SUNDAY SERMON LK 24, 44-53

ഉയിർപ്പുകാലം ഏഴാം ഞായർ

ലൂക്കാ 24, 44-53

സന്ദേശം

ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ചുകൊണ്ട് ഈ ദൗത്യത്തിലേക്ക് ഈശോ അവരെ ക്ഷണിക്കുകയാണ്.  അങ്ങനെ പ്രചോദിതരായ, ശക്തരായ, തീക്ഷ്ണമതികളായ ശിഷ്യരാകട്ടെ, ബഥാനിയായിൽ ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നത് കണ്ടശേഷം ആനന്ദത്തോടെ തിരികെ ജറുസലേമിൽ വന്ന് സദാസമയവും, ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തിൽ കഴിഞ്ഞുകൂടി.

ഇത്രയും സംഭവങ്ങളടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗം ക്രൈസ്തവരായ നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ക്രൈസ്തവ ദൗത്യത്തെയാണ്. ക്രൈസ്തവരുടെ ജീവിതം 180 ഡിഗ്രി തിരിക്കാവുന്ന ചോദ്യം ഇതാണ്: ഒരു ക്രൈസ്തവ സഹോദരി എന്ന നിലയിൽ, ക്രൈസ്തവ സഹോദരൻ എന്ന നിലയിൽ നീ ഈ ഭൂമിയിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം നീ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ജീവിതംകൊണ്ടും, ജീവിതം കൊടുത്തും  ധൈര്യപൂർവം പ്രഘോഷിക്കുക. ഈ ദൗത്യം നമ്മെ ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു എന്ന് എഴുതുമ്പോഴും, ഏതെല്ലാം വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഈശോ അവരെ ഓർമിപ്പിച്ചതെന്നോ, ഏതെല്ലാം വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് അവർക്ക് വിശദീകരിച്ചു കൊടുത്തതെന്നോ വിശുദ്ധ ലൂക്കാ നമ്മോട് പറയുന്നില്ല. എന്നാൽ, ഈ സുവിശേഷഭാഗത്തുനിന്ന് തിരുസഭയുടെ വചനപ്രഘോഷണത്തിന്റെ മൂന്ന് ഘടകങ്ങൾ വിശുദ്ധ ലൂക്കാ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും, മരണവും. രണ്ട്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നു. മൂന്ന്, ക്രിസ്തുവിന്റെ ക്ഷമയും, പാപമോചനവും എല്ലാ ജനതകളോടും പ്രസംഗിക്കുക.

ജറുസലേമിൽ നിന്ന് ആരംഭിക്കുന്ന ഈ പ്രഘോഷണം പക്ഷേ, ജറുസലേമിൽ മാത്രം ഒതുങ്ങുന്നില്ല. അത് ജറുസലേമിൽ നിന്ന് യൂദയായിലേക്ക്, അവിടെനിന്ന് സമരിയയിലേക്ക്, പിന്നെ ഭൂമിയുടെ അതിർത്തികൾ വരെയും എത്തേണ്ടിയിരിക്കുന്നു. (അപ്പ 1, 8) ഈ പ്രഘോഷണമാണ്, തിരുസഭയുടെ, ഓരോ ക്രൈസ്തവ സഹോദരിയുടെ, സഹോദരന്റെ ഈ ഭൂമിയിലെ ജീവിത ദൗത്യം. നാമോരോരുത്തരുടേയും മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ, അവിടുത്തെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ നമുക്കാകണം. ഈ ഏറ്റുപറച്ചിലാകണം ഓരോ ക്രൈസ്തവന്റെയും ജീവിതം. മതമർദ്ദനത്തെയോ, കൊലവിളി മുദ്രാവാക്യങ്ങളെയോ പേടിച്ച് ഓടിയൊളിക്കുവാനല്ല ക്രിസ്തു തന്റെ രക്തംകൊണ്ട് നമ്മെ രക്ഷിച്ചത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ വലിയ റാലിയിൽ കേവലം ഒൻപതു വയസ്സുള്ള ഒരു ബാലന്റെ വായിലൂടെ പുറത്തു വന്ന മുദ്രാവാക്യങ്ങൾ കേൾക്കാത്തവരായി ഇന്ന് ഭൂമിമലയാളത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ആ മുദ്രാവാക്യങ്ങൾകേട്ട് ഏതെങ്കിലും ക്രൈസ്തവന് ഞെട്ടലുണ്ടായെങ്കിൽ അതിന്റെ കാരണം, മൂർച്ചയുള്ള മുദ്രാവാക്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന തീവ്രവാദത്തിന്റെയും, അസഹിഷ്ണതയുടെയും, കൊലവിളിയുടെയും ഉള്ളടക്കംകൊണ്ടാണ്. തങ്ങൾ മറ്റു മതസ്ഥരുടെ അന്തകരാകുമെന്നും, തങ്ങൾ പറയുന്ന മര്യാദയ്ക്കനുസരിച്ചു ജീവിച്ചില്ലെങ്കിൽ കുന്തിരിക്കം കരുതിവയ്ക്കണമെന്നും പറയുമ്പോൾ, പേടിച്ചു പോകുന്നവരാണ് ക്രൈസ്തവരെന്നാണ് അവർ കരുതിയത്.

