SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

മത്തായി 9, 27-38

2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്:

“പൊടിയാണ് എവിടെയും.

വിഗ്രഹങ്ങളിൽ വിളക്കുകളിൽ,

പതാകകളിൽ, തിരശീലകളിൽ,

ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ

വിചാരങ്ങളിൽ വികാരങ്ങളിൽ

എവിടെയും പൊടി.

ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ, വിശുദ്ധമായ അൾത്താരകളിൽ, സഭയിലെ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി കഴുകിക്കളയുവാൻ ദൈവകൃപ ആവശ്യമുണ്ടെന്ന്, ആ ദൈവ കൃപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്കുവാൻ വേലക്കാരെ ആവശ്യമുണ്ടെന്ന് നമ്മോട് പറയുകയാണ്. പൊടിയാണ് എവിടെയും. ദൈവകൃപയിൽ കുളിച്ചുകയറി ശുദ്ധമാകുവാൻ ദൈവവചന വ്യാഖ്യാനം നമുക്ക് ശ്രവിക്കാം.

എവിടെനിന്നാണ്, എങ്ങനെയാണ് ദൈവകൃപ നമ്മെ സ്പർശിക്കുന്നത്? വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. ഈ അധ്യായത്തിൽ വിവരിക്കുന്ന ആദ്യ സംഭവം ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തോടെ തന്നെയാണ് അയാളുടെ വീട്ടുകാരും, സുഹൃത്തുക്കളുംകൂടി തളർവാതരോഗിയെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നത്. അവരുടെ വിശ്വാസം കണ്ട്, മകനേ, ധൈര്യമായിരിക്കുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പറഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ കൃപ അയാളിലേയ്ക്കൊഴുകി. അടുത്തസംഭവം ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്നതാണ്. ചുങ്കസ്ഥലത്തിരുന്ന്, ആളുകളെ പേടിപ്പിച്ചും, ആക്രമിച്ചും റോമക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചിരുന്ന മത്തായിയുടെ തോളിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി, ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കുക.” ആ നിമിഷം ക്രിസ്തു തന്റെ കൃപ അയാളിലേയ്ക്കൊഴുക്കി. പിന്നെ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലും സൗഖ്യമുണ്ടെന്ന് വിശ്വസിച്ച രക്തസ്രാവക്കാരിയിലേക്ക്, അതും കഴിഞ്ഞ്, ഭരണാധിപന്റെ മരിച്ചെന്ന് കരുതിയ മകളിലേയ്ക്ക് ദൈവത്തിന്റെ കൃപ ഒഴുകിയെത്തി. അതും കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങൾ അരങ്ങേറുന്നത്. വിശ്വാസത്തോടെ, ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ച അന്ധരിലേക്ക്, പിശാചുബാധിതനായ ഊമനിലേക്ക് ക്രിസ്തുവിന്റെ കൃപ ഒഴുകുകയാണ്. അതിനുശേഷം, ഈശോയുടെ വചനപ്രഘോഷണത്തിലൂടെ, രോഗശാന്തികളിലൂടെ അനേകരിലേക്ക് ദൈവകൃപയുടെ പെരുമഴക്കാലം!

അപ്പോഴാണ്, ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും, നിസ്സഹായരുമായ മനുഷ്യരെ കണ്ടപ്പോൾ, അവരിൽ ദൈവകൃപ ഒട്ടും ഇല്ലായെന്ന് കണ്ടപ്പോൾ അവരോട് അനുകമ്പ തോന്നിയത്. ഈ ലോകത്തിലുള്ള പരിഭ്രാന്തരും, നിസ്സഹായരുമായ ദൈവമക്കൾക്ക് എങ്ങനെ ദൈവകൃപ എത്തിച്ചുകൊടുക്കുവാൻ സാധിക്കും, ആരിലൂടെ ദൈവത്തിന്റെ കൃപ അവരിലേക്കൊഴുക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഈശോ ഉറക്കെ പറഞ്ഞു: ‘വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ!”

