SUNDAY SERMON Lk 10,25-37

ലൂക്കാ 10, 25 – 37

സന്ദേശം

Image result for images of Jesus the good samaritan

ശ്ലീഹാക്കാലത്തിലെ മൂന്നാം ഞായറാഴ്ച നല്ല സമരിയാക്കാരന്റെ കഥയുമായി ദൈവവചനം നമ്മെ സമീപിക്കുമ്പോള്‍, ഉയരുന്ന ചോദ്യം ഇതാണ്: എന്താണ് നല്ല സമരിയാക്കാരന്റെ കഥയിലൂടെ ഈശോ എന്നോട്, നമ്മളോട് ഇന്ന് പറയുവാന്‍ ആഗ്രഹിക്കുന്നത്? തത്വ ശാസ്ത്രജ്ഞന്മാരില്‍ മുന്‍പനായ സോക്രട്ടീസിന്റെ രീതി സ്വീകരിച്ചുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച നിയമജ്ഞനെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുകയാണ് ഈശോ. ഉത്തരം മനോഹരമാണ്: സ്നേഹിക്കുക: ഒന്ന്, ദൈവത്തെ പൂര്‍ണ മനസ്സോടെ, പൂര്‍ണ ഹൃദയത്തോടെ പൂര്‍ണ ആത്മാവോടെ, പൂര്‍ണ ശക്തിയോടെ. രണ്ട്, അയല്‍ക്കാരനെ നിന്നെപ്പോലെ. ആരാണ് അയല്‍ക്കാരനെന്നുള്ള ചോദ്യത്തിനും അവനെക്കൊണ്ട്‌ തന്നെ ഉത്തരം പറയിപ്പിച്ച ഈശോയുടെ ഉദ്ദേശ്യം പക്ഷെ, ആരാണ് അയല്‍ക്കാരനെന്നു പറയുകയായിരുന്നില്ല, പിന്നെയോ, ഈശോ നമ്മെ ക്ഷണിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ധ്യാനത്തിലേയ്ക്കാണ്. കരുണയുള്ള ഹൃദയമുള്ളവനായി നീ ജീവിക്കുമ്പോള്‍, നീ കണ്ടുമുട്ടുന്ന നിന്റെ സഹോദരങ്ങളുമായി നീയെങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് ഈശോ ഉയര്‍ത്തുന്ന ചോദ്യം. How do you relate with your sisters and brothers? സന്ദേശമിതാണ്: മനുഷ്യ ബന്ധങ്ങളെ സ്വന്തമെന്ന പോലെ കണ്ടു പരിപാലിക്കുക, പരിപോഷിപ്പിക്കുക.

വ്യാഖ്യാനം

നമ്മുടെ ബന്ധങ്ങള്‍ നാം കരുതുന്നപോലെ ആകസ്മികമൊന്നുമല്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ – ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മില്‍, സുഹൃ ത്തുക്കള്‍ തമ്മില്‍, നാം അനുദിനം കണ്ടുമുട്ടുന്ന ഓരോരുത്തരും തമ്മിലുള്ള ബന്ധങ്ങള്‍ എല്ലാം വെറും ആകസ്മികമല്ല. “ദൈവം യോജിപ്പിച്ചത്” എന്നൊരു വിശേഷണം ബന്ധങ്ങള്‍ക്ക് നല്‍കുന്നത് ക്രിസ്തുവാണ്‌. അത് വിവാഹബന്ധത്തിനു മാത്രമല്ല, എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. ഒരു ബന്ധത്തിന്റെ കണ്ണിയായിത്തീരുക എന്നത് ദൈവത്തിന്റെ കണക്കും കരുതലുമാണ് കാണിക്കുന്നത്. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും നാം വിലമതിക്കണം. കാരണം, ദൈവത്തിന്റെ കണക്കുകൂട്ടലും കരുതലുമാണ് ഓരോ ബന്ധവും.

