SUNDAY SERMON MT 10, 16-33

ശ്ളീഹാക്കാലം അഞ്ചാം ഞായർ

മത്തായി 10, 16-33

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം അഞ്ചാം ഞായറാഴ്ചത്തെ സുവിശേഷഭാഗം പ്രേഷിത പ്രവർത്തനത്തിന്റെ ചാലകമാണ്. ക്രൈസ്തവപ്രേഷിത പ്രവർത്തനങ്ങളുടെ ശൈലിയും, ചൈതന്യവും മനസ്സിലാക്കാനുള്ള, അതിനായി സ്വയം സമർപ്പിക്കാനുള്ള ആളുന്ന ചിന്തകൾക്ക് തീകൊടുക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ സഹായിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ 16 മുതലുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്. പത്താം അധ്യായത്തിലെ ഒന്നാം വാക്യം ഇങ്ങനെയാണ്: “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും, സുഖപ്പെടുത്താനും, അവർക്ക് അധികാരം നൽകി.” (മത്താ 10, 1) ആ ദൃശ്യത്തിലേക്ക് നോക്കൂ…അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരുണ്ട്. അധികാരത്തോടെ പ്രേഷിത പ്രേഷിതപ്രവർത്തനത്തിനായി ശിഷ്യരെ യാത്രയാക്കുന്ന ഗുരുവുണ്ട്. അയയ്ക്കപ്പെടുന്നവർ ചെയ്തുതീർക്കേണ്ട ദൗത്യമുണ്ട്. –  ആ ദൃശ്യത്തിൽ ക്രിസ്തുവിന്റെ പ്രേഷിതപ്രവർത്തനശൈലിയുണ്ട്.

പതിനാറാം വാക്യത്തിലേക്ക് വരുമ്പോൾ പക്വതയാർന്ന, കരുതലും, ശ്രദ്ധയുമുള്ള ഒരു ഗുരുവിന്റെ മനസ്സ് നമുക്ക് കാണാൻ കഴിയും. താൻ ആരെയാണ് അയയ്ക്കുന്നത് എന്നറിയുന്ന, താൻ അവരെ എങ്ങോട്ടാണ് അയയ്ക്കുന്നത് എന്നറിയുന്ന നല്ലൊരു ഗുരുവിന്റെ ചിത്രം, ഉയർന്ന കാഴ്ചപ്പാടുകളും, ഉറച്ച ബോധ്യങ്ങളുമുള്ള ക്രിസ്തുവിന്റെ ചിത്രം ഈശോയിൽ നമുക്ക് കാണാം. മാത്രമല്ല, ഓരോ ക്രൈസ്തവനും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ് എന്നൊരു സത്യവും ഇതിനോട് ചേർത്ത് വായിക്കുവാൻ നമുക്ക് സാധിക്കണം. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മാർക്കോ 16, 15) എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മുൻപിലുണ്ട്. സുവിശേഷത്തിനുവേണ്ടി ജീവൻ ത്യജിക്കുവാൻ അനേകം രക്തസാക്ഷികളെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലുണ്ട്. ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 12) എന്ന വിശുദ്ധ പത്രോസിന്റെ പ്രസംഗം നമ്മുടെ കാതുകളിൽ ഇരമ്പുന്നുണ്ട്. വിശുദ്ധ കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ പ്രഘോഷിക്കുവാൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ വാഴ്ത്തപ്പെട്ട കാർലോസ് അക്യൂറ്റിസ് (Bl. Carlos Acutis) നമ്മോട് പറയുന്നുണ്ട്.

തിരുസ്സഭയും, സഭാ മക്കളും, സ്വഭാവത്താലേ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (Ad Gentes) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതെ, പ്രിയപ്പെട്ടവരേ, നാം മിഷനറിമാരാണ്, അയയ്ക്കപ്പെടുന്നവരാണ്.

ക്രിസ്തു ആരെയാണ് അയയ്ക്കുന്നത്? ആടിന്റെ മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ. വളരെ നിഷ്കളങ്കരാണ് ആടുകൾ. അവർക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാനറിയില്ല. ഒരിക്കലും അവർ ഉപദ്രവകാരികളല്ല. ആടുകൾ പരസ്പരം തമ്മിൽ വഴക്കിടാറില്ല. നല്ല ഇണക്കമുള്ള മൃഗങ്ങളാണവർ. എളിമയുള്ളവരാണ്. അവർക്ക് 20 വാരയിലധികം കാഴ്ചയില്ല. ഇങ്ങനെ ആടുകളെപ്പോലെ, നിഷ്കളങ്കരായ, സ്വയം Defend ചെയ്യാൻ കഴിവില്ലാത്ത, സൗമ്യരായ, മുന്നോട്ട് അധികം കാണാൻ കഴിവില്ലാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത, അതുകൊണ്ട് തന്നെ ഇടയന്റെ സംരക്ഷണം ആവശ്യമുള്ള ശിഷ്യരെയാണ് ഈശോ അയയ്ക്കുന്നത്.

എന്തിനുവേണ്ടിയാണ് അയയ്ക്കുന്നത്?  പിശാചുക്കളെ ബഹിഷ്ക്കരിക്കാൻ, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക് കാഴ്ച നല്കാൻ, ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാൻ. എല്ലാറ്റിലുമുപരി, ദൈവരാജ്യം പ്രഘോഷിക്കാൻ. ദൈവരാജ്യം ഭൂമിയിൽ സംജാതമാകുന്നതിന് വേണ്ടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ സത്യസന്ധമായി അറിയുന്നതിനും, ക്രിസ്തുവിന്റെ സമാധനം ആശംസിച്ചുകൊണ്ട് മനുഷ്യരെ വിമോചനത്തിലേക്ക് നയിക്കുവാനും പ്രേഷിതപ്രവർത്തനങ്ങൾക്ക് സാധിക്കണം എന്ന് തന്നെയാണ് ഈശോ ആഗ്രഹിച്ചത്.

എങ്ങോട്ടേയ്ക്കാണ് ഈശോ അയയ്ക്കുന്നത്?ചെന്നായ്ക്കളുടെ ഇടയിലേക്ക്. കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നവരാണ് ചെന്നായ്ക്കൾ. ക്രൂരതയാണ് അവരുടെ ഭാഷ. തങ്ങളുടെ വിശപ്പിന്റെ ശമനം, സുഖം, സന്തോഷം അത് മാത്രം ലക്ഷ്യംവയ്ക്കുന്നവരാണവർ. അപരന്റെ വേദന കണ്ട് ആർത്തുല്ലസിക്കുന്നവർ. അപരന്റെ മുറിവിനെ നക്കി രക്തം കുടിക്കുന്നവർ. ക്രിസ്തു ശിഷ്യരായതുകൊണ്ട് മാത്രം നിങ്ങളെ അവർ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. നിങ്ങളെ അവർ മർദ്ദിക്കും. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഈശോ ക്രൈസ്തവരെ അയയ്ക്കുന്നത്.

എല്ലാ ക്രൈസ്തവരെയുമാണോ അയയ്ക്കുന്നത്? അതെ. ഈശോയുടെ ആഗ്രഹം അതാണ്. പക്ഷേ, എല്ലാവരും അതിന് യോഗ്യരാകുകയില്ലല്ലോ! ‘യേശുക്രിസ്തു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവിടുത്തെ ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണ് ഇപ്രകാരം അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും. 

നാമെന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, ആ വിശ്വാസം ജീവൻ കൊടുത്തും, ജീവിതം കൊണ്ടും സാക്ഷ്യപ്പെടുത്തി മുന്നേറണം. വചനം പറയുന്നു, നിർഭയം ക്രിസ്തുവിന് സാക്ഷ്യം നൽകുക.

പ്രിയപ്പെട്ടവരേ, ക്രിസ്തു സാക്ഷ്യത്തിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും നമ്മൾ ക്രൈസ്തവരെ Target ചെയ്ത് “ചെന്നായ്ക്കൾ” ധാരാളം പദ്ധതികൾ മെനയുന്നുണ്ട്. അതിൽ, ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന തീവ്രവാദ മതരാഷ്ട്രീയമുണ്ട്. അതിൽ നമ്മെ നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും വിളിക്കുന്നവരുണ്ട്. അതിൽ നമ്മുടെ സ്കൂളുകളെ, വിശുദ്ധരുടെ രൂപങ്ങളെ തകർത്തുകളയുന്നവരുണ്ട്. അതിൽ നമ്മുടെ കുരിശുകളെ അവഹേളിക്കുന്നവരുണ്ട്.  നമ്മെ കേസുകളിൽ കുടുക്കി ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അതിൽ അധികാരികളുണ്ട്. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുന്നവരുണ്ട്.  സംഘടനാ നേതാക്കളുണ്ട്. നമ്മുടെ വൈദികരും, സമർപ്പിതരും ധരിക്കുന്ന വസ്ത്രങ്ങളോട് വെറുപ്പുള്ളവരുണ്ട്.

