SUNDAY SERMON FEAST OF PENTECOST 2024

പെന്തെക്കുസ്താത്തിരുനാൾ 2024

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. (ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞപോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു

പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

Leave a comment