എന്താണ് വിളവ്? ദൈവത്തിന്റെ കൃപയാണ് വിളവ്.  എന്താണ് വിളഭൂമി? ദൈവത്തിന്റെ ഹൃദയം. ആരാണ് വിളവിന്റെ, കൃപയുടെ നാഥൻ? കർത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ഹൃദയമാകുന്ന വിളഭൂമിയിൽ ചെന്ന്, കൃപയുടെ ഉറവയിൽച്ചെന്ന്, കൃപ ശേഖരിച്ച്, പരിഭ്രാന്തരും, നിസ്സാരരുമായ മക്കൾക്ക് കൊടുക്കുവാൻ, പൊടിപിടിച്ചുകിടക്കുന്ന മനസ്സുകളെ ദൈവകൃപയാൽ കഴുകി വെടിപ്പാക്കുവാൻ, ക്രിസ്തു ക്രൈസ്തവരെ ക്ഷണിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് പോകുന്നതാണ് പത്താം അദ്ധ്യായം ഒന്നാം വാക്യം. “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.” മറ്റൊരു വാക്കിൽ, അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, ദൈവകൃപ ജനങ്ങൾക്ക് കൊടുക്കുവാൻ അധികാരം നൽകി.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ കൃപയാണ്, കൃപയുടെ നിറവാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. വിശുദ്ധ പൗലോശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്. “മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്, കൃപയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (റോമാ 9, 16) ആ കൃപയാകട്ടെ, വിളവാകട്ടെ അധികമാണ്. അധികമെന്ന് മാത്രമല്ല അളവുകളില്ലാത്തതാണ്. എഫേസോസുകാരോട് ശ്ലീഹ പറയുന്നു: അല്ലയോ എഫേസോസുകാരേ, ദൈവം തന്റെ രക്ഷാകര പദ്ധതിയിലൂടെ നമ്മെ നയിച്ചത്, അനുസരണക്കേടിന്റെ മക്കളായ നമ്മെ രക്ഷിച്ചത്, ജഡമോഹങ്ങളിൽ ജീവിച്ചിരുന്ന നമ്മെ മോചിപ്പിച്ചത്, മരണശേഷം, യേശുക്രിസ്തുവിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഇരുത്തുന്നത് എല്ലാം, ഇവയെല്ലാം ദൈവം ചെയ്തത്, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്. (2, 1-7) വീണ്ടും ശ്ലീഹ പറയുന്നു: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.” (2, 8)

ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടപ്പെട്ട മതജീവിതത്തിലൂടെ മനുഷ്യൻ മുന്നോട്ട് പോകുമ്പോഴും, ദൈവവിശ്വാസത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമായി മനുഷ്യൻ മാറ്റുമ്പോഴും, ഭീകരാക്രമണങ്ങളും, യുദ്ധങ്ങളും, ആണവായുധഭീഷണിയും ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോഴും, ക്രൈസ്തവമൂല്യങ്ങളും, ക്രൈസ്തവ വിശ്വാസവും വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, ഉറപ്പേറിയതും മാറ്റമില്ലാത്തതും ഒന്നുണ്ട് ഈ ലോകത്തിൽ: അത് ക്രിസ്തുവാണ്, ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള കൃപയാണ്. ഹെബ്രായർക്കെഴുതിയ ലേഖനം ഇത് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ” നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, …നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപയും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ ആ സിംഹാസനത്തെ സമീപിക്കാം.” (4, 15-16)

ഇനി, ഈശോയോട് ചോദിച്ചു നോക്കൂ…ഈശോയെ, ഈ ലോകത്തിൽ സന്തോഷത്തോടെ, സമാധാനത്തോടെ, പാപത്തിൽ നിന്നകന്ന് ജീവിക്കുവാൻ ഞാൻ എന്ത് ചെയ്യണം? ഈ ചോദ്യം നമുക്ക് മുൻപ് ചോദിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പേര് സാവൂൾ എന്നായിരുന്നു. അഹന്തയുടെ കുതിരപ്പുറത്ത് ക്രൈസ്തവരെ കൊല്ലാൻ പടപ്പുറപ്പാട് നടത്തിയ സാവൂൾ. പിന്നീട്, പൗലോസായപ്പോൾ, വിശുദ്ധിയിൽ ജീവിക്കുവാൻ വിഷമിച്ചപ്പോൾ, ഒന്നല്ല, മൂന്ന് പ്രാവശ്യം ക്രിസ്തുവിനോട് ചോദിച്ചു: “ഞാൻ എന്ത് ചെയ്യണം?” ഈശോ പറഞ്ഞത് ഇതാണ്: ” നിനക്ക് എന്റെ കൃപ മതി.” (2 കോറി 12, 9) ഈശോയുടെ കൃപ ഇടതടവില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുമ്പോഴാണ് പ്രിയപ്പെട്ടവരേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ മനോഹരമാകുന്നത്. കൃപയില്ലാത്ത ക്രൈസ്തവജീവിതങ്ങൾ ഈ ഭൂമിക്ക് തന്നെ ശാപമായിരിക്കും.

‘യേശു ക്രിസ്തു വഴി കൃപയും സത്യവും ഈ ലോകത്തിൽ വന്നിട്ടും, ക്രിസ്തുവിന്റെ പൂർണതയിൽ നിന്നും നാമെല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിട്ടും,’ (യോഹ 1, 16) ലോകമിന്ന് ദൈവകൃപയിലല്ല ജീവിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്തേ ഓർമിപ്പിക്കുംവിധം ഭയവും ആശങ്കയും സർവത്ര പരന്നുകൊണ്ടിരിക്കുന്നു. രണ്ടിടത്തെങ്കിലും തുറന്ന യുദ്ധം നടക്കുന്നു. ഭീകരാക്രമണങ്ങൾ, ആണവായുധങ്ങൾ കാട്ടിയുള്ള വെല്ലുവിളികൾ, ബോംബുവർഷങ്ങളുടെ തീയും പുകയും വേറൊരിടത്ത്. ഫാസിസവും, സിയോണിസവും, ഇസ്ലാമിസവും ശക്തമായി തിരിച്ചുവരുന്നു. എഴുപത്തഞ്ച് കൊല്ലങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നു. വർഗീയതയുടെ കണ്ണിലൂടെയാണ് എല്ലാവരും എല്ലാം കാണുന്നത്. ക്രൈസ്തവമുക്ത ഭാരതത്തിനായി അണിയറയിൽ കത്തികൾ രാകിമിനുക്കുന്നു. വിശുദ്ധ കുർബാനപോലെ പരിശുദ്ധമായയെ വെറും നാടകമായി കാണുന്നു. കൃപയ്ക്കുമേൽ കൃപയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ദൂരം കുറയുന്നു!!!

നിങ്ങൾക്കറിയോ, നാം വസിക്കുന്ന ഈ ഭൂമിയിൽ 16000 വ്യത്യസ്ത ഗ്രൂപ്പിലുള്ള/വർഗങ്ങളിലുള്ള/തരത്തിലുള്ള മനുഷ്യരുള്ളതിൽ വെറും 7000 ഗ്രൂപ്പുകൾക്ക് മാത്രമാണ് ക്രിസ്തുവിനെ അറിയാവുന്നത്. ബാക്കിയുള്ളവർ ഇനിയും ക്രിസ്തുവിന്റെ കൃപ രുചിച്ചിട്ടില്ല. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിൽ അംഗങ്ങളായിട്ടുള്ളത് ജനസംഖ്യയിൽ പകുതിപ്പേർ മാത്രമാണ്. 86% മുസ്ലിമുകൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ കൃപ എന്തെന്ന് ഇവർക്കറിയില്ല. ലോകത്തിന്റെ മൂന്നിലൊന്നിന് സുവിശേഷം കേൾക്കാൻ അവസരമില്ല. ക്രിസ്തുവിനെ അറിഞ്ഞവർക്ക് സഹനമാണ് കിട്ടുന്നത്. ലോകത്ത് 140 മില്യൺ അനാഥക്കുട്ടികളുണ്ട്. 150 മില്യൺ തെരുവ് മക്കളുണ്ട്. നിങ്ങൾ ഈ ദൈവവചന വ്യാഖ്യാനം വായിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്: 72 സ്ത്രീകളും കുട്ടികളും അടിമകളായി വിൽക്കപ്പെട്ടു. HIV/AIDS മൂലം 237 പേർ മരിച്ചു. 869 പേർ കാളുന്ന വിശപ്പുമൂലം മരിച്ചു. ഇവർക്കൊക്കെ ക്രിസ്തുവിന്റെ കൃപ എത്തിച്ചുകൊടുക്കുവാൻ ക്രിസ്തുവിന് നിങ്ങളെ വേണം പ്രിയപ്പെട്ടവരേ.

