SERMON CORPUS CHRISTI

യോഹ 6, 51-59

 സന്ദേശം

Related image

അവസാന അത്താഴവേളയില്‍ അപ്പമെടുത്ത് “ഇതെന്റെ ശരീരമാകുന്നു”വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മയുടെ,  മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗത്തിന്റെ, രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷത്തിന്റെ സമോന്നതമായ ആഘോഷമാണ് നാമിന്നാചരിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍. ഈ തിരുനാളിന്റെ സന്ദേശം: മനുഷ്യ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെപ്പോലെ മുറിയ്ക്കപ്പെടാനും ചിന്തപ്പെടാനും തയ്യാറാകുക.

വ്യാഖ്യാനം

ദൈവസ്നേഹത്തിന്റെ പാരമ്യതയാണ് വിശുദ്ധ കുര്‍ബാന. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും, വലിയ ആഘോഷവും വിശുദ്ധ കുര്‍ബാനയാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ ഹല്ലേലൂയാ ഗീതം ഏതാണ്? ഏറ്റവും വലിയ ആരാധന? ഏറ്റവും വലിയ സ്തുതിപ്പ്? ഉത്തരം ഒന്നേയുള്ളൂ – വിശുദ്ധ കുര്‍ബാന!

ഈശോയുടെ ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ വലിയ ആത്മാവിഷ്കരമായിട്ടാണ് സെഹിയോന്‍ മാളികയില്‍ വിശുദ്ധ കുര്‍ബാന പിറവി എടുക്കുന്നത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്.

അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികമായിരുന്നു, ജീവിത ബന്ധിയായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു. ഈശോ പറയുന്നു: ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍  നല്‍കുന്ന അപ്പം എന്റെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു.

ഈ അനുഭവമാണ് വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനെ ഇന്നും പ്രസക്തമാക്കുന്നത്‌. ഇതുകൊണ്ടാണ് ഇന്നും വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. ഇന്ന് നാം ഓര്‍ക്കണം: ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ, നിശബ്ദതയില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. ക്രൈസ്തവന്റെ ജീവിതം തന്നെയായ വിശുദ്ധ കുര്‍ബാനയെന്ന ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ക്രൈസ്തവര്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനയുടെ സന്ദേശം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ടാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള വെല്ലുവിളിയാണ്, ആഹ്വാനമാണ് ഈ ദിനത്തില്‍ മുഴങ്ങുന്നത്. വിശുദ്ധ കുര്‍ബാനയുടെ ഈ സന്ദേശമാണ് പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത്. മഹാകവി ഉള്ളൂര്‍ തന്റെ സുഖം, സുഖം എന്നാ കവിതയില്‍ പാടുന്നത് അതാണ്‌: ഇറുപ്പവന്നും മലര്‍ ഗന്ധമേകും/വെട്ടുന്നവന്നും തരു ചൂടകറ്റും/ഹനിപ്പവന്നും കിളി പാട്ടുപാടും/പരോപകാര പ്രവണം പ്രപഞ്ചം. ഈ പ്രപഞ്ച ത്തിന്റെ ജീവന്‍, തുടിപ്പ്, പ്രവണം മറ്റുള്ളവര്‍ക്കായി ഇല്ലാതാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച father’s day ആഘോഷിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം വായിച്ചതൊക്കെ നമ്മുടെ അപ്പച്ചന്‍മാര്‍ വിശുദ്ധ കുര്‍ബാനകളായി ജീവിക്കുന്നതിനെ ക്കുറിച്ചാണ്. ചോര നീരാക്കി ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും മക്കള്‍ക്കുവേണ്ടി, കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നവനാണ് അപ്പച്ചന്‍, അച്ഛന്‍ തണല്‍മരമാണ്. അച്ഛന്റെ വിയര്‍പ്പിന്പോലും സ്നേഹത്തിന്റെ ഗന്ധമുണ്ട് എന്നിങ്ങനെ നാം പറയുമ്പോള്‍, ഓര്‍ക്കുക നമ്മുടെ അപ്പച്ചന്മാര്‍ വിശുദ്ധ കുര്‍ബാനയാണ്‌ എന്നാണു നാം പറയുന്നത്.  സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ് നമ്മുടെ അപ്പച്ചന്മാരുടെ, അമ്മച്ചിമാരുടെയൊക്കെ ജീവിതങ്ങള്‍ മനോഹരങ്ങളാകുന്നത്, ജീവിതങ്ങള്‍ വിശുദ്ധ കുര്‍ബാനയാകുന്നത്.

ദൈവത്തിന്റെ സഹനമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

സമാപനം 

സ്നേഹമുള്ളവരെ,  ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും, അത് നമ്മുടെ രക്ഷയാണെന്നും  നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍, വിശുദ്ധ കുര്‍ബാനയുടെ ചിന്തയില്‍ ഈ ദിനം ധ്യാനാത്മകമാകണം. ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ ഈ ദിനത്തിന്റെ ഓരോ നിമിഷവും അനുഗ്രഹീതമാകും;  ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍!