SUNDAY SERMON MAUNDY THURSDAY2024

പെസഹാവ്യാഴം 2024

ഇന്ന് ലോകമെങ്ങും ക്രൈസ്തവർ പെസഹാവ്യാഴം ആചരിക്കുന്നു. ക്രൈസ്തവർക്കിനി പങ്കുവയ്ക്കലിന്റെയും, എളിമപ്പെടലിന്റെയും, പീഡാനുഭവത്തിന്റെയും, പ്രതീക്ഷ നിറഞ്ഞ ഉത്ഥാനത്തിന്റെയും പരിശുദ്ധ നാളുകളാണ്.  നമ്മുടെ ഇക്കൊല്ലത്തെ പെസഹാതിരുനാൾ ആഘോഷത്തിൽ വലിയൊരു വൈരുധ്യം ഞാൻ കാണുന്നുണ്ട്. പരസ്പരം പോരടിച്ച് രാജ്യങ്ങളൊന്നായി വെട്ടിപ്പിടിക്കാനുള്ള വെമ്പൽ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുമ്പോൾ, പലസ്തീനയിലെ ഗാസയിലെപ്പോലെയുള്ള സ്ഥലങ്ങളിൽ ദാരിദ്ര്യത്തിന്റെയും, അനാഥത്വത്തിന്റെയും ദുരിതഭൂമിയിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം അപ്പത്തിനായി പാ ത്രങ്ങൾ നീട്ടുമ്പോൾ, ദൈവം മനുഷ്യന്റെ പാദങ്ങൾ കഴുകിയ, ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ മഹാതിരുനാൾ നാം ആഘോഷിക്കുന്നത് വലിയ വിരോധാഭാസം തന്നെയാണ്. എങ്കിലും, ലോകാവസാനംവരെ ദൈവമക്കളോടൊത്ത് വസിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ച ഈശോയുടെ അനന്ത സ്നേഹത്തെ വാഴ്ത്തിപ്പാടുവാൻ, അവിടുന്ന് വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസമല്ലാതെ മറ്റൊന്ന് കണ്ടെത്തുക അസാധ്യമാണ്.

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമും, പെസഹാ തിരുനാൾ, അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ, രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ ആഘോഷിക്കുമ്പോൾ, ഈ തിരുനാളിന്റെ സന്ദേശം ഉൾക്കൊള്ളാനും, ജീവിക്കുവാനും നമുക്കാകട്ടെ എന്ന പ്രാർത്ഥനയോടെ, വചന വിചിന്തനത്തിലേക്ക് കടക്കാം. ഈ വർഷത്തെ പെസഹാതിരുനാളിന്റെ സന്ദേശം, ദൈവം എന്നും എപ്പോഴും നമ്മോടൊത്തുണ്ട് എന്നതാണ്.  

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാനയായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്. 

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും. 

ഓർമകളുണ്ടായിരിക്കണം നമുക്ക്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് വിശുദ്ധ കുർബാനയായിത്തീരുവാനായിരുന്നു എന്ന ഓർമ നമുക്കുണ്ടായിരിക്കണം; മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വിശപ്പുകളകറ്റാൻ അപ്പമായിത്തീരുവാനായിരുന്നു ക്രിസ്തു സെഹിയോൻ ശാലയിലേക്കും, തുടർന്ന് കാൽവരിയിലേക്കും നടന്നതെന്ന ഓർമ നമുക്കുണ്ടായിരിക്കണം. ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് മറ്റുമതങ്ങളെ തേടിപ്പോകേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ സഭയോടൊത്ത് ഏകമനസ്സായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഈ ഓർമകളുണ്ടെങ്കിൽ ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ, വിശുദ്ധ കുർബാനയെന്നത് ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെയാണെന്നുള്ള, ദൈവത്തിന്റെ ലോകാവസാനംവരെയുള്ള സാന്നിധ്യത്തിന്റെ ജീവനുള്ള, കൗദാശിക സാന്നിധ്യമാണ് വിശുദ്ധകുർബാനയെന്നുള്ള സത്യം നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകയില്ല.

വിശുദ്ധ കുർബാനയെന്നത്, നമ്മോടൊത്ത്, മനുഷ്യരോടൊത്ത് എന്നും വസിക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ അടയാളമാണെന്നറിയുമ്പോൾ, നമ്മുടെ കൂടെയായിരിക്കുവാനുള്ള ഈശോയുടെ വലിയ സ്നേഹത്തിന്റെ പ്രകടനമാണെന്നറിയുമ്പോൾ, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ നമുക്ക് തോന്നും; എപ്പോഴും വിശുദ്ധ കുർബാനയോടൊത്തായിരിക്കുവാൻ, വിശുദ്ധ കുർബാനയെത്തന്നെ നോക്കിയിരിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുവാൻ നമുക്ക് തോന്നും.

