഗംനിറഞ്ഞ സ്നേഹത്തിൽ പങ്കുകാരായിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഒരു ജീവിതം. ഈ ലക്ഷ്യത്തിലേക്കുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം                

ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങൾകൊണ്ട് (Apparitions) സമ്പന്നമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അദ്ധ്യായം 20 തും അദ്ധ്യായം 21 ഉം. എ. ഡി 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അവസാനത്തെ അദ്ധ്യായം, അദ്ധ്യായം 21, പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചില പണ്ഡിതന്മാർ തെളിവുകളോടെ അവകാശപ്പെടുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തോട് ചേർന്നുപോകുന്ന അദ്ധ്യായം തന്നെയാണിത്. അദ്ധ്യായം 20 ൽ ശൂന്യമായ കല്ലറ, യേശു മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്നു, ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു, തോമസിന് പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെ വിശദമായി യേശുവിന്റെ പ്രത്യക്ഷീകരണങ്ങൾ വിവരിച്ചശേഷം, വാക്യം 30 ൽ യോഹന്നാൻ ശ്ലീഹ, ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വിശ്വസിക്കേണ്ടതിനും, അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്എന്ന് പറഞ്ഞിട്ട് സുവിശേഷം അവസാനിപ്പിച്ചെങ്കിലും, ഇതിനുശേഷം” എന്ന് പറഞ്ഞ് അദ്ദേഹം സുവിശേഷം തുടരുകയാണ്. ശൈലികൾകൊണ്ടും, ഭാഷയുടെ പ്രയോഗങ്ങൾകൊണ്ടും അധ്യായം 21, വിശുദ്ധ യോഹന്നാൻ തന്നെ എഴുതിയതാകുവാനാണ് സാധ്യത! അധ്യായം 21 ലെ തിബേരിയസ് കടൽത്തീരത്തെ അത്ഭുതകരമായ മീൻപിടുത്തത്തിന് ശേഷം ശിഷ്യന്മാർക്ക് പ്രാതൽ നല്കിക്കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷഭാഗം സംഭവിക്കുന്നത്. 

വിശുദ്ധ പത്രോസിനെ അജപാലകനായി, സഭയുടെ പാപ്പായായി ഈശോ നേരിട്ട് നിയമിക്കുന്ന ഭാഗമാണിതെന്നും, അല്ലാ, തന്റെ പീഡാസഹനവേളയിൽ മൂന്ന് പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെക്കൊണ്ട് മൂന്ന് പ്രാവശ്യം ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ഏറ്റുപറയിക്കുന്ന ഭാഗമാണിതെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളുടെയും സാധുതയെ എതിർക്കുന്നില്ലെങ്കിലും, എന്റെ പഠനത്തിന്റെ, ധ്യാനത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത്, സുവിശേഷഭാഗം ക്രിസ്തുശിഷ്യ സ്നേഹബന്ധത്തിന്റെ, ദൈവമനുഷ്യ ബന്ധത്തിന്റെ, ഭൂമിയിൽ ഓരോ ക്രൈസ്തവനും എത്തിച്ചേരേണ്ട അവസ്ഥയുടെ, അനുഭവത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണെന്നാണ്.

ഈശോ മൂന്നുപ്രാവശ്യം പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന്. ബൈബിളിൽ മൂന്ന് എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യവും, അർത്ഥവും പറഞ്ഞ് ഈ ആവർത്തനത്തെ സാധൂകരിക്കാമെങ്കിലും, പ്രത്യക്ഷത്തിൽ, ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ചോദിക്കുന്നത് മാന്യമായ രീതിയല്ല. പ്രത്യേകിച്ച് സ്നേഹത്തിന്റെയൊക്കെ കാര്യത്തിൽ. ഒരു പ്രാവശ്യം ചോദിച്ചാൽ മതി. ഉത്തരം പറയേണ്ട വ്യക്തി YES എന്നോ NO എന്നോ പറഞ്ഞാൽ കാര്യം കഴിഞ്ഞു. എന്തിനാണിങ്ങനെ മൂന്ന് പ്രാവശ്യം? ഈശോയുടെയും പത്രോസിന്റെയും കാര്യത്തിൽ, ഈശോയ്ക്ക് മൂന്നുപ്രാവശ്യം ചോദിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി!

