SUNDAY SERMON JN 14, 15-20, 25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

യോഹന്നാൻ 14, 15-20, 25-26

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം ഏഴാം ഞായറാണിന്ന്. ഭൂമിയിലെ ജീവിതത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ നേര് കണ്ടെത്താൻ, ആ നേരിന്റെ ജീവിതം നയിക്കുവാൻ ക്രൈസ്തവരെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് വിശ്വസിക്കാൻ ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുകയാണ്. സാധാരണ, പരിശുദ്ധാത്മാവിനെക്കുറിച്ച്, ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികമൊന്നും നാം പ്രസംഗിക്കാറില്ല. ഇന്നത്തെ സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നമ്മെ ക്ഷണിക്കുകയാണ്.

എന്തുകൊണ്ടാണ് തിരുസ്സഭയെ പടുത്തുയർത്തിയ അപ്പസ്തോലന്മാർ, ആദ്യകാല ക്രൈസ്തവർ, രക്തസാക്ഷികൾ, വിശുദ്ധർ, ജീവൻ കൊടുത്തും ജീവിതംകൊണ്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അനേകം ക്രൈസ്തവർ ഇത്രയും വിപ്ലവാത്മകമായി ക്രൈസ്തവജീവിതം നയിച്ചത്? അതിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വാഗ്ദാനം. ഇതാണാ വാഗ്ദാനം: ‘മക്കളെ, എന്നെ അനുഗമിച്ച്, എനിക്ക് സാക്ഷ്യം നൽകി ജീവിക്കുവാൻ നിങ്ങളെ ധൈര്യപ്പെടുത്തുവാൻ ഒരു സഹായകനെ നിങ്ങൾക്ക് ഞാൻ നൽകും. ഞാൻ അയയ്ക്കുന്ന സഹായകൻ, പരിശുദ്ധാത്മാവ് നിങ്ങളെമാത്രമല്ല, ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുമാറ് നിങ്ങളിലൂടെ, ലോകാവസാനംവരെയുള്ള ക്രൈസ്തവരിലൂടെ പ്രവർത്തിക്കും.’ ഈ സുവിശേഷ വചനം വിശ്വസനീയമാണോ എന്നറിയാൻ, 100% ശരിയാണോയെന്നറിയാൻ തെളിവന്വേഷിച്ച് ഓടിനടക്കേണ്ട ആവശ്യമൊന്നുമില്ല. തിരുസ്സഭാ ചരിത്രം ഒന്ന് മറിച്ചുനോക്കിയാൽ മതി.  

അവിടെ, ക്രിസ്തുവിന്റെ ഉത്ഥാനശേഷം, ക്രൈസ്തവരെ ഏറ്റവും അധികം പ്രചോദിപ്പിച്ച, ശക്തിപ്പെടുത്തിയ, സ്വന്തം രക്തം നൽകിക്കൊണ്ടും ക്രിസ്തുവിനെ പ്രഘോഷിപ്പിക്കുവാൻ ക്രൈസ്തവരെ പ്രേരിപ്പിച്ച ഒരു ദൈവിക വിസ്മയത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്, ക്രിസ്തു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത സഹായകനാണ്, പരിശുദ്ധാത്മാവാണ്. 2024 വർഷങ്ങൾ കഴിഞ്ഞിട്ടും, പിളർപ്പിന്റെയും, കുരിശുയുദ്ധങ്ങളുടെയും, വിവാദങ്ങളുടെയും, വിപ്ലവങ്ങളുടെയും, ശീശ്മയുടെയും, പാഷാണ്ഡതയുടേയുമൊക്കെ ഘോരസർപ്പങ്ങളാൽ ആക്രമിക്കപ്പെട്ടിട്ടും, സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ പേരിൽ പൈശാചികത നിറഞ്ഞാടിയിട്ടും, ഇന്നും തകരാതെ, തളരാതെ തിരുസ്സഭ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം, തിരുസ്സഭയോടൊപ്പം ഈ സഹായകൻ ഉണ്ടെന്നതാണ്, തിരുസ്സഭയോടൊപ്പം പരിശുദ്ധാത്മാവ് ഉണ്ടെന്നതാണ്.  