സ്നേഹമുള്ളവരേ, പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. ഈ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന “ആര് ഞങ്ങളെ രക്ഷിക്കുമെന്ന” മനുഷ്യന്റെ ആർത്തനാദത്തിന് ഉത്തരം നൽകുന്ന ഏക മതഗ്രന്ഥമാണ് ബൈബിൾ. ആ ഉത്തരമാകട്ടെ, വിശുദ്ധ കുർബാനയിലെ ഈശോ എന്നാണ്. വിശുദ്ധ കുർബാന നമ്മുടെ കാതുകളിൽ മൊഴിയുന്നത്, നിന്നെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട് മകനെ, മകളെ എന്നാണ്. (ജെറ 1, 19) മകളേ, മകനേ, നിന്റെ ജീവിതം സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ, നിന്റെ ജീവിതം അഗ്നിയിലൂടെ കടന്നുപോകുമ്പോൾ, രോഗത്തിന്റെ, സാമ്പത്തിക ബാധ്യതകളുടെ വഴിയിലൂടെ കടന്നുപോകുമ്പോൾ ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയുടെ ഉറപ്പാണത്. ഇന്നത്തെ രാഷ്ട്രീയക്കാർ നൽകുന്ന ഉറപ്പ് പോലെയല്ല ഇത്. നാഴികയ്ക്ക് നാൽപ്പത് വട്ടം മൈക്ക് കെട്ടി രാഷ്ട്രീയക്കാർ പറയുന്ന ഗ്യാരന്റി പോലെയല്ല ഇത്. ഇത് ദൈവത്തിന്റെ ഉറപ്പാണ്. പെസഹാവ്യാഴാഴ്ചയുടെ സൗന്ദര്യമെന്ന് പറയുന്നത് ഈ ഉറപ്പാണ്.

കാരണം, നമ്മുടെ ഓരോരുത്തരുടെയും ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ നമ്മോടൊത്ത് വസിക്കുന്നത്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. സാമ്പത്തിക തകർച്ചമൂലം ഇനിയെന്തുചെയ്യണമെന്നറിയാത്തവരുടെ കരച്ചിലുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം, പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം, ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന.

നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

എല്ലാവർഷവും വേനൽ അവധിക്കാലത്ത് മാതാപിതാക്കളുടെ കൂടെ അകലെയുള്ള മുത്തശ്ശിയെ കാണാൻ പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. മാതാപിതാക്കളോടൊത്തുള്ള ആ യാത്ര എന്നും അവൻ ആസ്വദിച്ചിരുന്നു. അവന് പന്ത്രണ്ട് വയസ്സായപ്പോൾ തനിയെ യാത്രചെയ്യാൻ അവനൊരു മോഹം. പരീക്ഷയെല്ലാം കഴിഞ്ഞ്, ആ വർഷത്തെ അവധിക്കാലം അടുത്തപ്പോൾ അവൻ മാതാപിതാക്കളോട് ചോദിച്ചു: “ഇപ്രാവശ്യം മുത്തശ്ശിയെകാണാൻ ഞാൻ തനിച്ച് പൊയ്ക്കോട്ടേ?” മാതാപിതാക്കൾ സമ്മതിച്ചു. അവധിക്കാലം വന്നപ്പോൾ അമ്മ അവന്റെ പെട്ടി ഒരുക്കിക്കൊടുത്തു. യാത്രയിൽ കഴിക്കാനുള്ള ഭക്ഷണവും ‘അമ്മ അവന്റെ ബാഗിൽ വെച്ചു. അവന്റെ പപ്പ അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി. പ്ലാറ്റുഫോമിൽ ട്രെയിൻ കാത്ത് നിന്നപ്പോൾ, പപ്പ അവനോട് പറഞ്ഞു: മോനെ, നീ ആദ്യമായിട്ടല്ലേ തനിച്ച് പോകുന്നത്. ” അതെയെന്ന് അവൻ തലകുലുക്കി. പപ്പ തന്റെ പോക്കറ്റിൽ നിന്ന് മടക്കിയ ഒരു കടലാസെടുത്ത് അവന്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് അവനോട് പറഞ്ഞു: “നിനക്ക് ട്രെയിനിൽ വച്ച് എന്തെങ്കിലും പേടിയോ, മറ്റെന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടാകുകയാണെങ്കിൽ ഈ കടലാസെടുത്ത് നോക്കണം.” മടക്കിയ കടലാസ് ഭദ്രമായിട്ടാണ് പോക്കറ്റിലുള്ളത് എന്ന് അവൻ കൈതൊട്ട് ഉറപ്പാക്കി. അപ്പോഴേക്കും ട്രെയിൻ വന്നു. കുട്ടി സന്തോഷത്തോടെ യാത്രയായി.