മലയാളത്തിൽ റിലീസ് ചെയ്ത വരയൻ സിനിമയിൽ നായകനായ എബിച്ചൻ പറയുന്ന മനോഹരമായ ഒരു ഡയലോഗുണ്ട്. അച്ചനെ കുത്തിക്കൊല്ലാൻ വരുന്ന ഇടവകയിലെ ഗുണ്ടയോട് അച്ചൻ പറയുന്നതിങ്ങനെയാണ്: ‘എന്നോട് പൊരുതാൻ വന്നാൽ നീ തോറ്റുപോകും. കാരണം, ഞാൻ (ക്രിസ്തുവിനായി) മരിക്കാൻ വന്നവനാണ്. എനിക്കൊന്നും നഷ്ടപ്പെടുവാനില്ല. നീ ജീവിക്കാൻ ആഗ്രഹിക്കുന്നവനാണ്.’ അതേ സ്നേഹമുള്ളവരേ, ഓരോ  ക്രൈസ്തവ സഹോദരിയും, സഹോദരനും ക്രിസ്തുവിനായി ഈ ഭൂമിയിൽ ജീവൻകൊണ്ടും, ജീവിതംകൊണ്ടും സാക്ഷ്യം നൽകുവാൻ, രാക്ഷസാക്ഷിത്വം വഹിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്, നിൽക്കുന്നവനാണ്. അവർക്ക്, വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിൽ മരണം നേട്ടമാണ്. അവരെ മുദ്രാവാക്യങ്ങളാകുന്ന ഓലപ്പടക്കങ്ങൾകൊണ്ട് പേടിപ്പിക്കുവാൻ ശ്രമിക്കുന്നത് വെറും വ്യാമോഹമാണെന്ന് വിളിച്ചുപറയുവാൻ, ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. കാരണം, സ്നേഹത്തിനുപകരം സ്നേഹം നൽകാനും, ബലിക്കുപകരം ബലിയാകാനും തയ്യാറായിട്ടാണ് ഓരോ ക്രൈസ്തവനും ഓരോ നിമിഷവും ജീവിക്കുന്നത്. ഇനി ഒരു ബലി അർപ്പിക്കുവാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞിട്ട് വിശുദ്ധ കുർബാനയുടെ ജീവിതം നയിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന ക്രൈസ്തവനെ പേടിപ്പിക്കുവാൻ ഈ ലോകത്തിലെ മുദ്രാവാക്യങ്ങൾക്കോ, പീഡനങ്ങൾക്കോ സാധിക്കുകയില്ലെന്ന് ക്രൈസ്തവ ചരിത്രം എത്രയോ വട്ടം തെളിയിച്ചിട്ടുള്ളതാണ്!!! അങ്ങനെ ശ്രമിക്കുന്നത് വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതുപോലെയിരിക്കും!!

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെ ഇല്ലായ്മചെയ്യുവാൻ, ക്രൈസ്തവ മുക്ത ഭാരതം രൂപീകരിക്കുവാൻ അരയും തലയും മുറുക്കി തയ്യാറായി നിൽക്കുന്നവർ കേൾക്കേ നാം വിളിച്ചു പറയണം ക്രിസ്തു ഞങ്ങൾക്ക് ജീവനാണ് ജീവിതമാണെന്ന്. വർഗീയതയും, തീവ്രവാദവും കൊലവിളികളും പറയുവാൻ കൊച്ചുകുട്ടികളെപ്പോലും ഉപകരണങ്ങളാക്കുന്നവർ വിശ്വസിക്കുന്ന മതമേതാണാവോ? ഏറ്റുപറയുന്ന ദൈവത്തിന്റെ സ്വഭാവമെന്താണാവോ?