നമ്മുടെ ബൈബിൾ കത്തിക്കുന്നവരുണ്ട്. മോർഫുചെയ്ത് ക്രിസ്തുവിന്റെ രൂപത്തെ വികലമാക്കുന്നവരുണ്ട്. സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ നമ്മെ കടിച്ചു കീറുന്ന ചെന്നായ്ക്കളുണ്ട്…!

എന്നാൽ, ഈ കാലഘട്ടത്തിലും, തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ധൈര്യപൂർവം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ധാരാളം ജീവിതങ്ങളുണ്ട്. നിങ്ങൾക്കറിയോ? എല്ലാ മത്സരങ്ങളിലും തന്നെ “100% ജീസസ്” എന്ന ബാൻഡ് തന്റെ നെറ്റിയിൽ അണിഞ്ഞ് സ്റ്റേഡിയത്തെ വലംവച്ച് തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന, ഒരു ഫുടബോൾ താരമുണ്ട്. ആരെന്നറിയോ? ഫുട്ബോൾ ഇതിഹാസം നെയ്മർ, നെയ്മർ ജൂനിയർ!

യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാൻ, തന്റെ ഫുട്ബോൾ കളിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ യാതൊരു  മടിയും കാണിക്കാത്ത ഈ സൂപ്പർ താരം  ബൈബിൾ വചനങ്ങൾ നവമാധ്യമങ്ങളിൽ കുറിച്ചും ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. അതിലും രസകരം, എക്‌സിൽ (മുൻപ് ട്വിറ്റർ) “ബയോ” സെക്ഷനിൽ തന്നെക്കുറിച്ച് അദ്ദേഹം വിശേഷണം നല്കിയിരിക്കുന്നത് “ദൈവത്തിന്റെ മകൻ” എന്നാണ്.

നെയ്മറിന്റെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കിൽ, സാഹചര്യം അനുകൂലമായാലും, പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നൽകും, ക്രിസ്തുവിനെ പ്രഘോഷിക്കും!

2009 ജനുവരി 8 ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ Eye Black ൽ ജോൺ 3:16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കൻ ബേസ്ബാൾ – ഫുട്ബാൾ താരമുണ്ട് – ടിം റിച്ചാർഡ് റ്റെബോ (Tim Richard Tebow). അന്ന് 94 മില്യൺ ജനങ്ങളാണ് ഗൂഗിളിൽ (Google) ജോൺ 3:16 എന്തെന്നറിയാൻ Search ചെയ്തത്.

അതുകഴിഞ്ഞ്, 3 വര്ഷം പിന്നിട്ടപ്പോൾ, 2012 ജനുവരി 8 ന് സ്റ്റീലേർസുമായി കളി ജയിച്ച് പ്രസ് കോൺഫറൻസിന് പോകവേ, അദ്ദേഹത്തിന്റെ PRO Mr. Patrick പറഞ്ഞു: “നിങ്ങൾക്കറിയോ, ഇന്ന് 90 മില്യൺ ആളുകളാണ് ജോൺ 3:16 എന്തെന്നറിയാൻ ഗൂഗിൾ ചെയ്തത്.” പത്രസമ്മേളനത്തിൽ Tim പറഞ്ഞതിങ്ങനെ:” നമ്മൾ ഒരു step വയ്ക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കും.” നമ്മുടെ ചെറിയ പ്രവർത്തികളിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവൻ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താൽ മതി – നമ്മുടെ ജീവിതസാഹചര്യങ്ങളായിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക.

ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്നേഹമുള്ളവരേ. നാം സർപ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  ദൈവപരിപാലനയിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും, പ്രേഷിത പ്രവർത്തനമാവില്ല; അതിപ്പോൾ, മാർപാപ്പ ചെയ്താലും!!

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ദൃഢമാക്കാനും, നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെ

മനോഹരമാക്കാനും, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നമുക്ക് മുന്നോട്ട് പോകാം. സുവിശേഷം പ്രസംഗിക്കുന്ന, നമ്മുടെ പാദങ്ങൾ മാത്രമല്ല, ജീവിതവും സുന്ദരമാകട്ടെ. ആമേൻ! 

Leave a comment