SUNDAY SERMON Luke 7, 31-50

ലൂക്ക 7, 31-50

സന്ദേശം

Image result for images of Jesus and the sinful woman

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്കൊണ്ട് അനുഗ്രഹീതമായ ഈ ഞായറാഴ്ചത്തെ ദൈവവചനം പാപിനിയായ സ്ത്രീയുടെ, ക്രിസ്തുവിനെ കണ്ടുമുട്ടലും തുടര്‍ന്നുണ്ടാകുന്ന അവളുടെ മാനസാന്തരവുമാണ് വിഷയമാക്കുന്നത്. ഇന്നത്തെ ദൈവവചനസന്ദേശം, ക്രൈസ്തവര്‍ ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം എന്നുള്ളതാണ്. മനുഷ്യനെ തന്റെ കാരുണ്യംകൊണ്ട് നിറയ്ക്കുന്ന, മനുഷ്യരെ അനുതാപത്തിലേക്ക്, നന്മയിലേക്ക് നയിക്കുന്ന, മനുഷ്യജീവിതത്തിനു പുതിയ അര്‍ത്ഥവും ദിശാബോധവും നല്‍കുന്ന ക്രിസ്തു സാന്നിധ്യ ങ്ങളായി നാമോരൊരുത്തരും മാറേണ്ടിയിരിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തുവിന്റെ നിറസാന്നിധ്യം തന്നെയാണ് ഈ ദൈവവചനഭാഗത്തിലെ പ്രധാന ആകര്‍ഷണം. ക്ഷണിക്കപ്പെട്ട ഈശോ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണിവിടെ. ആ സാന്നിധ്യ ത്തിലേക്ക് കടന്നുവരുന്ന എല്ലാവരും സന്തോഷത്തിലാണ്. ഈ സാന്നിധ്യത്തിനു രണ്ടു സ്വഭാവങ്ങള്‍ ഉണ്ട്.

ഒന്ന്, ക്രിസ്തുവിന്റെ സാന്നിധ്യം ത്രിത്വത്തിന്റെ സാന്നിധ്യമാണ്, Trinitarian presence ആണ്.  പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ ഈ ചിന്തയ്ക്ക് പ്രാധാന്യവുമുണ്ട്.  ക്രിസ്തുവിന്റെ സാന്നിധ്യം ഒറ്റപ്പെട്ട ഒന്നല്ല. അതില്‍ പിതാവായ ദൈവത്തിന്റെ സ്നേഹവും കരുണയുമുണ്ട്. പുത്രനായ ദൈവത്തിന്റെ എളിമയും സ്വയംശൂന്യമാക്കലും ഉണ്ട്. പരിശുദ്ധാത്മാവായ ദൈവത്തിന്റെ വിശുദ്ധീകരണവും ശക്തിപ്പെടുത്തലും ഉണ്ട്. ഈ ത്രിത്വസാന്നിധ്യത്തിന് ഒരേ സമയം ഒത്തൊരുമയുടെ സൗന്ദര്യവും ശക്തിയും, വ്യത്യസ്ഥങ്ങളായ വ്യക്തിത്വത്തിന്റെ മഹനീയതയും ഉണ്ട്.

ഒരു കുടുംബത്തില്‍ മാതാവും പിതാവും മൂന്നുമക്കളും ഉണ്ടെങ്കില്‍ അവര്‍ ഒരുമിച്ചു പള്ളിയില്‍ പോകുമ്പോള്‍, ഒരുമിച്ച്, ജോലി ചെയ്യുമ്പോള്‍, ഒരുമിച്ച് സിനിമയ്ക്ക് പോകുമ്പോള്‍, പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുമ്പോള്‍, അതിന്റെ ഭംഗി പറഞ്ഞറിയിക്കാവുന്നതല്ല! എന്തൊരു ശക്തിയായിരിക്കും അവര്‍ക്കുണ്ടാകുക; വിജയവും ഉണ്ടാകും. അവരെ ഒറ്റയ്ക്ക് കാണുമ്പോള്‍പോലും ആ ഒരുമ നമുക്ക് feel ചെയ്യും. എന്നാല്‍, അവര്‍ തമ്മില്‍ എതിര്‍പ്പാണെങ്കില്‍, പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍, ഒറ്റപ്പെട്ട തുരുത്തുപോലെയാണെങ്കില്‍ സൗന്ദര്യം പോയിട്ട്, ഒരു തുള്ളി നന്മ പോലും ഉണ്ടാകില്ല.