ഈശോ ഈ ഭൂമിയിൽ അവതരിച്ചതും, ദൈവരാജ്യം പ്രസംഗിച്ചതും, പീഡകൾ സഹിച്ചു മരിച്ചതും, മൂന്നാം നാൾ ഉത്ഥിതനായതും പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനായിരുന്നു, അനുരഞ്ജ്ജനത്തിലേക്ക് നയിക്കുവാനായിരുന്നു. ലൗകികമായ ഒരു നേട്ടവും, സ്വാർത്ഥപരമായ യാതൊരു ലക്ഷ്യവും ഈശോയുടെ വരവിന് പിന്നിൽ ഇല്ലായിരുന്നു. ലക്‌ഷ്യം ഒന്നുമാത്രം – പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി അനുരഞ്ജ്ജിപ്പിക്കുക! ദൈവവുമായുള്ള സ്നേഹത്തിലേക്ക്, ഒന്നാകലിലേക്ക് ക്ഷണിക്കുകയാണ് ഈശോ പത്രോസിനെ, ഇന്നത്തെ സുവിശേഷത്തിലൂടെ.

എന്താണ് ഈശോ ചോദിക്കുന്നത്? പത്രോസ്, നീ എന്നെ സ്നേഹിക്കുന്നുവോ?” പത്രോസിന്റെ ഉത്തരം: ഞാൻ നിന്നെ സ്നേഹിക്കുന്നു.” വെറുമൊരു സാധാരണ സ്നേഹത്തെപ്പറ്റിയല്ല ഈശോ ഇവിടെ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ സുവിശേഷം രചിച്ചത് ഗ്രീക്ക് ഭാഷയിലാണ്. വിശുദ്ധ യോഹന്നാന്റെ ഗ്രീക്ക് ഭാഷയിൽ എഴുതിയ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ പ്രത്യേകത അറിയുമ്പോൾ ഈ വചനഭാഗത്തിന്റെ പ്രകാശം, അർത്ഥം നമുക്ക് ലഭിക്കും. 

ഗ്രീക്ക് ഭാഷയിൽ, ഗ്രീക്ക് സാഹിത്യത്തിൽ സ്നേഹത്തിന് 8 വാക്കുകളുണ്ട്. 1. ഇറോസ് (Eros) ശാരീരിക, ലൈംഗിക സ്നേഹമാണിത്. ഇതിൽ ആഗ്രഹമുണ്ട്, അഭിലാഷമുണ്ട്, വികാരമുണ്ട്. 2. ഫീലിയ (Phiia) ബന്ധങ്ങളുടെ, പ്രത്യേകിച്ച് സൗഹൃദ ബന്ധങ്ങളുടെ സ്നേഹം. ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ ഇവിടെയുണ്ടാകും. 3. അഗാപ്പെ (Agape) നിബന്ധനകളില്ലാത്ത, സ്വാർത്ഥതയില്ലാത്ത, ത്യാഗം മാത്രമുള്ള സ്നേഹം. ദൈവത്തിന്റെ സ്നേഹം ഇങ്ങനെയാണ്. 4 സ്റ്റോർഗെ (Storge) കുടുംബബന്ധങ്ങളിലെ സ്നേഹം. 5. മാനിയ (Mania) ഭ്രാന്തമായ സ്നേഹമാണിത്. സ്വാർത്ഥത നിറഞ്ഞ സ്നേഹം. 6. ലൂഡസ് (Ludus) വെറും തമാശയ്ക്ക് എന്ന മട്ടിലുള്ള സ്നേഹമാണിത്. 7. പ്രഗ്മ (Pragma) പ്രായോഗിക സ്നേഹം, ജോലിസ്ഥലങ്ങളിലെ, സംഘടനകളിലെ സ്നേഹങ്ങൾ. 8 ഫിലൗതിയ (Philautia) സ്വയം സ്നേഹിക്കുന്ന അവസ്ഥ (Narcissism). ഇങ്ങനെ 8 തരത്തിലുള്ള സ്‌നേഹഭാവങ്ങൾക്ക് 8 വാക്കുകളാണ് ഗ്രീക്ക് ഭാഷയിലുള്ളത്.