ക്രിസ്തു വാഗ്‌ദാനം ചെയ്ത ഈ സഹായകൻ, പരിശുദ്ധാത്മാവ് ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വലിയൊരു അടയാളമാണ് ഭാരതത്തിലെ ഈയിടെ പൂർത്തിയായ പൊതുതിരഞ്ഞെടുപ്പ് 2024. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും, ചില നേതാക്കളുടെ അമിത പ്രതീക്ഷകളെയും പാടേ തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ജനത അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയിരിക്കുകയാണ്. ഇതിന്റെ പുറകിലെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മറിച്ച്, ഇതെങ്ങനെ സംഭവിച്ചു എന്ന് പറയാനാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ശരിയായി പ്രകടിപ്പിച്ചത് അവർക്ക് ഉന്നതമായ രാഷ്ട്രീയ അറിവ് ഉണ്ടായതുകൊണ്ടല്ല. രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങളും, കുതന്ത്രങ്ങളും അറിഞ്ഞിട്ടുമല്ല.  അവരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതുകൊണ്ടാണ് അത്രമാത്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുവാൻ അവർക്ക് സാധിച്ചത്.. ചിരിക്കേണ്ട. അച്ചൻ പൊട്ടത്തരം പറയുകയല്ല. അച്ചന്റെ ഈ തിരഞ്ഞെടുപ്പ് വിശകലനം ഒരു ടീവി ചാലനിലും നിങ്ങൾ കേട്ടെന്നു വരില്ല. ഒരു നേതാവിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വിശകലനം വീണുകാണില്ല. അതെ പ്രിയപ്പെട്ടവരേ, ഇത് ക്രിസ്തുവിന്റെ വാഗ്ദാനമായ സഹായകന്റെ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആയിരുന്നു. കാരണമെന്തെന്നോ, ലോകത്തിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ സന്യാസഭവനങ്ങളിലും ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ മുതൽ വിശുദ്ധ കുർബാനയുടെ മുൻപിൽ ആരാധന നടത്തി ക്രൈസ്തവർ പ്രാർത്ഥിക്കുകയായിരുന്നു. എന്തായിരുന്നു പ്രാർത്ഥന? ഇന്ത്യയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്ന, ഭരണഘടന കാത്തുസൂക്ഷിക്കുന്ന, ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗവൺമെന്റ് ഞങ്ങൾക്ക് നൽകണേ! പരിശുദ്ധാത്മാവേ, ഇന്ത്യയിലെ വോട്ടർമാരെ അതിനായി പ്രചോദിപ്പിക്കണമേ.

പരിശുദ്ധാത്മാവ് പ്രവർത്തിച്ചില്ലേ പ്രിയപ്പെട്ടവരേ?  തീർച്ചയായും. എല്ലാ പ്രവചനങ്ങളെയും, പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് കാലത്തിനാവശ്യമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ജൂൺ 4 ന് നാം കണ്ടത്.

ഇന്നത്തെ സുവിശേഷത്തിലൂടെ, താൻ അയയ്ക്കുന്ന സഹായകൻ ഏത് രീതിയിലൊക്കെ നമ്മെ സഹായിക്കുമെന്ന് ഈശോ എണ്ണിയെണ്ണി പറയുന്നുണ്ട്. 1. ഈശോയേ സ്‌നേഹിച്ചുകൊണ്ട് അവിടുത്തെ കൽപ്പനകൾ പാലിക്കുവാൻ ഈ സഹായകൻ നമ്മെ സഹായിക്കും. 2. അനാഥരായി അലഞ്ഞു നടക്കുന്ന ദൈവമക്കളാകാതിരിക്കുവാൻ ഈ സഹായകൻ പ്പോഴും നമ്മോടൊത്തുണ്ടാകും. 3. ദൈവത്തെ അറിയാനും, പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കാനും ഈ സഹായകൻ നമ്മെ സഹായിക്കും. 4. ഈ സഹായകൻ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കും. 5. ജീവിത സാഹചര്യങ്ങളിൽ നന്മ ചെയ്യുവാൻ ക്രിസ്തുവിന്റെ വചനം ഈ സഹായകൻ നമ്മെ അനുസ്മരിപ്പിക്കും. അതുകൊണ്ട്, ഈ സഹായകനായി ആഗ്രഹിക്കുകയും, ഈ സഹായകനായി നാം പ്രാർത്ഥിക്കുകയും ചെയ്യണം.