ഈശോയുടെ സാന്നിധ്യം അത്ഭുതം പ്രവര്‍ത്തിക്കുന്നത്, രക്ഷയാകുന്നത്, അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പുപോലും സഖ്യദായകമാകുന്നത്, ആ സാന്നിധ്യം ത്രിത്വസാന്നിധ്യം ആകുന്നതുകൊണ്ടാണ്, ത്രിത്വത്തിന്റെ ഒരുമയുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ ത്രിത്വസാന്നിധ്യങ്ങളാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ പിതാവിനും പുത്രനും വരയ്ക്കുന്ന നമ്മള്‍, ജോലിയ്ക്കോ, യാത്രയ്ക്കോ, സ്കൂളിലോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഭക്ഷണത്തിനു മുമ്പും ശേഷവും കുരിശു വരയ്ക്കുന്ന നമ്മള്‍, കളിയ്ക്കാനോ, പഠിയ്ക്കാനോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഉറങ്ങാന്‍ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, നമ്മുടെ ജീവിതം മുഴുവന്‍ ത്രിത്വ സാനിധ്യമാക്കുകയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ കുരിശു വരയില്‍ മാത്രം ഒതുങ്ങുന്ന ത്രിത്വസാന്നിധ്യങ്ങളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യം Catalytic presence ആണ്, ഉത്തേജിപ്പിക്കുന്ന സാന്നിധ്യം ആണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യമാണ്. ഉത്തേജിപ്പിക്കുന്ന, മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യത്തില്‍, ഉത്തേജക വസ്തുവിന്റെ സാന്നിധ്യം മാത്രം മതി, മാറ്റങ്ങള്‍ തനിയെ നടക്കും. ഉദാഹരണത്തിന്. നമ്മള്‍ chemistry class –ല്‍പഠിക്കുന്നത് രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും എന്നല്ലേ? ശരിയാണോ? ഇവ മാത്രം മതിയോ? പോരാ. ഉത്തേജക വസ്തു വേണം. എന്താണത്? Electricity. Electricity- യുടെ സാന്നിധ്യത്തില്‍ രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും. Catalytic agent ആയ Electricity യുടെ role എന്താണ്? Catalytic agent  ആയ Electricity ക്ക് എന്ത് സംഭവിക്കുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നുവരെ പിടികിട്ടിയിട്ടില്ല. കാരണം, ജലമുണ്ടാകുന്നതിനുമുമ്പ് അതവിടെയുണ്ട്, അതിനുശേഷവും അവിടെയുണ്ട്.

ഈശോയുടെ സാന്നിധ്യം ഒരു  catalytic സാന്നിധ്യമാണ്. നിറഞ്ഞൊഴുകുന്ന നിലാവില്‍ ഒന്ന് ഇറങ്ങി നില്‍ക്കുക. നിങ്ങളുടെ ഹൃദയം ആനന്ദം കൊണ്ട് നിറയും. നിലാവ് ഒന്നും ചെയ്യുന്നില്ല. നിലാവ് ഒരു catalytic agent ആണ്. മുല്ല പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം. മുല്ലപൂമ്പൊടി catalytic agent ആണ്. ലൂക്കയുടെ സുവിശേഷം അദ്ധ്യായം 19 ല്‍ ഈശോ സക്കേവൂസിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. അല്പം കഴിഞ്ഞു സക്കെവൂസ് എഴുന്നേറ്റ് ഉറക്കെ തന്റെ മാനസാന്തരം അറിയിക്കുകയാണ്. ഈശോ ഒന്നും ചെയ്തില്ല. അവിടെത്തെ സാന്നിധ്യം it was so powerful, magnetic! കാല്‍വരിയില്‍ കുരിശില്‍ കിടക്കുന്ന ഈശോയുടെ സാന്നിധ്യവും ശക്തമായിരുന്നു. കള്ളന്‍ പറഞ്ഞു: കര്‍ത്താവേ, പറുദീസായിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. ഈശോ ഒന്നും ചെയ്തില്ലാ. ഇതെല്ലാം കണ്ടു നിന്ന സൈന്യാധിപന്‍ പറഞ്ഞു: ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു. ഈശോ ഒന്നും ചെയ്തില്ല. അവിടുത്തെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യം  catalytic agent ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