ക്രിസ്തുവിന്റെ കൃപ മറ്റുള്ളവർക്ക് കൈമാറാനുള്ള നല്ല ഉപകരണങ്ങൾ ആകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ വേലക്കാരാകുക എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ കൈയ്യിലെ നല്ല ഉപകരണങ്ങൾ ആകുക എന്നർത്ഥം. പരിശുദ്ധ അമ്മയെപ്പോലെ. ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് നൽകാനുള്ള നല്ല ഉപകരണമായിത്തീർന്നു   പരിശുദ്ധ ‘അമ്മ.   ‘ഞാൻ ക്രിസ്തുവിന്റെ കയ്യിലെ പേനയാകുന്നു. ഞാനാകുന്ന പേനകൊണ്ട് ഈ ലോകമാകുന്ന ചുമരിൽ ക്രിസ്തു എഴുതട്ടെ’ എന്നാണ് വിശുദ്ധ മദർ തെരേസ പറഞ്ഞുകൊണ്ടിരുന്നത്. മദർതെരേസയാകുന്ന പേനകൊണ്ട് ക്രിസ്തു ലോകമാകുന്ന ചുമരിൽ എഴുതി, ദൈവം കൃപയാകുന്നു, കരുണയാകുന്നു എന്ന്. നാമും ക്രിസ്തുവിന്റെ കയ്യിലെ നല്ല ഉപകാരണങ്ങളാകണം. എന്നിട്ട് നമ്മിലൂടെ ക്രിസ്തു മറ്റുള്ളവർക്ക് തന്റെ കൃപ നൽകട്ടെ.

സ്നേഹമുള്ളവരേ, ദൈവകൃപയുടെ പ്രവർത്തനം അത്ഭുതാവഹമാണ്. അത് നാമറിയാതെ, നമ്മിലേക്ക്, നമ്മുടെ പ്രാർത്ഥനയിലൂടെ, നാം അറിയുന്ന ഏതെങ്കിലും വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ സംഭവങ്ങളിലൂടെ, നല്ല ആശയങ്ങളിലൂടെ, വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന ചൊല്ലുമ്പോൾ ദൈവത്തിന്റെ കൃപ പ്രവഹിക്കും. ദൈവകൃപ വഹിക്കുന്ന, അത് മറ്റുള്ളവർക്ക് നൽകുന്ന കൃപയുടെ ജോലിക്കാരായി നമുക്ക് ജീവിക്കാം.

ദൈവകൃപയുടെ ആഘോഷമായ ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് കൃപനിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കാകട്ടെ. നമ്മിലുള്ള, നമ്മുടെ കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള പൊടി മുഴുവനും ക്രിസ്തുവിന്റെ കൃപയാൽ കഴുകിക്കളയുവാൻ നമുക്കാകട്ടെ. പൊടി മുഴുവനും നീങ്ങുമ്പോൾ, ക്രിസ്തുവിനെ നല്ല തെളിച്ചത്തിൽ മറ്റുള്ളവർക്ക് കാണാനാകും. ആമേൻ!

One thought on “SUNDAY SERMON MT 9, 27-38”

Leave a comment