SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

ലൂക്കാ 9, 1-6

സന്ദേശം

ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച. പരിശുദ്ധാത്മ അഭിഷേകത്തിന്റെ ആഘോഷമായ, പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പായ വിശുദ്ധ കുർബാന അർപ്പിക്കാൻ വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

എന്നാൽ, ഈയിടെ ഇറങ്ങിയ ഒരു മലയാളം ഫിലിം കണ്ടപ്പോൾ, ആ സിനിമയിലെ ഗാനത്തിനൊത്ത് യുവജനങ്ങളും, കുട്ടികളും വലിയ ആവേശത്തോടെതന്നെ ചുവടുവയ്ക്കുന്നത് കണ്ടപ്പോൾ, ഇന്നത്തെ തലമുറ ആരുടെ പിന്നാലെയാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചുപോയി. ക്രൈസ്തവകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പുകളിലും, ഈ പാട്ടുതന്നെയാണ് ഹൈലൈറ്റ്! സിനിമ ഏതെന്നല്ലേ? “ആവേശം”. Song: ഇല്ലുമിനാറ്റി! ഈ പാട്ടിൽ, ‘കാലം കാത്തുവച്ച രക്ഷകനായി വാഴ്ത്തുന്നത്’ ഒരു ഗുണ്ടാത്തലവനെയാണ്! അവന്റെ പിന്നാലെയാണ് ലോകം! അവൻ പറയുന്നത് ചെയ്യാൻ ഗുണ്ടകളുടെ ഒരു പട തന്നെ അവനോടൊപ്പമുണ്ട്!

അവൻ പറഞ്ഞാൽ പറയുന്നതുപോലെ ചെയ്യാൻ എല്ലാവരും, കോളേജ് പിള്ളേർ വരെ തയ്യർ!

ഇങ്ങനെയുള്ളൊരു കാലഘട്ടത്തിൽ, ഇന്നത്തെ തലമുറയോട് ക്രിസ്തു ആണ് ലോകരക്ഷകൻ എന്ന് പറഞ്ഞാൽ, ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണ് നമ്മൾ എന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുമോ എന്ന ഭയം എന്റെ ഉള്ളിലുണ്ട്. എന്നാലും, വചനം പങ്കുവയ്ക്കണമല്ലോ!

വ്യാഖ്യാനം

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് ഈ നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്, അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ

ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ഈ ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

ഇല്ല്യൂമിനാറ്റിയുടെ പിന്നാലെ പോകാൻ വലിയ ആവേശത്തോടെ യുവജനങ്ങളും, കുട്ടികളും തയ്യാറാകുന്ന ഈ കാലത്ത് തന്നെയാണ്, കമ്പ്യൂട്ടർ യുഗത്തിന്റെ, സോമിയുടെ (സോഷ്യൽ മീഡിയ) വാഴ്ത്തപ്പെട്ടവനായ കാർലോസ് അക്വിറ്റിസിന്റെ (Blessed Carlo Acutis) മാധ്യസ്ഥ്യം വഴിയായി ഒരു അത്ഭുതം മാർപാപ്പ അംഗീകരിച്ചത്.

2022 ജൂലൈ 8-ന്, ലിലിയാന (Liliana) എന്ന സ്ത്രീയുടെ മകൾക്കുണ്ടായ (Valeria) ദാരുണമായ അപകടത്തിൽ, ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നറിഞ്ഞ്, ലിലിയനാ അസീസിയിലെ വാഴ്ത്തപ്പെട്ട കാർലോയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ചു, അവളുടെ അപേക്ഷ വിവരിക്കുന്ന ഒരു കത്ത് അവിടെ നൽകി.

അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറ.ഞ്ഞിട്ടും, ലിലിയാനയുടെ സെക്രട്ടറി, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനോട് ഉടൻ പ്രാർത്ഥിക്കാൻ തുടങ്ങി.  ജൂലൈ 8-ന് ലിലിയാന അസീസിയിലെ അദ്ദേഹത്തിൻ്റെ ശവകുടീരത്തിലേക്ക് തീർത്ഥാടനം നടത്തി. അപകടം നടന്നത് ജൂലൈ 2 നായിരുന്നു.

അന്നുതന്നെ, വലേറിയ (Valeria) സ്വയമേവ ശ്വാസം എടുക്കാൻ തുടങ്ങിയെന്ന് ആശുപത്രി അവളെ അറിയിച്ചു. അടുത്ത ദിവസം, അവൾ ചലിക്കാൻ തുടങ്ങി, ഭാഗികമായി അവളുടെ സംസാരം വീണ്ടെടുത്തു. ജൂലൈ 18 ന്, CAT സ്കാനിൽ അവളുടെ രക്തസ്രാവം അപ്രത്യക്ഷമായി എന്ന് തെളിയിക്കപ്പെട്ട. ഓഗസ്റ്റ് 11 ന് വലേറിയയെ പുനരധിവാസ തെറാപ്പിയിലേക്ക് മാറ്റി. അവൾ അതിവേഗം പുരോഗതി പ്രാപിച്ചു, സെപ്തംബർ 2-ന്, വലേരിയയും ലിലിയാനയും അസീസിയിലേക്ക് മറ്റൊരു തീർത്ഥാടനം നടത്തി, അനുഗ്രഹീത കാർലോയുടെ മധ്യസ്ഥതയ്ക്ക് നന്ദി പറഞ്ഞു.

വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനായി കർദ്ദിനാൾമാരുടെ ഒരു കോൺസിസ്റ്ററി വിളിച്ചുകൂട്ടുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.

ലോകം “ആവേശ”ത്തിന്റെ പിന്നാലെ പോകുമ്പോഴും, വിശുദ്ധ കുർബാനയിലെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു!!! ആരെയാണ് പിൻചെല്ലേണ്ടതെന്ന്, ആരുടെ വചനങ്ങളാണ് കേൾക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു!! വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റിസ് (Blessed Carlo Acutis) കാണിച്ചുതരുന്ന ലോക രക്ഷകൻ ക്രിസ്തുവാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!