ഇതിൽ പത്രോസേ നീയെന്നെ സ്നേഹിക്കുന്നുവോ? എന്ന് ഈശോ ചോദിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്നത് അഗാപ്പെ എന്ന വാക്കാണ്. അതായത് വ്യവസ്ഥകളില്ലാത്ത, നിബന്ധനകളില്ലാത്ത, ത്യാഗം നിറഞ്ഞ ഭാവത്തോടെ നീ എന്നെ സ്നേഹിക്കുന്നുവോ പത്രോസേ എന്നാണ് ഈശോ ചോദിക്കുന്നത്. മറ്റൊരുവാക്കിൽ, ദൈവവുമായി ഒന്നായിത്തീരുന്ന, ഇനി ഞാനല്ല ദൈവം എന്നിൽ വസിക്കുന്നു എന്ന സ്നേഹത്തിലേക്കാണ് ഈശോ പത്രോസിനെ ക്ഷണിക്കുന്നത്. ഈശോ ചോദിക്കുന്നത്, Are you in prayer with me? എന്നാണ്.

പത്രോസിനാകട്ടെ ഈശോയുടെ മനസ്സ് വായിച്ചെടുക്കുവാനായില്ല. അദ്ദേഹം പറഞ്ഞു: “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ.” ഇവിടെ അദ്ദേഹം സ്നേഹം എന്നതിന് ഫിലിയ (Philia) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ദൈവിക, സ്വർഗീയ ബന്ധത്തിനായി ഈശോ പത്രോസിനെ ക്ഷണിക്കുമ്പോൾ, പത്രോസ് വെറും സൗഹൃദ ബന്ധത്തിലേക്ക്, പിരിമുറുക്കങ്ങളും, സ്വാർത്ഥതാത്പര്യങ്ങളും നിറഞ്ഞ സാധാരണ ബന്ധങ്ങളിലേക്ക് തന്നെത്തന്നെ താഴ്ത്തുകയാണ്. ത്യാഗം നിറഞ്ഞ പുണ്യം നിറഞ്ഞ ദൈവികമായ സ്നേഹത്തിലേക്ക് നമ്മെ ഉയർത്തുവാനാണ് ഈശോ ശ്രമിക്കുന്നത്. പക്ഷെ നാം സ്വാർത്ഥത നിറഞ്ഞ വെറും ലൗകികമായ സ്നേഹത്തിലേക്ക് വീണുപോകുകയാണ്.

എന്നാലും ഈശോ നിരാശനാകുന്നില്ല. അവിടുന്ന് വീണ്ടും ശ്രമിക്കുകയാണ്. കാരണം ഒരിക്കലും അസ്തമിക്കാത്ത, എന്നും പുതിയതായി സ്നേഹമാണല്ലോ അവിടുന്ന്!!! ഈശോ വീണ്ടും ചോദിച്ചു: “യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” ഇവിടെയും ഈശോ അഗാപ്പെ, വ്യവസ്ഥകളില്ലാത്ത, നിബന്ധനങ്ങളില്ലാത്ത, നിർബന്ധങ്ങളില്ലാത്ത സ്നേഹമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പത്രോസിനുണ്ടോ അത് മനസ്സിലാകുന്നുള്ളു!! അദ്ദേഹം ഫിലിയ ഉപയോഗിച്ചുകൊണ്ടാണ് ഉത്തരം കൊടുക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ നിസ്സഹായാവസ്ഥയാണിത്. സ്വർഗം ഭൂമിയിൽ വന്നിട്ടും മനസ്സിലാക്കുവാൻ മനുഷ്യന് പറ്റുന്നില്ലല്ലോ. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ സ്നേഹം അനുഗ്രഹങ്ങളായി, അനുഗ്രഹങ്ങളുടെ മഴയായി നമ്മുടെ ജീവിതത്തിലൂടെ കുത്തിയൊഴുകിയിട്ടും നമുക്കത് മനസ്സിലാക്കുവാൻ കഴിയുന്നില്ലല്ലോ. മനുഷ്യന്റെ നിർഭാഗ്യമാണത്.