അതെന്തായാലും, ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം സ്നേഹമാണ്; ക്രൈസ്തവർ ഏറ്റുപറയുന്ന ദൈവം കാരുണ്യവാനാണ്;

ക്രൈസ്തവർ പ്രഘോഷിക്കുന്ന മതം ശത്രുവിനെപ്പോലും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന, സഹോദരങ്ങൾക്കുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന മതമാണ്. മാത്രമല്ല, ലോകാവസാനവരെ നമ്മോടൊത്തു വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലാണ് ക്രൈസ്തവരുടെ വിശ്വാസം.

അതുകൊണ്ട് സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതുവരെ, ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല. ഫാദർ ചാൾസ് അർമിനോയുടെ „യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും“ എന്ന ഗ്രന്ഥത്തിൽ ലോകം അവസാനിക്കുന്നതിനുള്ള മൂന്ന് അടയാളങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1. വിശുദ്ധ മത്തായിയുടെ സുവിശേഷം 24, 14 ആണ്. “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യമാകും.” 2. വിശുദ്ധ പൗലോശ്ലീഹാ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറയുന്ന അരാജകത്വത്തിന്റെ മനുഷ്യനായ അന്തിക്രിസ്തുവിന്റെ ആഗമനമാണ്. 3. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പറയുന്ന യഹൂദരുടെ മനസാന്തരമാണ്.

അടുത്ത നൂറ് വർഷത്തേക്ക് കൂടി ലോകം നിലനിൽക്കുമോ? അതോ, നമ്മുടെ ഈ സഹസ്രാബ്ദത്തിൽ തന്നെ അത് അവസാനിക്കുമോ? ഒരു സാങ്കൽപ്പിക സിദ്ധാന്തത്തിനും അനുമാനത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണിവയെല്ലാം. ആ ദിവസം നമുക്ക് അറിയാനാകില്ല എങ്കിലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്. ദൈവത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, ദൈവം തന്റെ വചനങ്ങളിലൂടെ നമുക്കത് അറിയിച്ചു തരികയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജെറോമിനെയും (St. Jerome)ബീഡിനെയും (St. Bede the Venerable)പോലുള്ളവർ ദൈവത്തിന്റെ വചനങ്ങൾ കർശനമായും അക്ഷരാർത്ഥത്തിലും മനസ്സിലാക്കണമെന്നാണ് പറയുന്നത്. കൊർണേലിയൂസ് ലാപിഡ് (Fr. Cornelius Lapide SJ) എന്ന ബൈബിൾ വ്യാഖ്യാതാവ് പറയുന്നത്, ക്രിസ്തുമതം പ്രഘോഷിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒരു പൊതു സംവിധാനമെന്ന നിലയിൽ രൂപപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷമാണ് അവസാനം വരിക.” അഭിമാനത്തോടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഏറ്റുപറയുവാൻ, ധൈര്യത്തോടെ ജീവിതത്തിന്റെ എല്ലാസാഹചര്യങ്ങളിലും, എല്ലാ വേളകളിലും പ്രഘോഷിക്കുവാൻ നാം തയ്യാറാകുമ്പോഴേ, പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ശക്തിയിൽ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്കാകൂ. ദൈവരാജ്യത്തിന്റെ സുവിശേഷം, ഒരു സമുദ്രവും ബാക്കിയില്ലാതെ, അജ്ഞാതമായ ഒരു ദ്വീപില്ലാതെ, എല്ലാ വിജനപ്രദേശങ്ങളിലും, ജനവാസ മേഖലകളിലും, മുസ്ലീമിനോടും, ഹിന്ദുവിനോടും, നിരീശ്വര വാദിയോടും, നിർമ്മതക്കാരനോടും, ജാതി, മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരിടയനും ഒരു തൊഴുത്തും ആകും (യോഹ 10, 16) എന്ന ക്രിസ്തുവിന്റെ വചനം നിറവേറുവാൻ നാം ഉപകരണങ്ങളാകേണ്ടിയിരിക്കുന്നു!!

ഇതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. കാലത്തിന്റെ സ്പന്ദനങ്ങൾ നാം വായിച്ചെടുക്കുമ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഏറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം തീവ്രവാദികൾ കൊലപ്പെടുത്തുന്നത് നാം ക്രിസ്ത്യാനികളെയാണ്. ഭാരതത്തിലും, ഈ കൊച്ചുകേരളത്തിലും വർഗീയ തീവ്രവാദികളുടെ target നാം ക്രൈസ്തവരല്ലാതെ മറ്റാരുമല്ല. സ്നേഹമുള്ളവരേ, നമ്മുടെ ജീവിത ദൗത്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

നമ്മുടെ ഇടവക ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരണങ്ങൾ നടക്കുന്ന ഈ നാളിൽ, സോഷ്യൽ മീഡിയയിൽ കണ്ട ഒരു Video നമ്മുടെ ക്രൈസ്‌തജീവിതദൗത്യത്തെ വരച്ചു കാട്ടുന്നതാണ്. ഫാ. ഫിജോ സ്ക്രിപ്റ്റ് എഴുതി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത് Media Catholica അവതരിപ്പിക്കുന്ന ഈ Video യുടെ പേര്, Isa എന്നാണ്. Subtitle ആയി ഈ വാക്കിന്റെ അർത്ഥമാണ് കൊടുത്തിരിക്കുന്നത് – God is my Oath. ഇസ എന്ന പെൺകുട്ടിയുടെ ആദ്യകുർബാന സ്വീകരണം വികാരിയച്ചൻ മുടക്കിയതിനെച്ചൊല്ലി ഒരു മാഷ് അച്ചനോട് സംസാരിക്കുന്നതോടുകൂടിയാണ് ചിത്രം തുടങ്ങുന്നത്. അപ്പോൾ അച്ചൻ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരണം മുടക്കിയിട്ടില്ല. മാതാപിതാക്കൾ കുമ്പസാരിച്ച് ഒരുങ്ങുന്നില്ലെങ്കിൽ അവരുടെ മക്കൾക്ക് ആദ്യകുർബാന സ്വീകരിക്കാൻ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇസയുടെ അപ്പച്ചൻ ബെന്നി കുമ്പസാരിക്കുന്നില്ലെങ്കിൽ, ഇസയുടെ ആദ്യകുർബാനസ്വീകരണം നടക്കില്ല.”  അടുത്ത സീൻ ഇസയുടെ അപ്പച്ചൻ ബെന്നിയും, മാഷും, ഇസയും കൂടി വീട്ടിലിരുന്ന് സംസാരിക്കുന്നതാണ്. ബെന്നി ധാരാളം Arguments പറയുന്നുണ്ട്. കേസുകൊടുക്കുമോന്നൊക്കെ വീമ്പടിക്കുന്നുണ്ട്. അപ്പോൾ ഇസ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരിക്കുന്നില്ല.”  “കണ്ടില്ലേ വികാരിയച്ചൻ കാരണം എന്റെ മകളെടുക്കുന്ന തീരുമാനം?” ബെന്നി ദേഷ്യത്തോടെ പറഞ്ഞു. അപ്പോൾ ഇസ പറഞ്ഞു: “വികാരിയച്ചൻ കാരണമല്ല. അപ്പച്ചൻ കാരണമാണ് ഞാൻ ആദ്യ കുർബാന സ്വീകരണം വേണ്ടെന്ന് പറഞ്ഞത്. അപ്പച്ചന് കുമ്പസരിച്ച് കുർബാന സ്വീകരിക്കാൻ താത്പര്യമില്ലല്ലോ. അപ്പച്ചന് വേണ്ടാത്ത ഈശോയെ എനിക്കും വേണ്ട.” ആ അപ്പച്ചൻ ഞെട്ടിപ്പോയി. Video അവസാനിക്കുന്നത് ഇസയുടെ ആദ്യകുർബാന സ്വീകരണത്തോടെയാണ്.

മുതിർന്നവരും, മാതാപിതാക്കളുമൊക്കെ യഥാർത്ഥ ക്രൈസ്തവജീവിതം നയിക്കുന്നില്ലെങ്കിൽ, തങ്ങളുടെ ക്രൈസ്തവ ദൗത്യം നിർവഹിക്കുന്നില്ലെങ്കിൽ വരും തലമുറയ്ക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ, പ്രഘോഷിക്കാൻ വലിയ താത്പര്യമൊന്നും ഉണ്ടാകില്ല. അവർ പറയും: “നിങ്ങൾക്ക് വേണ്ടാത്ത ക്രിസ്തുവിനെ ഞങ്ങൾക്കും വേണ്ട.”