പാപിനിയായ സ്ത്രീ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വസാന്നിദ്ധ്യത്തി ലേക്ക് ഇറങ്ങി നില്‍ക്കുകയാണ്. ശിമയോനാകട്ടെ, മുല്ലപൂമ്പൊടിപോലെയുള്ള ക്രിസ്തുസാന്നിധ്യത്തില്‍ നിന്ന് അകന്നുനിന്നു. പാപിനിയായ സ്ത്രീ ക്രിസ്തുസാന്നിധ്യത്തില്‍ അവളുടെ ഹൃദയം കണ്ണീരായി സമര്‍പ്പിച്ചു. ശിമയോനാകട്ടെ, ഈശോയെ മനസ്സില്‍ അകമെ ഇകഴ്ത്തി സംസാരിച്ചു: “ഇവനൊരു പ്രവാചകനായിരുന്നെങ്കില്‍…”. പുറമെ പുകഴ്ത്തി സംസാരിച്ചു: “ഗുരോ, അരുളിചെയ്താലും.” മനുഷ്യന്റെ സ്വഭാവമാണിത്. അകമേ ഒന്ന്, പുറമേ മറ്റൊന്ന്. മറ്റുള്ളവരെ വിധിക്കുവാന്‍ മനുഷ്യന്‍ മുന്നിലാണ്: “ഇവള്‍ ഒരു പാപിനിയാണല്ലോ?” ഈശോ പാപിനിയോട് പറഞ്ഞു: “നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ‘എന്റെ സാന്നിധ്യത്ത്തിലേക്ക് ഇറങ്ങി വന്ന നീ, എന്റെ സാന്നിധ്യത്തില്‍ വിശ്വാസം അര്‍പ്പിച്ച നീ, രക്ഷിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍, ശിമയോന്‍, he missed it!

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ മഹത്വം മനസ്സിലാക്കുന്നവര്‍ രക്ഷിക്കപ്പെടും. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈശോയുടെ സാന്നിധ്യത്തിന്റെ മഹത്വത്തിലേക്ക്, വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക്, കുടുംബ പ്രാര്‍ഥനാവേളയില്‍ കുടുംബത്തില്‍ നിറയുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രിയരെ, we will miss it. എത്രയോ വട്ടം നമുക്ക് ഈശോയുടെ രക്ഷ നഷ്ടപ്പെട്ടിരിക്കുന്നു! അങ്ങനെ ഇനിയും സംഭവിക്കാതിരിക്കുവാന്‍ ഇന്നത്തെ വചനം നമ്മെ സഹായ്ക്കട്ടെ.

സമാപനം

സ്നേഹമുള്ളവരെ, നമുക്ക് ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം. അതിനു രണ്ടു കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്, ക്രിസ്തു സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ നാം തയ്യാറാകണം. രണ്ട്, നാം ക്രിസ്തു സാന്നിധ്യങ്ങളാകണം, ത്രിത്വ സാന്നിധ്യങ്ങളാകണം. ശിമയോനെപ്പോലെയാകാതെ, മറ്റുള്ളവരെ വിധിക്കാതെ, ആത്മാര്‍ഥതയോടെ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വ സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കാം. ഈശോയുടെ രക്ഷിക്കുന്ന, സ്നേഹിക്കുന്ന, സുഖപ്പെടുത്തുന്ന സാന്നിധ്യം ഈ വിശുദ്ധ ബലി വഴിയായി നമ്മില്‍ നിറയട്ടെ.