മനുഷ്യനെപ്പോഴും അങ്ങനെയാണ്. ഇടവകദേവാലയത്തിലെ തിരുനാളുകൾ നാം ആഘോഷമായി നടത്തും. ആ ആഘോഷങ്ങളിൽ എല്ലാവരും സന്തോഷത്തോടെ പങ്കെടുക്കും. എന്നാൽ, ഒരു വർഷം മുഴുവനും ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും, ക്രിസ്തുവിനോട് ചേർന്നുള്ള ഒരു ജീവിതം നയിക്കാനും നാം മറന്നുപോകും. രാജ്യത്തെ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നെന്ന് വിചാരിക്കുക. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ട് കഴിയുമ്പോൾ, പ്രധാനമന്ത്രി നിങ്ങളോട് പറയുന്നു: “നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള എന്തെങ്കിലും ചോദിച്ചുകൊള്ളുക.” അപ്പോൾ നിങ്ങളാകെ അങ്കലാപ്പിലാകും. എന്നിട്ട് അവസാനം, “എനിക്ക് ഒരു ലിറ്റർ പെട്രോൾ മതി” എന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. പെട്രോളിന് വലിയ വിലയാണ്. എന്നാൽ എന്തുകൊണ്ട് ഒരു ലിറ്റർ? പ്രധനമന്ത്രിയോട് ചോദിക്കുമ്പോൾ അതുക്കുംമേലെയുള്ള കാര്യങ്ങൾ ചോദിക്കേണ്ടേ? ജീവിതത്തിന്റെ ശരിയായ ലക്ഷ്യങ്ങൾ നാം പലപ്പോഴും മറക്കും. അവസരങ്ങൾ നാം നന്നായി ഉപയോഗിക്കുകയില്ല. 

ഞങ്ങൾ വൈദികർ, സന്യസ്തർ, ജീവിതം മുഴുവനും ക്രിസ്തുവിനായി സമർപ്പിച്ച്, ക്രിസ്തുവുമായി ഒന്നായിത്തീരുന്ന ഉന്നതമായ ഒരു ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്. ഈശോ ഞങ്ങളെ പ്രത്യേകം ക്ഷണിക്കുന്നതും ഈശോയോടൊത്തുള്ള ഈ ഉന്നത ജീവിതത്തിനാണ്. ഞങ്ങളാകട്ടെ, ജീവിതം മുഴുവനും സാമൂഹ്യസേവനം ചെയ്തും, പ്രേഷിതപ്രവർത്തനം ചെയ്തും, സ്കൂളുകളും, കോളേജുകളും, ആശുപത്രികളും നടത്തിയും, ഇല്ലാത്ത തിരക്കുകളുമായി കറങ്ങി നടന്നും, ജീവിതം അങ്ങ് അവസാനിപ്പിക്കും. ഉന്നതമായ ലക്ഷ്യം മാത്രം അങ്ങ് മറക്കും! എന്തൊരു കഷ്ടം അല്ലേ?

