SUNDAY SERMON – Mark 16, 14-20

മര്‍ക്കോ 16, 14-20

Image result for images of Jesus giving commission

സന്ദേശം

ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാളിനുശേഷം വരുന്ന ഉയിര്‍പ്പുകാലത്തിലെ ഏഴാം ഞായറാഴ്ചത്തെ വചനസന്ദേശം നമ്മെ ക്രൈസ്തവജീവിതത്തിന്റെ ദൌത്യം എന്താണെന്ന് ഓര്‍മപ്പെടുത്തുകയാണ്: ഓരോ ക്രൈസ്തവനും ഒരു പ്രത്യേകദൌത്യം ഈ ലോകത്തില്‍ നിറവേറ്റാനുണ്ട്. ആ ദൌത്യത്തിന്റെ സ്വഭാവത്തിലേക്കും പ്രത്യേകതകളിലേക്കുമാണ് ഇന്നത്തെ സുവിശേഷം വിരല്‍ ചൂണ്ടുന്നത്.

വ്യാഖ്യാനം

ഉഥാനത്തിനുശേഷം താന്‍ ജീവിച്ചിരിക്കുന്നുവെന്നും, ഇന്നും ജീവിക്കുന്ന ദൈവമാണെന്നും ശിഷ്യന്മാരെ ബോധ്യപ്പെടുത്താന്‍ ക്രിസ്തു കുറച്ചൊന്നുമല്ല വിഷമിക്കുന്നത്. ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടും, വഴിയില്‍വച്ച് രണ്ടു പേര്‍ക്കും, പിന്നെ തോമായില്ലാതെ പത്ത്പേര്‍ക്കും, അതിനുശേഷം തോമസോട്കൂടെ പതിനൊന്നുപേര്‍ക്കും, തിബേരിയോസ് കടല്‍ത്തീരത്ത് വച്ച് അത്ഭുതം പ്രവര്‍ത്തിച്ചും  പ്രത്യക്ഷീകരണങ്ങളിലൂടെ ഒരു ഭഗീരഥപ്രയത്നം തന്നെ ഈശോ നടത്തുന്നുണ്ട് ശിഷ്യന്മാരെ ആ സത്യമൊന്നു ബോധ്യപ്പെടുത്താന്‍. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ഓര്‍ത്ത് അവിടുന്ന് വിഷമിക്കുന്നുമുണ്ട്. എന്നിട്ടും, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ തങ്ങളുടെ മറ്റു കടമകളോടൊപ്പം,  പ്രത്യേകം നിറവേറ്റാനുള്ള ദൌത്യം ഈശോ അവര്‍ക്ക് നല്‍കുകയാണ്, നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ.

ഈശോ നല്‍കുന്ന ഈ ദൌത്യം, our mission, is both shared and specific.  ആദ്യഭാഗത്തില്‍ ഈ ദൌത്യം മറ്റുള്ളവരുമായി, മറ്റു ക്രൈസ്തവരുമായി പങ്കുവയ്ക്കാനുള്ളതാണ്. ദൌത്യമിതാണ്: നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. രണ്ടാമത്തേത്, ഓരോ ക്രൈസ്തവനുംവേണ്ടി പ്രത്യേകമുള്ളതാണ്. വിശ്വാസത്തോടെ വചനം പ്രസംഗിക്കുകയും, വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണവ. ഒന്ന്, അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. രണ്ടു, അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. മൂന്ന്‍, അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും, നാല്, മാരകമായത് എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അഞ്ച്, അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും, അവര്‍ സുഖം പ്രാപിക്കും.”

ഈ ഭൂമിയിലെ തന്റെ ദൌത്യത്തെക്കുറിച്ച് ഈശോയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. തനിക്കു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ ഈശോ പറഞ്ഞു: “ ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകെണ്ടിയിരിക്കുന്നു.” കൃത്യം ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, കാല്‍വരിയില്‍ കുരിശില്‍കിടന്നു – ഓര്‍ക്കണം, കാല്‍വരിയില്‍ കുരിശില്‍കിടന്നു ഈശോ പറഞ്ഞു: “ഇത് പൂര്‍ത്തിയായിരിക്കുന്നു.” പിതാവ് നല്‍കിയ ദൌത്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈശോ പറഞ്ഞു: പിതാവേ, അങ്ങ് എന്നെ അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. (യോഹ 17, 18) എന്നിട്ട് ഈശോ ശിഷ്യരോട് പറഞ്ഞു: “എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” (യോഹ 20, 21)