ക്രിസ്തുവിന്റെ, ക്രിസ്തുമതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു Video യും ഈയിടെ കണ്ടു.

Christianity ഭാരതത്തിന് വേണ്ട എന്ന് പറയുന്നവരെ ഈ Video കാണിച്ചുകൊടുക്കുവാനാണ് അവതാരകൻ പറയുന്നത്.

പ്രിയപ്പെട്ടവരേ, തമ്മിൽതല്ലി ചാകുവാനായിട്ടല്ല ക്രിസ്തു നമുക്കുവേണ്ടി കാൽവരികയറിയത്; മൂന്നാണികളിൽ തൂങ്ങി മരിച്ചത്; മൂന്നാം ദിനം ഉത്ഥിതനായത്; ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തു വസിക്കുന്നത്. ക്രിസ്തുവിന്റെ സഭയോടൊത്തു ചേർന്ന്, ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ജീവിക്കുവാൻ നമ്മുടെ പിടിവാശികളും, ഈഗോയും (Ego) നാം മാറ്റിവയ്ക്കണം. തെരുവിൽ, പൊതുസമൂഹത്തിന്റെ മുൻപിൽ ക്രിസ്തുവിനെ നാണം കെടുത്തുവാനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായി വിളിക്കപ്പെട്ടിരിക്കുന്നത്!!  നമ്മുടെ കുടുംബങ്ങളെ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇടങ്ങളാക്കി നാം മാറ്റണം. വീട്ടിൽ നിന്ന് എന്തുകാര്യത്തിന് ഇറങ്ങുമ്പോഴും, തിരിയെ എത്തുമ്പോഴും തിരുഹൃദയ ഈശോയുടെ മുൻപിൽ നമ്മെ സമർപ്പിക്കുവാൻ നമുക്കാകട്ടെ. ആധ്യാത്മിക കാര്യങ്ങൾക്ക് നാം പ്രാധാന്യംകൊടുക്കുന്നത് നിരീക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങൾ തീർച്ചയായും ക്രിസ്തുവിനെ അറിയും. ഒപ്പം, വൈദികരെയും സിസ്റ്റേഴ്സിനെയും കാണുമ്പോൾ ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ“എന്ന് പറയുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ, ക്രൈസ്തവർ പരസ്പരം കാണുമ്പോഴും ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നത് നമ്മുടെ ജീവിത ദൗത്യം എന്തെന്ന് പരസ്പരം ഓർമിപ്പിക്കുവാൻ ഉപകരിക്കും.

സമാപനം

വീട്ടിലുള്ള ഭൂപടം ഒന്ന് നിരീക്ഷിക്കൂ… അല്ലെങ്കിൽ ഗൂഗിൾ ചെയ്താൽ കാണാൻ പറ്റും. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാ മനുഷ്യരിലും വിളംബരം ചെയ്യപ്പെട്ടിട്ടില്ല എന്ന് നമുക്കപ്പോൾ മനസ്സിലാകും. വെളിവാക്കപ്പെട്ട സത്യത്തിന്റെ നേരിയ കിരണങ്ങൾപോലും ദർശിക്കാത്തവർ ഇന്നുമുണ്ട്. അപ്പോൾ, പ്രിയപ്പെട്ടവരേ, നാം ഉറക്കം തൂങ്ങികളാകരുത്; നമ്മുടെ ദൗത്യം മറക്കുന്നവരുമാകരുത്. രാത്രി പകലാക്കിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അധ്വാനിക്കുവാൻ നാം തയ്യാറാകണം. മുദ്രാവാക്യങ്ങളെ നാം ഭയപ്പെടേണ്ടതില്ല; ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും നമ്മെ തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഭയക്കേണ്ടതില്ല. “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” (2 മക്കബായർ 8, 18)

നമ്മുടെ ജീവിതദൗത്യം നമുക്ക് സാധിക്കുന്നിടത്തോളം പൂർണതയിലും, ശക്തിയിലും നിർവഹിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിത ദൗത്യത്തെ ഓർമപ്പെടുത്തുന്ന ക്രിസ്തുവിന്റെ ബലിയാണെന്ന് നാം മറക്കാതിരിക്കുക. ആമേൻ! 

One thought on “SUNDAY SERMON LK 24, 44-53”

Leave a comment