സ്നേഹമുള്ളവരേ, ഈ സഹായകനെ ലഭിക്കുക എന്നതാണ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.  ഈശോ നമ്മിലേക്ക് ഈ സഹായകനെ അയയ്ക്കുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ നാം അടയ്ക്കരുത്. കൂദാശകളിലൂടെ നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് വളർന്ന്, വളർന്ന് നമുക്കൊരു അനുഭവമായി മാറുന്നതാണ് നമ്മിൽ സംഭവിക്കുന്ന പന്തക്കുസ്ത.  

ക്രിസ്തുവിന്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലാണ് നടക്കുന്നത്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ തന്റെ ദൗത്യം ആരംഭിച്ചപ്പോൾ പറഞ്ഞത്, “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” (ലൂക്ക 4, 18) എന്നാണ്. നസ്രായനായ ഈശോയെ “പരിശുദ്ധാത്മാവിനാലും, ശക്തിയാലും” (അപ്പ 10, 38) ദൈവം അഭിഷേകം ചെയ്തപ്പോൾ അത്ഭുതങ്ങളും, രോഗശാന്തികളും ഉണ്ടായി; ലോകത്തിന് രക്ഷ കൈവന്നു. നന്മ പ്രവർത്തിക്കാൻ നമുക്ക് ഈ അഭിഷേകം വേണം. നല്ല കുടുംബനാഥനാകാൻ, നാഥയാകാൻ, വൈദികനാകാൻ, സന്യസ്തയാകാൻ, സന്യസ്തനാകാൻ നമുക്ക് അഭിഷേകം വേണം. പരിശുദ്ധാത്മാവാകുന്ന തൈലം നമ്മുടെ തലയിൽ വീഴാൻ നാം ആഗ്രഹിക്കണം. അപ്പോൾ നാം പുതിയ മനുഷ്യരാകും. അതോടൊപ്പം നമുക്ക് എല്ലാം ലഭിക്കും. ദൈവം നമ്മുടെ ജീവിതത്തെ തിരിച്ചു പിടിക്കും. നിന്റെ  ആവശ്യങ്ങളിൽ, ജീവിതത്തിലേക്ക്  ദൈവം ആളുകളെ അയയ്ക്കും. അഭിഷേക തൈലം നിന്റെ തലയിൽ വീണാൽ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. നിനക്ക് സമൃദ്ധി ഉണ്ടാകും. എത്തിച്ചേരാൻ പറ്റില്ല എന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തും. ദൈവത്തെ തേടാൻ നീ അവസരം കണ്ടെത്തും. നിനക്കൊരു പുതിയ ഹൃദയം ലഭിക്കും. ആത്മാവ് നിന്നിൽ ഉണ്ടെങ്കിൽ ഒരു ശക്തിക്കും നിന്നെ പരാജയപ്പെടുത്താൻ കഴിയില്ല.   

പരിശുദ്ധാത്മാവിന്റെ നിറവ് കിട്ടുവാൻ നാം എന്തുചെയ്യണം? 1. വിശ്വസിക്കണം. (യോഹ 7, 39; 14, 1) 2. സ്നേഹിക്കണം. (യോഹ 14, 15) 3. അനുസരിക്കണം. (അപ്പ 5, 32) 4. ചോദിക്കണം. (ലൂക്ക 11, 13) 5. കാത്തിരിക്കണം. (അപ്പ 1, 4)

കൂദാശകളിലൂടെ നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ, ഓരോ വിശുദ്ധ കുർബാനയിലൂടെയും നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നാം ഉജ്ജ്വലിപ്പിക്കണം. അപ്പോൾ ദൈവത്തിന്റെ ശക്തി നമുക്ക് ലഭിക്കും. നിങ്ങൾക്കറിയോ, ചില കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് ശക്തി നൽകുന്നത് പരിശുദ്ധാത്മാവാണ്. ചില ഇടങ്ങളിലേക്ക് നമ്മെ അയയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. മാത്രമല്ല, ചില ഇടങ്ങളിലേക്ക് പോകാതെ നമ്മെ തടയുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്.  