ഈ ഭൂമിയിലായിരുന്നപ്പോള്‍ ഈശോയ്ക്കുണ്ടായിരുന്ന ദൌത്യത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ ദൌത്യം. നാം കണ്ടുമുട്ടുന്ന മനുഷ്യര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യത്തിന്റെ കാതല്‍. വിശുദ്ധ പൌലോസ്ലീഹ പറയുന്നതുപോലെ ഈശോയ്ക്കുവേണ്ടി സംസാരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. (1കോറോ 5, 20) ക്രിസ്തു ഈ ലോകത്തിലേക്ക് പാപികളെ വിളിക്കുവാനാണ് വന്നതെന്ന് നാം വിളിച്ചുപറയണം. പുറംകണ്ണിനും, ഉള്‍ക്കണ്ണിനും കാഴ്ചയില്ലാതെ ഇരുട്ടില്‍ ഞാന്‍ തപ്പിനടന്നപ്പോള്‍ ഈശോ എനിക്ക് വെളിച്ചം നല്‍കിയെന്ന് പ്രഘോഷിക്കണം. ഈശോയെ എന്റെ ഹൃദയത്തിലേക്ക്, ഭവനത്തിലേക്ക്‌ ഞാന്‍ സ്വീകരിച്ചപ്പോള്‍ “ഇന്നീ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നുവെന്നു ഈശോ പറഞ്ഞെന്നു” (ലൂക്കാ 19, 10) നമ്മുടെ  സഹോദരരോട് നാം പറയണം. കര്‍ത്താവായ ഈശോയില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കുമെന്നു (അപ്പ 16,31) തകര്‍ന്ന കുടുംബങ്ങളിലേക്ക്‌ കയറിച്ചെന്നു, വേദനിക്കുന്നവരുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു നാം അവരെ ശക്തിപ്പെടുത്തണം. സ്നേഹമുള്ളവരെ, നാം അനുഭവിച്ച ദൈവസ്നേഹം, നാം സ്വീകരിച്ച സൌഖ്യം, നാം കണ്ട ദൈവത്തിന്റെ രക്ഷ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കേണ്ടവരല്ലേ നമ്മള്‍? ഇതാണ് നമ്മുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ദൌത്യം. ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്  കൊണ്ടിരുന്ന എന്നെ തന്റെ കൈനീട്ടി രക്ഷനല്‍കിയതു ക്രിസ്തുവാണെന്ന്, നമുക്ക് ചുറ്റും ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്കൊണ്ടിരിക്കുന്ന സഹോദരങ്ങളോട് നാം പറഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായിരിക്കും. ക്യാന്‍സറിനെ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മുടെ കൈയിലിരിക്കെ, അയല്‍വക്കത്തെ ക്യാന്‍സര്‍ രോഗിക്ക് നാം അത് കൊടുക്കുന്നില്ലെങ്കില്‍ ആ പ്രവൃത്തി ക്രിമിനല്‍കുറ്റം ആകുന്നപോലെ.

സ്നേഹമുള്ളവരെ, നിങ്ങള്‍ ഒരു ക്രൈസ്തവ മാതാവായിരിക്കാം,, പിതാവയിരിക്കാം, ക്രിസ്തുവിന്റെ യുവാവാകാം, യുവതിയാകാം, ഈശോയുടെ കുഞ്ഞുമക്കളാകാം, പുരോഹിതനാകാം, സന്യാസിയാകാം, നിങ്ങള്‍ ആരായാലും, എന്തായാലും, നിങ്ങളുടെ ജീവിതകടമകള്‍ക്കും അപ്പുറം ഈശോ നല്‍കുന്ന ഈ പ്രത്യേക ദൌത്യം നിങ്ങള്‍ പൂര്‍ത്തീകരിയ്ക്കണം. ഇന്നത്തെ ദൈവവചനം ഈയൊരു ഓര്‍മപ്പെടുത്തലുമായിട്ടാണ് നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