കുട്ടി ജനലിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ കുറച്ചാളുകൾ അവനിരുന്ന ബോഗിയിൽ കയറി. ആദ്യമൊന്നും ഒരു കുഴപ്പവും അവന് തോന്നിയില്ല. അല്പം കഴിഞ്ഞപ്പോൾ, കയറിയ ആളുകൾ അവനെ തുറിച്ചുനോക്കുന്നതായി അവന് തോന്നി. അവന്റെയുള്ളിൽ പേടി പനച്ചിറങ്ങി. കൈകൾ വിറയ്ക്കുന്നതായി അവനു തോന്നി. ഉടനെ, അവൻ പപ്പ പറഞ്ഞതോർത്തു. എന്നിട്ട്, പോക്കറ്റിൽ കിടന്ന് പേപ്പർ എടുത്ത് അതിന്റെ മടക്കു തുറന്നു. അതിൽ എഴുതിയിരുന്നത് അവൻ വായിച്ചു: “മകനേ, ഒട്ടും പേടിക്കേണ്ട. നീ യാത്ര ചെയ്യുന്ന ട്രെയിനിന്റെ അടുത്ത ബോഗിയിൽ ഞാനുണ്ട്.” അവന് ഉള്ളിൽ ധൈര്യം തോന്നി. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ആളുകളെ ഒട്ടും തന്നെ ശ്രദ്ധിക്കാതെ, അവൻ പുറത്തേക്ക് നോക്കി ട്രെയിൻ യാത്ര ആസ്വദിച്ചു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, ഈശോ നമ്മുടെ ജീവിതത്തിൽ ഉണ്ട്. നമുക്ക് പേടിയുണ്ടാകുമ്പോൾ, ജീവിതം വിറക്കുന്നതായി തോന്നുമ്പോൾ, ജീവിത സാഹചര്യം മോശമാകുമ്പോൾ ഓർക്കുക, ഈശോ അടുത്ത ബോഗിയിൽ ഉണ്ട്. വിശുദ്ധ കുർബാനയാണ് ഈശോ നമുക്ക് നൽകിയിരിക്കുന്ന കടലാസ്. അതിൽ എഴുതിയിട്ടുണ്ട്: “ഭയപ്പെടേണ്ട, മകളേ, മകനേ ഞാൻ നിന്റെ കൂടെയുണ്ട്.” പെസഹാവ്യാഴം ഈ ഓർമപ്പെടുത്തലാണ്.  സ്നേഹം കരകവിഞ്ഞൊഴുകിയ ആ മുഹൂർത്തത്തിലെ ഈശോയുടെ സ്നേഹത്തിൽ ചാലിച്ച വാക്കുകളെ നാം മറക്കാതിരിക്കുക: “ഇതെന്റെ ശരീരമാണ്. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ. ഇതെന്റെ രക്തമാണ്, നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ.” ഈ വചനങ്ങളെ ധ്യാനിക്കുമ്പോൾ സ്നേഹമിങ്ങനെ നമ്മുടെ ഹൃദയത്തിൽ തുടിക്കട്ടെ.

സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെ നാം കൂടുതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയോട് സ്നേഹമല്ല, പ്രണയം തോന്നേണ്ടിയിരിക്കുന്നു. എന്നോടുള്ള ദൈവത്തിന്റെ അതിവിസ്മയകരമായ പ്രതിഭാസം എന്നൊക്കെ വേണമെങ്കിൽ നമുക്ക് വിശുദ്ധ കുർബാനയെ വിശേഷിപ്പിക്കാം.

ഈ പെസഹാവ്യാഴം വിശുദ്ധ കുർബാനയോട് കൂടുതൽ അടുത്തിരിക്കാം. എന്നിട്ട് വിശുദ്ധ കുർബാനയിലെ ഈശോയോട് സ്നേഹസംഭാഷണം നടത്താം. വിശുദ്ധ കുർബാനയുടെ കൂട്ടുകാരാകാം. ഈ പെസഹാവ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!

Leave a comment