ജീവിതത്തിന്റെ വഴികളില്‍ നമ്മുടെ അടുത്ത് വരുന്നവരും നാം കണ്ടുമുട്ടുന്നവരും പല തര  ക്കാരായിരിക്കാം. അക്രമികളുടെ കയ്യില്‍പെടുന്നവരാകാം. വിവസ്ത്രനാകാം. തെറ്റിധാരണയുടെ പേരില്‍, കുറവുകളുടെ പേരില്‍, നഗ്നരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ മൂലം, ജോലിയില്ലായ്മകൊണ്ട്, ലോണ്‍തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട്, ഈയിടെ ആത്മഹത്യ ചെയ്ത വ്യവസായിയെപ്പോലെ എന്ത് ചെയ്തിട്ടും മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട്, ന്യായമായും അന്യായമായും പ്രഹരിക്കപ്പെടുന്നവരുണ്ടാകാം. ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ how do you relate with them? സുവിശേഷം മൂന്ന് വ്യക്തികളുടെ മനോഭാവം കാണിക്കുന്നു: പുരോഹിതന്‍, കണ്ടു കടന്നുപോയി. ലെവായന്‍, കണ്ടെങ്കിലും കടന്നുപോയി. സമരായന്‍, കണ്ടു മനസ്സലിഞ്ഞു. ഇതില്‍ ഏതു കണ്ണോടു കൂടി യാണ് സ്നേഹിതരെ നമ്മള്‍ ജീവിക്കുന്നത്? വീട്ടില്‍ അസുഖമായി കിടക്കുന്ന മാതാപിതാക്കളുമായി ഏതു ബന്ധം? അയല്‍പക്കത്തെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത സഹോദരനോട് ഏതു ഭാവം?…

ആ സമരായന്‍ relate ചെയ്യുന്നത് നോക്കൂ! കണ്ടു, മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. എന്താണ് എണ്ണയും വീഞ്ഞും? അയാളുടെ first aid box ല്‍ ഉള്ളവയാണ്.  ഓര്‍ക്കണം യാത്ര പകുതിയേ ആയിട്ടുള്ളൂ, യാത്രാ മദ്ധ്യേയാണയാള്‍. ഇനിയുള്ള യാത്രയിലും എന്തെങ്കിലും സംഭവിക്കാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് ലോകം പറയും. എങ്കിലും തന്റെ സുരക്ഷിതത്തിനുള്ളവപോലും അയാള്‍ പങ്കുവയ്ക്കുകയാണ്.

എന്നിട്ട് തന്റെ കഴുതയുടെ പുറത്ത് കയറ്റി. എന്താണ് കഴുതയുടെ പുറം? ഒരു സഞ്ചാരിയുടെ, യാത്രക്കാരന്റെ അവകാശമാണ് അയാളുടെ കഴുതയുടെ പുറം. ശരിയായ ബന്ധം എന്നുപറഞ്ഞാല്‍ ഇതാണ്: എന്റെ അവകാശവും കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ചുമ്മാ പൈസ കൊടുക്കുന്നതില്‍ മാത്രം, ഒന്ന് ചിരിച്ചു കാണിക്കുന്നതില്‍ മാത്രം ബന്ധങ്ങള്‍, ബന്ധങ്ങള്‍ ആകുകയില്ല. എന്റെ അവകാശത്തിലും കൂടി….! കൈയെ ത്താവുന്ന ദൂരത്തില്‍ കാല്‍വരി നില്‍ക്കുമ്പോള്‍ ഈശോ പറഞ്ഞില്ലേ? ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ലാ, സ്നേഹിതന്മാരെന്നാ വിളിച്ചത്. അവിടുത്തെ അവകാശത്തില്‍ ഈശോ അവരെ പങ്കുകാരാക്കുകയാണ്.

ആ നല്ല ശമാരായന്‍ തന്റെ കഴുതയുടെ പുറത്ത് കയറ്റി അയാളെ ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു. സ്നേഹിതരെ, നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. വേറൊരു ജീവിയും ഇത്രയും ബലഹീനമല്ല. നമുക്ക് പക്ഷിയെപ്പോലെ പറക്കാന്‍ കഴിയില്ല. ചീങ്കണ്ണിയെപ്പോലെ നീന്താന്‍, കുരങ്ങിനെപ്പോലെ മരം കയറാന്‍ നമുക്ക് കഴിയില്ല. കഴുകനെപ്പോലെയുള്ള കണ്ണ്, കാട്ട് പൂച്ചയെപ്പോലെയുള്ള പല്ല് നമുക്കില്ല. ഒരു ചെറിയ പ്രാണിക്ക് പോലും നമ്മെ കൊല്ലാം. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. ഇത്രയും ബലഹീനമായ നമുക്കുവേണ്ടി ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങള്‍. നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. ഒപ്പം, ചുമലുകളാകാനും നമുക്ക് കഴിയണം.

അയാള്‍ ആ മനുഷ്യനെ പരിചരിച്ചു. സത്രം എന്തിനാണ്? യാത്രക്കാരന് വിശ്രമിക്കാന്‍. അത് അവന്റെ ആവശ്യവും അവകാശവുമാണ്. അവനുമായുള്ള ബന്ധത്തില്‍ അയാള്‍ അതും മാറ്റിവയ്ക്കുകയാണ്. അയാള്‍ അവനെ പരിചരിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും സാമ്യം? അയാളും ഞാനും തമ്മില്‍? അയാള്‍ ബന്ധങ്ങളെ പരിപാലിക്കുകയാണ്, പരിപോഷിപ്പിക്കുകയാണ്. ഞാനോ?

ശമരിയാക്കാരന്‍ രണ്ടു ദാനാറ സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ട് അവന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഇന്ന് നമ്മുടെ കേരളത്തില്‍ കൊച്ചു കുഞ്ഞുങ്ങളുടെ പോലും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നമുക്കാകുന്നില്ല.

വെറുതെ അയല്‍ക്കാരനാരാണെന്ന് പറയാനല്ലാ ഈശോ ഈ ഉപമ പറഞ്ഞത്. മനുഷ്യ ബന്ധങ്ങളുടെ പരിപാലന എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാനാണ്. അത് മനുഷ്യരോട് മാത്രമല്ലാ, പ്രകൃതിയുമായുള്ള ബന്ധത്തിലും അങ്ങനെതന്നെ.

ഓര്‍ക്കുക, തിരുത്തുന്നതിനെക്കാള്‍, സ്വീകരിക്കാനാണ്‌ ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. കളയും വിളയും വേര്‍തിരിക്കാനല്ലാ, രണ്ടും കൂടുന്ന ഭൂമി സ്വീകരിക്കുകയാണ് വേണ്ടത്. ശമരിയാക്കാരന്‍ ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നില്ല. അയാളെ സ്വീകരിക്കുകയാണ്, ജറീക്കൊയിലെയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത അയാളുടെ മണ്ടത്തരത്തോടുകൂടി! ബ്നധങ്ങളുടെ ശ്രേഷ്ടതയാണ് ഈശോ നമ്മെ കാണിച്ചുതരുന്നത്. ഈ ശ്രേഷ്ടതയിലേക്ക് വളരാന്‍ സാധിച്ചാല്‍ നാമാരെയും നഷ്ടപ്പെടുത്തുകയില്ല!

സ്നേഹമുള്ളവരെ, വീണ്ടും വായിച്ചുനോക്കൂ…. ഈ ഉപമ പൂര്‍ണമല്ല. ആരാണ് പൂര്‍ണമാക്കേണ്ടത്‌? വായനക്കാരും, കേള്‍വിക്കാരും. എപ്പോഴാണ് ഈ ഉപമ പൂര്‍ണമാകുക? ശമരിയാക്കാരന്‍ തിരിച്ചുവരണം…….ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്ങനെ? എന്നിലൂടെ, നിങ്ങളിലൂടെ ഈ ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്കിലേ, ഈ കഥ പൂര്‍ണമാകൂ.

സമാപനം

ഇനിയുള്ള നമ്മുടെ ജീവിതം സ്നേഹിതരേ, ഈ കഥ പൂര്‍ണമാക്കാന്‍ ആകട്ടെ. നമ്മുടെ കുടുംബ, സാഹോദര്യ സുഹൃത് അയല്‍വക്ക ബന്ധങ്ങള്‍ ദൈവത്തിന്റെ നമ്മോടുള്ള കരുതലും സ്നേഹവുമാണ്. ശമരിയാക്കാരനെപ്പോലെ ബന്ധങ്ങളെ പരിപാലിക്കാന്‍, പരിപോഷിപ്പിക്കാന്‍ ഈ ഉപമ നമുക്ക് പ്രചോദനമാകട്ടെ. അപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിന്റെ കൃപകള്‍കൊണ്ട് നിറയും. ഈ ഭൂമി പറുദീസായാകും.