അങ്ങനെ നാം നമ്മുടെ ഒന്നാം ഭാഗം നിര്‍വഹിച്ചുകഴിയുമ്പോള്‍, ക്രിസ്തുവിനെ പ്രഘോഷിച്ചുകഴിയുമ്പോള്‍ നമ്മിലും, നമ്മുടെ പ്രഘോഷണം വഴി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലും അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണ് ഇന്നത്തെ ദൈവവചനത്തിന്റെ രണ്ടാംഭാഗം. ഈ അടയാളങ്ങള്‍ വഹിക്കുവാന്‍ സാധിക്കുമോയെന്നു ചോദിക്കുന്നതിനെക്കാള്‍, ഈ അടയാളങ്ങള്‍ വഹിക്കേണ്ടവരാണ് ക്രൈസ്തവര്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ അടയാളങ്ങള്‍ വഹിച്ച ക്രൈസ്തവരുള്ള ഒരു  കാലം കേരളക്കരയില്‍ ഉണ്ടായിരുന്നു. പണ്ട്, തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്ന കാലത്ത് ഒരു സവര്‍ണന്‍ അശുദ്ധനായാല്‍, ആര്‍ക്കെങ്കിലും ഭൂതബാധയുണ്ടായാല്‍ ഒരു ക്രൈസ്തവന്‍ സ്പര്‍ശിച്ചാല്‍ മതിയായിരുന്നു സവര്‍ണന്‍ ശുദ്ധനാകുവാന്‍. ക്രൈസ്തവന്റെ സാന്നിധ്യം മതിയായിരുന്നു, ബാധകള്‍ ഒഴിഞ്ഞുപോകുവാന്‍. ഭാരതത്തില്‍ ക്രിസ്തുമതം പിറവിയെടുത്തപ്പോള്‍ ക്രൈസ്തവരായവരുടെ ജീവിതം, അവരുടെ സംസാരം, പെരുമാറ്റം എല്ലാറ്റിലും ഒരു പുതുമ ഉണ്ടായിരുന്നു, ക്രിസ്തുവിന്റെ സ്നേഹമുണ്ടായിരുന്നു എന്നത്, സ്നേഹത്തിന്റെ ഭാഷയാണ്‌ അവര്‍ സംസാരിച്ചിരുന്നത് എന്നത് വെറുമൊരു WhatsApp തമാശയല്ല, ചരിത്രമാണ്. ഈ കടമറ്റത്തച്ചനെയൊക്കെ ഐതീഹ്യമെന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. ഒരുകാലത്ത് പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചിരുന്ന, മാരകമാ യവയില്‍ നിന്നല്ലാം ദൈവത്തിന്റെ സംരക്ഷണ ലഭിച്ചിരുന്ന, രോഗികളുടെമേല്‍ കൈവച്ചു പ്രാര്‍ഥിചു അവരെ സുഖപ്പെടുത്തിയിരുന്ന ഒരു നല്ല ക്രൈസ്തവ സംസ്കാരത്തിന്റെ, കാലഘട്ടത്തിന്റെ പ്രതീകമല്ലേ ഈ കടമറ്റത്തിലച്ചന്‍! ആ പ്രതീകത്തിന്റെ ആവിഷ്ക്കാരങ്ങളല്ലേ കടമറ്റത്ത് കത്തനാര്‍ കഥകള്‍?

ഇന്നത്തെ കഥകള്‍ ഞാന്‍ ഇവിടെ പറയേണ്ടതില്ലല്ലോ! സിനിമാക്കഥകളെക്കാള്‍ വെല്ലുന്ന തിരക്കഥകളും, ഓസ്കാര്‍ ലഭിക്കേണ്ട അഭിനയങ്ങളും ആയിട്ടാണ് നമ്മള്‍ അരങ്ങുതകര്‍ക്കുന്നത്‌. സ്വയം നാണംകെട്ടും നാണം കെടുത്തിയും നശിക്കാന്‍ എന്തോ വാശിയുള്ളതുപോലെ?!

സമാപനം

സ്നേഹമുള്ളവരെ, ക്രൈസ്തവരുടെ പ്രത്യേക ദൌത്യം, ക്രിസ്തുവിനെ പ്രഘോ ഷിക്കുക എന്നതാണ്. ക്രൈസ്തവരുടെ unique ആയ specific ആയ assignment നന്മയുടെ, വിശുദ്ധിയുടെ, സ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, സൌഖ്യത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നവരാകുക എന്നതാണ്. ക്രൈസ്തവരെന്നു അഭിമാനിക്കുന്നതോടൊപ്പം, നമ്മുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധ്യമുള്ളവരാകാം. ഇന്നത്തെ ദൈവവചനം ഓരോര്‍മപ്പെടുത്തലാണ് എന്നത് മറക്കാതിരിക്കുക. ഇനിയൊരു ഓര്‍മപ്പെടുത്തല്‍ ഉണ്ടായില്ലെങ്കിലോ?