SUNDAY SERMON John 14, 15-16, 25-26; 16, 5-11

 യോഹ 14, 15 – 16, 25 – 26; 16, 5 – 11

സന്ദേശം

Image result for images of pentecost

സീറോമലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ പുതിയൊരു കാലത്തിലേക്ക്, ശ്ലീഹാക്കാ ലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ശ്ലീഹാക്കാലത്തിലെ ആദ്യ ഞായറാഴ്ചയിലാണ് നാം പെന്തക്കുസ്താത്തിരുനാള്‍ ആചരിക്കുന്നത്, ആഘോഷിക്കുന്നത്. അമ്പതു ദിവസമായി പരിശുദ്ധാത്മാഭിഷേകത്തിനായി, പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ഥിക്കുന്ന നമുക്ക്  ഈ പെന്തക്കുസ്താത്തിരുനാള്‍ നല്‍കുന്ന സന്ദേശമിതാണ്: ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. 

വ്യാഖ്യാനം

പെന്തക്കുസ്താത്തിരുനാളിന്റെ ദൃശ്യാവിഷ്കാരമെന്നു പറയുന്നത് തീ നാവുകളുടെ രൂപത്തിലുള്ള പരിശുദ്ധാത്മാവിന്റെ വര്‍ഷമാണ്, പരിശുദ്ധാത്മാവിന്റെ പെരുമഴപ്പെയ്ത്താണ്.

ബൈബിളില്‍ മൂന്നു മഴയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത്, ഉല്‍പ്പത്തി പുസ്തകത്തിലാണ്. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവത്തിനു വേദനയുണ്ടാകുവാന്‍ മാത്രം മനുഷ്യന്റെ തിന്മ വര്‍ധിച്ചപ്പോള്‍, ആ ദുഷിപ്പിനെയെല്ലാം കഴുകിക്കളയുവാനായിരുന്നു ആദ്യത്തെ മഴ. രണ്ടാമത്തേത്, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ്. ഇസ്രായേലിന്റെ രാജാവായ ആഹാബും ഭാര്യ ജെസബെല്ലും തിന്മ ചെയ്തപ്പോള്‍ ഏലിയ പ്രവാചകന്‍ പറഞ്ഞു: ‘കര്‍ത്താവാണെ, വരും കൊല്ലങ്ങളില്‍ ഇവിടെ മഴയോ, മഞ്ഞോ പെയ്യുകയില്ല’. മൂന്നുവര്‍ഷം കടുത്ത വരള്‍ചയുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞു. ബാല്‍ ദേവന്റെ പ്രവാചകര്‍ മഴയ്ക്കായി പ്രാര്‍ഥിച്ചു, പക്ഷെ, മഴപെയ്തില്ല. എന്നാല്‍ ഏലിയ പ്രവാചകന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ആകാശം കറുത്തിരുണ്ട്, കാറ്റുവീശി, വലിയ മഴപെയ്തു. മൂന്നാമത്തേത്, നാം ഇന്ന് വായിച്ചുകേട്ട അപ്പസ്തോലപ്രവര്‍ത്തനങ്ങളിലാണ്. ആദ്യത്തെ മഴയ്ക്ക്‌ നോഹയുടെ വിശ്വാസത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നു. രണ്ടാമത്തെതിന്, ഏലിയായുടെ ഉറച്ച വിശ്വാ സത്തിന്റെ സൌന്ദര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, പേടിച്ച, വിശ്വാസം ഇല്ലാത്ത പ്രതീക്ഷയില്ലാത്ത ശിഷ്യരുടെമേല്‍ തീനാവുകളുടെ, പരിശുദ്ധാത്മാവിന്റെ മഴ. അത് ശിഷ്യന്മാരെ സാക്ഷ്യം നല്‍കാന്‍ ശക്തിപ്പെടുത്താനായിരുന്നു, ക്രിസ്തു രക്ഷകനാണെന്നു പ്രഘോഷിക്കുവാന്‍ തയ്യറാക്കുവാനായിരുന്നു, ശിഷ്യരുടെ നിഴലില്‍പോലും രോഗശാന്തിയുടെ ശക്തിയുണ്ടാകും വിധം അവരെ വിശുദ്ധമാക്കുവാനായിരുന്നു, അതിലുമുപരി, ശിഷ്യന്മാരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താനായിരുന്നു. ഈ മഴയായിരുന്നു ആദ്യത്തെ പെന്തക്കുസ്ത.

തിരുസ്സഭ ഇന്ന് നമ്മെ ഇത്തരമൊരു പെന്തക്കുസ്തയിലേക്ക് ക്ഷണിക്കുകയാണ് – ആദ്യ പെന്തക്കുസ്തപോലെ നാമോരോരുത്തരിലേക്കും പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുവാന്‍, അഗ്നി നാളമായ് പരിശുദ്ധാത്മാവ് നമ്മില്‍ നിറയാന്‍, വിശ്വാസത്തില്‍ സ്ഥിരപ്പെടുവാന്‍, ശക്തിയോടെ സാക്ഷ്യം നല്‍കാന്‍ തിരുസ്സഭ ഇന്ന് നമ്മെ ക്ഷണിക്കുകയാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് ഒരു സമൂഹത്തിലേക്കു മൊത്തമായിട്ടല്ലാ വരുന്നത്. ഓരോ വ്യക്തിയിലേക്കും പ്രത്യേകമാംവിധം ആത്മാവ് ആവസിക്കുകയാണ്. വചനം പറയുന്നു: “അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങലോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു”.  സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുന്ന പണിപ്പുരയാണ്. പരിശുദ്ധാത്മാവിനായി ആരെല്ലാം ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നുണ്ടോ – അത് വചനം ശ്രവിക്കുമ്പോളാകാം, വായിക്കുമ്പോളാകാം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോളാകാം, വീട്ടില്‍ ജോലിചെയ്യുമ്പോളാകാം, മറ്റുള്ളവരെ സഹായിക്കുമ്പോളാകാം – ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുകയാണ്. അന്ന് നിയമജ്ഞഫരിസേയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, പട്ടാളക്കരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, വിജാതീയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല. ആദ്യ പെന്തക്കുസ്തയില്‍ ശിഷ്യരുടെമേല്‍ മാത്രം. അപ്പോള്‍, ആളല്ല പ്രധാനം, സ്ഥലമല്ല, പ്രധാനം, ഒരുക്കമുള്ള, ആഗ്രഹമുള്ള ഹൃദയമാണ് പ്രധാനം.

സ്നേഹമുള്ളവരെ, ഈ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗം നമുക്കായി, നമ്മിലെ ഒരുക്കമുള്ളവര്‍ക്കായി, ആത്മാവിന്റെ തീനാളങ്ങളെ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും. കാരണം, ഈ പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. സ്നാപകയോഹന്നാന്‍ എന്താണ് പറഞ്ഞത്? ഞാന്‍ ജലംകൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ്കൊണ്ട് സ്നാനം നല്‍കുന്നവന്‍ വരുന്നുണ്ട്. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. ലൂക്കാ 11, 13ല്‍ ഈശോ പറയുന്നു: തന്നോട് ചോദിക്കുന്നവര്‍ക്ക് പിതാവ് പരിശുദ്ധാത്മാവിനെ നല്‍കും. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നു: ഉന്നതത്തില്‍ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ വസിക്കുവിന്‍. വീണ്ടും പറയുന്നു: പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങളെ എല്ലാം പഠിപ്പിക്കും. പാപത്തെക്കുറിച്ചു, നീതിയെക്കുരിച്, ന്യായവിധിയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തും. ആത്മാവാണ് ജീവന്‍ നല്‍കുന്നത്. സ്നേഹമുള്ളവരെ, പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും.

സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആത്മാവിന്റെ ഫലങ്ങളില്ലാതെ ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണ് നമ്മുടെ ക്രൈസ്തവസാക്ഷ്യം ഇന്ന്. ആത്മാവിനാല്‍ നയിക്കപ്പെടെണ്ട ആത്മീയ ശുശ്രൂഷകര്‍ ഇന്ന് ലോകാരൂപിയാല്‍ നയിയ്ക്കപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് എല്ലാക്കാര്യങ്ങളും വിവാദമാകുന്നത്? ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മെ നയിക്കുന്നവര്‍ക്കുപോലും സാധിക്കുന്നില്ല! നമ്മുടെ കടുംബങ്ങളെവിടെ, മക്കളെവിടെ, യുവജനങ്ങളെവിടെ?   ആഘോഷങ്ങളോടും, ആഡംബരത്തോടും വല്ലാത്ത ഭ്രമമാണ് നമുക്ക്. അമ്മമാര്‍ പോലും മക്കളെ കൊല്ലുന്ന, എങ്ങനെയും പണമുണ്ടാക്കണം എന്ന് ചിന്തിക്കുന്ന, വിവാഹ, പൌരോഹിത്യ, സന്യാസ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിക്കുന്ന, ഈ ആസുര കാലത്ത്, സ്നേഹമുള്ളവരെ, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. ആത്മാവേ, ഞങ്ങളില്‍ നിറയണമേ എന്ന് പ്രാര്‍ഥിക്കണം.

നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ ആയി മാറിയിരിക്കുകയാണ്, വെറും ബോണ്‍സായി ക്രൈസ്തവ ജീവിതങ്ങള്‍. ബോണ്‍സായി മരങ്ങളെ കണ്ടിട്ടില്ലേ? മരമാണോ, അതെ, ഇലകളുണ്ടോ, ഉണ്ട്, നിറമുണ്ടോ, ഉണ്ട്, രൂപത്തില്‍ മരം പോലെ തന്നെ. പക്ഷെ, ഫലമൊന്നും ഇല്ല. വെറും ഷോ പീസുകള്‍ മാത്രം. നാമൊക്കെ ബോണ്‍സായി ക്രൈസ്തവരായിപ്പോയി എന്ന് സങ്കടത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവരാണോ, അതെ, പള്ളിയില്‍ പോകുന്നുണ്ടോ, ഉണ്ട്, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടോ? ഉണ്ട്, കുടുംബപ്രാര്‍ത്ഥന നടത്തുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഫലമൊന്നും ഇല്ല. പല യൂണിഫോമിലുള്ള  പല റീത്തിലുള്ള, വിഭാഗങ്ങളിലുള്ള ബോണ്‍സായി ക്രൈസ്തവര്‍, വെറും ഷോ പീസുകള്‍. ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് എന്ന് അറിയാമെങ്കിലും നമുക്ക് വഴിതെറ്റിപ്പോകുന്നു .

സമാപനം

സ്നേഹമുള്ളവരെ, ഈ പെന്തക്കുസ്താത്തിരുനാള്‍ പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ആത്മാവിനായി നമുക്ക് ദാഹിക്കാം. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കാം. നാം സ്വീകരിച്ചിട്ടുള്ള പരിശുദ്ധാത്മാവിനെ നമുക്ക് നിര്‍ വീര്യമാക്കാതിരിക്കാം. പരിശുദ്ധാത്മാവിന്റെ നിറവിന്റെ ആഘോഷമായ ഈ കുര്‍ബാന നമുക്ക് ഒരു പെന്തക്കുസ്താനഭവമായി മാറട്ടെ.

അപ്പം 

അപ്പം  
Related image
ചുടുചോരതൻ ചുടുമണം
ചുവടുകൾക്കകലെ
ചുനപൊട്ടി  നില്ക്കവേ,

കാരിരുമ്പാണിതൻ 
കല്ലിച്ച ശബ്ദം
കാതിലിരമ്പവേ,

സാമാർദ്രതതൻ 
സൗപർണികം 
അമൃ തായ്‌
വിരിയവേ,

പ്രപഞ്ചം നീയാകുന്നതും 
നീ പ്രപഞ്ചമാകുന്നതും
അന്നമായ്
ഉണ്മകൊള്ളുന്നതും 
ഞാനറിഞ്ഞു.

SUNDAY SERMON – Mark 16, 14-20

മര്‍ക്കോ 16, 14-20

Image result for images of Jesus giving commission

സന്ദേശം

ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാളിനുശേഷം വരുന്ന ഉയിര്‍പ്പുകാലത്തിലെ ഏഴാം ഞായറാഴ്ചത്തെ വചനസന്ദേശം നമ്മെ ക്രൈസ്തവജീവിതത്തിന്റെ ദൌത്യം എന്താണെന്ന് ഓര്‍മപ്പെടുത്തുകയാണ്: ഓരോ ക്രൈസ്തവനും ഒരു പ്രത്യേകദൌത്യം ഈ ലോകത്തില്‍ നിറവേറ്റാനുണ്ട്. ആ ദൌത്യത്തിന്റെ സ്വഭാവത്തിലേക്കും പ്രത്യേകതകളിലേക്കുമാണ് ഇന്നത്തെ സുവിശേഷം വിരല്‍ ചൂണ്ടുന്നത്.

വ്യാഖ്യാനം

ഉഥാനത്തിനുശേഷം താന്‍ ജീവിച്ചിരിക്കുന്നുവെന്നും, ഇന്നും ജീവിക്കുന്ന ദൈവമാണെന്നും ശിഷ്യന്മാരെ ബോധ്യപ്പെടുത്താന്‍ ക്രിസ്തു കുറച്ചൊന്നുമല്ല വിഷമിക്കുന്നത്. ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടും, വഴിയില്‍വച്ച് രണ്ടു പേര്‍ക്കും, പിന്നെ തോമായില്ലാതെ പത്ത്പേര്‍ക്കും, അതിനുശേഷം തോമസോട്കൂടെ പതിനൊന്നുപേര്‍ക്കും, തിബേരിയോസ് കടല്‍ത്തീരത്ത് വച്ച് അത്ഭുതം പ്രവര്‍ത്തിച്ചും  പ്രത്യക്ഷീകരണങ്ങളിലൂടെ ഒരു ഭഗീരഥപ്രയത്നം തന്നെ ഈശോ നടത്തുന്നുണ്ട് ശിഷ്യന്മാരെ ആ സത്യമൊന്നു ബോധ്യപ്പെടുത്താന്‍. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ഓര്‍ത്ത് അവിടുന്ന് വിഷമിക്കുന്നുമുണ്ട്. എന്നിട്ടും, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ തങ്ങളുടെ മറ്റു കടമകളോടൊപ്പം,  പ്രത്യേകം നിറവേറ്റാനുള്ള ദൌത്യം ഈശോ അവര്‍ക്ക് നല്‍കുകയാണ്, നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ.

ഈശോ നല്‍കുന്ന ഈ ദൌത്യം, our mission, is both shared and specific.  ആദ്യഭാഗത്തില്‍ ഈ ദൌത്യം മറ്റുള്ളവരുമായി, മറ്റു ക്രൈസ്തവരുമായി പങ്കുവയ്ക്കാനുള്ളതാണ്. ദൌത്യമിതാണ്: നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. രണ്ടാമത്തേത്, ഓരോ ക്രൈസ്തവനുംവേണ്ടി പ്രത്യേകമുള്ളതാണ്. വിശ്വാസത്തോടെ വചനം പ്രസംഗിക്കുകയും, വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണവ. ഒന്ന്, അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. രണ്ടു, അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. മൂന്ന്‍, അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും, നാല്, മാരകമായത് എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അഞ്ച്, അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും, അവര്‍ സുഖം പ്രാപിക്കും.”

ഈ ഭൂമിയിലെ തന്റെ ദൌത്യത്തെക്കുറിച്ച് ഈശോയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. തനിക്കു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ ഈശോ പറഞ്ഞു: “ ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകെണ്ടിയിരിക്കുന്നു.” കൃത്യം ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, കാല്‍വരിയില്‍ കുരിശില്‍കിടന്നു – ഓര്‍ക്കണം, കാല്‍വരിയില്‍ കുരിശില്‍കിടന്നു ഈശോ പറഞ്ഞു: “ഇത് പൂര്‍ത്തിയായിരിക്കുന്നു.” പിതാവ് നല്‍കിയ ദൌത്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈശോ പറഞ്ഞു: പിതാവേ, അങ്ങ് എന്നെ അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. (യോഹ 17, 18) എന്നിട്ട് ഈശോ ശിഷ്യരോട് പറഞ്ഞു: “എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” (യോഹ 20, 21)

ഈ ഭൂമിയിലായിരുന്നപ്പോള്‍ ഈശോയ്ക്കുണ്ടായിരുന്ന ദൌത്യത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ ദൌത്യം. നാം കണ്ടുമുട്ടുന്ന മനുഷ്യര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യത്തിന്റെ കാതല്‍. വിശുദ്ധ പൌലോസ്ലീഹ പറയുന്നതുപോലെ ഈശോയ്ക്കുവേണ്ടി സംസാരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. (1കോറോ 5, 20) ക്രിസ്തു ഈ ലോകത്തിലേക്ക് പാപികളെ വിളിക്കുവാനാണ് വന്നതെന്ന് നാം വിളിച്ചുപറയണം. പുറംകണ്ണിനും, ഉള്‍ക്കണ്ണിനും കാഴ്ചയില്ലാതെ ഇരുട്ടില്‍ ഞാന്‍ തപ്പിനടന്നപ്പോള്‍ ഈശോ എനിക്ക് വെളിച്ചം നല്‍കിയെന്ന് പ്രഘോഷിക്കണം. ഈശോയെ എന്റെ ഹൃദയത്തിലേക്ക്, ഭവനത്തിലേക്ക്‌ ഞാന്‍ സ്വീകരിച്ചപ്പോള്‍ “ഇന്നീ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നുവെന്നു ഈശോ പറഞ്ഞെന്നു” (ലൂക്കാ 19, 10) നമ്മുടെ  സഹോദരരോട് നാം പറയണം. കര്‍ത്താവായ ഈശോയില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കുമെന്നു (അപ്പ 16,31) തകര്‍ന്ന കുടുംബങ്ങളിലേക്ക്‌ കയറിച്ചെന്നു, വേദനിക്കുന്നവരുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു നാം അവരെ ശക്തിപ്പെടുത്തണം. സ്നേഹമുള്ളവരെ, നാം അനുഭവിച്ച ദൈവസ്നേഹം, നാം സ്വീകരിച്ച സൌഖ്യം, നാം കണ്ട ദൈവത്തിന്റെ രക്ഷ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കേണ്ടവരല്ലേ നമ്മള്‍? ഇതാണ് നമ്മുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ദൌത്യം. ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്  കൊണ്ടിരുന്ന എന്നെ തന്റെ കൈനീട്ടി രക്ഷനല്‍കിയതു ക്രിസ്തുവാണെന്ന്, നമുക്ക് ചുറ്റും ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്കൊണ്ടിരിക്കുന്ന സഹോദരങ്ങളോട് നാം പറഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായിരിക്കും. ക്യാന്‍സറിനെ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മുടെ കൈയിലിരിക്കെ, അയല്‍വക്കത്തെ ക്യാന്‍സര്‍ രോഗിക്ക് നാം അത് കൊടുക്കുന്നില്ലെങ്കില്‍ ആ പ്രവൃത്തി ക്രിമിനല്‍കുറ്റം ആകുന്നപോലെ.

സ്നേഹമുള്ളവരെ, നിങ്ങള്‍ ഒരു ക്രൈസ്തവ മാതാവായിരിക്കാം,, പിതാവയിരിക്കാം, ക്രിസ്തുവിന്റെ യുവാവാകാം, യുവതിയാകാം, ഈശോയുടെ കുഞ്ഞുമക്കളാകാം, പുരോഹിതനാകാം, സന്യാസിയാകാം, നിങ്ങള്‍ ആരായാലും, എന്തായാലും, നിങ്ങളുടെ ജീവിതകടമകള്‍ക്കും അപ്പുറം ഈശോ നല്‍കുന്ന ഈ പ്രത്യേക ദൌത്യം നിങ്ങള്‍ പൂര്‍ത്തീകരിയ്ക്കണം. ഇന്നത്തെ ദൈവവചനം ഈയൊരു ഓര്‍മപ്പെടുത്തലുമായിട്ടാണ് നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

അങ്ങനെ നാം നമ്മുടെ ഒന്നാം ഭാഗം നിര്‍വഹിച്ചുകഴിയുമ്പോള്‍, ക്രിസ്തുവിനെ പ്രഘോഷിച്ചുകഴിയുമ്പോള്‍ നമ്മിലും, നമ്മുടെ പ്രഘോഷണം വഴി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലും അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണ് ഇന്നത്തെ ദൈവവചനത്തിന്റെ രണ്ടാംഭാഗം. ഈ അടയാളങ്ങള്‍ വഹിക്കുവാന്‍ സാധിക്കുമോയെന്നു ചോദിക്കുന്നതിനെക്കാള്‍, ഈ അടയാളങ്ങള്‍ വഹിക്കേണ്ടവരാണ് ക്രൈസ്തവര്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ അടയാളങ്ങള്‍ വഹിച്ച ക്രൈസ്തവരുള്ള ഒരു  കാലം കേരളക്കരയില്‍ ഉണ്ടായിരുന്നു. പണ്ട്, തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്ന കാലത്ത് ഒരു സവര്‍ണന്‍ അശുദ്ധനായാല്‍, ആര്‍ക്കെങ്കിലും ഭൂതബാധയുണ്ടായാല്‍ ഒരു ക്രൈസ്തവന്‍ സ്പര്‍ശിച്ചാല്‍ മതിയായിരുന്നു സവര്‍ണന്‍ ശുദ്ധനാകുവാന്‍. ക്രൈസ്തവന്റെ സാന്നിധ്യം മതിയായിരുന്നു, ബാധകള്‍ ഒഴിഞ്ഞുപോകുവാന്‍. ഭാരതത്തില്‍ ക്രിസ്തുമതം പിറവിയെടുത്തപ്പോള്‍ ക്രൈസ്തവരായവരുടെ ജീവിതം, അവരുടെ സംസാരം, പെരുമാറ്റം എല്ലാറ്റിലും ഒരു പുതുമ ഉണ്ടായിരുന്നു, ക്രിസ്തുവിന്റെ സ്നേഹമുണ്ടായിരുന്നു എന്നത്, സ്നേഹത്തിന്റെ ഭാഷയാണ്‌ അവര്‍ സംസാരിച്ചിരുന്നത് എന്നത് വെറുമൊരു WhatsApp തമാശയല്ല, ചരിത്രമാണ്. ഈ കടമറ്റത്തച്ചനെയൊക്കെ ഐതീഹ്യമെന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. ഒരുകാലത്ത് പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചിരുന്ന, മാരകമാ യവയില്‍ നിന്നല്ലാം ദൈവത്തിന്റെ സംരക്ഷണ ലഭിച്ചിരുന്ന, രോഗികളുടെമേല്‍ കൈവച്ചു പ്രാര്‍ഥിചു അവരെ സുഖപ്പെടുത്തിയിരുന്ന ഒരു നല്ല ക്രൈസ്തവ സംസ്കാരത്തിന്റെ, കാലഘട്ടത്തിന്റെ പ്രതീകമല്ലേ ഈ കടമറ്റത്തിലച്ചന്‍! ആ പ്രതീകത്തിന്റെ ആവിഷ്ക്കാരങ്ങളല്ലേ കടമറ്റത്ത് കത്തനാര്‍ കഥകള്‍?

ഇന്നത്തെ കഥകള്‍ ഞാന്‍ ഇവിടെ പറയേണ്ടതില്ലല്ലോ! സിനിമാക്കഥകളെക്കാള്‍ വെല്ലുന്ന തിരക്കഥകളും, ഓസ്കാര്‍ ലഭിക്കേണ്ട അഭിനയങ്ങളും ആയിട്ടാണ് നമ്മള്‍ അരങ്ങുതകര്‍ക്കുന്നത്‌. സ്വയം നാണംകെട്ടും നാണം കെടുത്തിയും നശിക്കാന്‍ എന്തോ വാശിയുള്ളതുപോലെ?!

സമാപനം

സ്നേഹമുള്ളവരെ, ക്രൈസ്തവരുടെ പ്രത്യേക ദൌത്യം, ക്രിസ്തുവിനെ പ്രഘോ ഷിക്കുക എന്നതാണ്. ക്രൈസ്തവരുടെ unique ആയ specific ആയ assignment നന്മയുടെ, വിശുദ്ധിയുടെ, സ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, സൌഖ്യത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നവരാകുക എന്നതാണ്. ക്രൈസ്തവരെന്നു അഭിമാനിക്കുന്നതോടൊപ്പം, നമ്മുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധ്യമുള്ളവരാകാം. ഇന്നത്തെ ദൈവവചനം ഓരോര്‍മപ്പെടുത്തലാണ് എന്നത് മറക്കാതിരിക്കുക. ഇനിയൊരു ഓര്‍മപ്പെടുത്തല്‍ ഉണ്ടായില്ലെങ്കിലോ?