എന്നാൽ, മനുഷ്യന്റെ ബലഹീനത അറിയുന്ന ഈശോ, മൂന്നാമത്തെ പ്രാവശ്യം പത്രോസിന്റെ തലത്തിലേക്ക് ഇറങ്ങി വരികയാണ്. അവിടുന്ന് മൂന്നാം പ്രാവശ്യം യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിക്കുമ്പോൾ ഫിലിയ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പത്രോസ് ഇതൊന്നും അറിയുന്നില്ലല്ലോ. ദൈവം തന്റെ നിലയിലേക്ക് താഴ്‌ന്നു വന്ന് തന്നെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. അല്പം അസ്വസ്ഥനായിട്ട് തന്നെ, പത്രോസ് തന്റെ പതിവ് പല്ലവി പാടുകയാണ്. ഉത്ഥിതൻ ഒട്ടും നിരാശനാകുന്നില്ല. അവിടുന്ന് പത്രോസിന്റെ ഭാവി വെളിപ്പെടുത്തുകയാണ്. പത്രോസിനത് എത്രത്തോളം മനസ്സിലായോ എന്തോ. അദ്ദേഹം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. ആടുകളെ മേയിച്ചുകൊണ്ട്, വചനം പ്രഘോഷിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തനത്തിലൂടെ, പ്രേഷിതപ്രവർത്തനത്തിലൂടെ, ഹൃദയം ക്രിസ്തുവിനായി ഒരുക്കുവാൻ ഈശോ പത്രോസിനെ ക്ഷണിക്കുകയാണ്. ഈശോ പത്രോസിനായി കാത്തിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഇന്ന് ഉത്ഥിതനായ ഈശോ ഓരോ വിശുദ്ധ കുർബാനയിലും പ്രാതലൊരുക്കി നമുക്കായി കാത്തിരിക്കുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും അവിടുന്ന് ചോദിക്കുന്നുണ്ട്: മകളേ, മകനേ നീയെന്നെ സ്നേഹിക്കുന്നുണ്ടോ?  “- നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” ഈശോ ചോദിക്കുന്നത്, വ്യവസ്ഥകളില്ലാത്ത, ത്യാഗം നിറഞ്ഞ, സ്‌നേഹം മാത്രമുള്ള ഹൃദയവുമായി നീ എന്നിലേക്ക് വരുന്നോ എന്നാണ്. ഈ ക്ഷണത്തിന്റെ അർത്ഥം, പ്രസക്തി, ചൈതന്യം പത്രോസിനെന്നപോലെ നമുക്കും മനസ്സിലാകുന്നില്ല. എന്നാൽ, സഭാചരിത്രത്തിൽ വിശുദ്ധരെന്ന് തിരുസ്സഭ നാമകരണം ചെയ്തിട്ടുള്ള ധാരാളം ക്രൈസ്തവർ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് അതിന്റെ അർത്ഥം മനസ്സിലാക്കി ഉത്തരം പറഞ്ഞവരാണ്.  മാത്രമല്ല, ധാരാളം വിശുദ്ധരായ ക്രൈസ്തവർ അവരുടെ കുടുംബ ജീവിത സാഹചര്യങ്ങളിൽ, വൈദിക സന്യസ്ത ജീവിത ഇടങ്ങളിൽ, പ്രേഷിത മേഖലകളിൽ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് ഉത്തരം നൽകുന്നുണ്ട്. അവരെ ഭാഗ്യം നിറഞ്ഞവർ എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.

നമ്മളോ? നാം നമ്മുടെ ഭാഗ്യം തട്ടിക്കളയുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും ദൈവം തന്നെത്തന്നെ നമുക്കായി നൽകുവാൻ ആഗ്രഹിക്കുമ്പോൾ, നാമോ നിസ്സാരമായവയ്ക്കു പിന്നാലെ ഓടുകയാണ്. നമ്മുടെ ഐതിഹ്യങ്ങളിലെ ആളുകളെപ്പറ്റി കേട്ടിട്ടില്ലേ? ദൈവം ചോദിക്കുന്നു, നിനക്ക് എന്ത് വരമാണ് വേണ്ടത്? ജ്ഞാനമോ, സ്വർണമോ, അതോ നീ തൊടുന്നവരെല്ലാം, തൊടുന്നവയെല്ലാം ഭസ്മമായിപ്പോകുന്ന വരമോ? അതാ, അയാൾ അല്പമൊന്ന് ആലോചിച്ചിട്ട് പറയുന്നു, എനിക്ക് മൂന്നാമത്തെ വരം മതിയെന്ന്!!! ഇതാണ് നാം.

ഈശോ ചോദിക്കുന്നു?  “നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ”? അഗപ്പേയാണ് ഈശോ ആവശ്യപ്പെടുന്നത്. നാം നിസ്സാരമായവയുടെ പിന്നാലെ ഓടുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കത്തോലിക്കാ സന്യാസിയും, എഴുത്തുകാരനുമായിരുന്ന തോമസ് മെർട്ടൻ (Thomas Merton) പറയുന്നതിങ്ങനെയാണ്: “മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം, തീർത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്.” നമ്മെത്തന്നെ വരിഞ്ഞുമുറുക്കി കൊല്ലാൻ കെല്പുള്ളവയോടാണ് നമുക്ക് താത്പര്യം.  റഷ്യയുടെ പുടിൻ അയൽരാജ്യമായ യുക്രയിനുവേണ്ടി ഓടുകയാണ്. ഇസ്രായേലാകട്ടെ പലസ്തീനിന്റെ പുറകെയും! ഉത്തരകൊറിയ ആകട്ടെ നശീകരണ ആയുധങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇങ്ങു ഭാരതത്തിലാകട്ടെ നൂറിലധികം രാഷ്ട്രീയപാർട്ടികളുണ്ട്. അവയോരോന്നും അവരുടെ മാത്രം ഭാരതം നിർമിക്കുന്ന തിരക്കിലാണ്. പാർട്ടികളേക്കാൾ കൂടുതൽ മതങ്ങളുണ്ട്. അവരും ശരിയായ ലക്‌ഷ്യം മറന്ന് സ്വന്തം രാഷ്ട്രം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. നമ്മളോ, ക്രിസ്തുവിന് കുപ്പായം തയ്പ്പിക്കുവാനുള്ള തിരക്കിലാണ്. ബട്ടൺ എവിടെ വേണം? മുന്പിലോ പിൻപിലോ? കുപ്പായത്തിന്റെ കളർ എന്തായിരിക്കണം, കുപ്പായത്തിന് എത്ര പോക്കറ്റ് വേണം……അങ്ങനെയങ്ങനെയങ്ങനെ…. ദൈവങ്ങളെ സംരക്ഷിക്കുവാൻ ബുള്ളറ്റ് പ്രൂഫ് (Bullet proof) ചില്ലുകൂട് പണിയുന്നവരാണല്ലോ നമ്മൾ!!

സമാപനം

“ഇവരേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യത്തിന് എന്ത് ഉത്തരം നിങ്ങൾ കൊടുക്കും എന്റെ സഹോദരീ സഹോദരന്മാരെ? ഈ ചോദ്യം ഈശോ ലോകത്തുള്ള എല്ലാവരോടും, ലോകത്തുള്ള 840 കോടി ജനങ്ങളോടും ചോദിക്കുന്നുണ്ട്. നാം ഉത്തരം പറയാതെ, പറയുന്നുണ്ടെങ്കിൽ നമ്മുടെ ഇഷ്ടമനുസരിച്ചുള്ള ഉത്തരം പറഞ്ഞ് ജീവിക്കുന്നവരാണെങ്കിൽ നാം മാസ്‌ക് ധരിക്കുന്ന ക്രൈസ്തവരാണ്. കോവിഡിനെതിരെ വച്ച  മസ്കല്ല. പൊയ്മുഖങ്ങൾ!!! ഈശോ എപ്പോഴും ആഗ്രഹിക്കുന്നത് ദൈവവുമായി അകന്നുനിൽക്കുന്ന ക്രൈസ്തവജീവിതമല്ല, ദൈവത്തോടൊത്തു നിൽക്കുന്ന ക്രൈസ്തവജീവിതങ്ങളെയാണ്. ദൈവത്തിന്റെ സ്നേഹത്തിൽ ഒന്നായി നിന്നുകൊണ്ട് ക്രിസ്തു കാണുന്നപോലെ കാണാനും, ക്രിസ്തു കേൾക്കുന്ന പോലെ കേൾക്കാനും, ക്രിസ്തുവിന്റെ ഹൃദയത്തോടെ

മറ്റുള്ളവരെ സ്നേഹിക്കുവാനും സാധിക്കുക. അതല്ലേ ശരിയായ അജപാലനം. മറ്റുള്ളതെല്ലാം വെറും തട്ടിപ്പല്ലേ?? ദൈവകൃപയില്ലാത്ത പ്രവർത്തികൾ!! നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ നവീകരിച്ചുകൊണ്ട് ക്രിസ്തുസ്നേഹത്തിൽ വളരാൻ നമുക്കാകട്ടെ. ആമേൻ!

Leave a comment