ക്രിസ്തുവാണ് നമുക്ക് ആത്മാവിനെ, സഹായകനെ നല്കുന്നതതെന്ന് വചനം വളരെ വ്യക്തമായി പറയുന്നുണ്ട്. എന്തിനൊക്കെവേണ്ടിയിട്ടാണ് ക്രിസ്തു നമുക്ക് ആത്മാവിനെ നൽകുന്നത്?

1. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ. രൂപരഹിതമായിരുന്ന, ക്രമമില്ലാതിരുന്ന, ശൂന്യമായിരുന്ന, ഭംഗിയില്ലാതിരുന്ന അവസ്ഥയിൽ (ഉത്പത്തി 1, 1-2) ഭൂമിക്ക് രൂപം നൽകിയത്, ക്രമം നൽകിയത്, നിറവ് കൊടുത്തത്, ഭംഗി നൽകിയത് പരിശുദ്ധാത്മാവായിരുന്നു. അതുപോലെ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ ഭംഗിയുള്ളതാക്കുന്നത്, രൂപമുള്ളതാക്കുന്നത്, ക്രമമുള്ളതാക്കുന്നത് പരിശുദ്ധാത്മാവാണ്.

 2. പടുത്തുയർത്താൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ സമാഗമകൂടാരവും മറ്റും നിർമിക്കാൻ യൂദാഗോത്രത്തിൽപെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകൻ ബസാലേലിനെ കർത്താവ് ദൈവിക ചൈതന്യംകൊണ്ട് നിറയ്ക്കുന്നുണ്ട്. (പുറ 31, 1-6) നന്മയായി എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ പടുത്തുയർത്താൻ പരിശുദ്ധാത്മാവിനേ കഴിയൂ. അത് നമ്മുടെ വ്യക്തി ജീവിതമായിക്കൊള്ളട്ടെ, കുടുംബമായിക്കൊള്ളട്ടെ, ഒരു ബിസ്സിനസ്സായിക്കോട്ടെ, ഒരു വീടായിക്കൊള്ളട്ടെ, എന്തായാലും, ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പടുത്തുയർത്താൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

3.നമ്മിലെ ഭയം മാറ്റുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ഉള്ളിൽ ഭയമുണ്ട്. കാരണവന്മാർ ചെയ്ത പാപത്തെക്കുറിച്ച് ഭയം, നാം ചെയ്ത, ചെയ്യുന്ന പാപങ്ങളെക്കുറിച്ചുള്ള ഭയം, എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയം, ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമോയെന്ന ഭയം, പെട്ടെന്ന് മരിക്കുമോയെന്ന ഭയം, അയൽവാസികൾ കൂടോത്രം ചെയ്യുമോ എന്ന ഭയം. ഓർക്കുക, ഭയത്തിലേക്ക് നയിക്കുന്ന ആത്മാവിനെയല്ല, ക്രിസ്തു നമുക്ക് നൽകുന്നത്. (റോമാ 8, 1-)

4. ക്രിസ്തുവുമായി നാം ചെയ്യുന്ന പ്രതിജ്ഞകളെ പാലിക്കാൻ നമ്മെ സഹായിക്കുന്നത് ആത്മാവാണ്. ഒരു ചെറിയ പാപം ചെയ്താൽപോലും ഉള്ളിൽ നിന്ന് വിളി വരും. അത് ശരിയല്ല, ചെയ്യരുത്. കർത്താവിന്റെ വഴിയേ നടക്കൂ. ഇത് തോന്നിപ്പിക്കുന്നത് ആത്മാവാണ്, സഹായകനാണ്.

5. ബന്ധനങ്ങളെ തകർക്കുന്നത് ആത്മാവാണ്. നാം പാപത്തിലും, ശാപത്തിലും കഴിയാനല്ല ഈശോ കുരിശിൽ മരിച്ചത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവന്റെ തലയ്ക്ക് മേൽ ശാപമില്ല. അവനിൽ ബന്ധനങ്ങളില്ല. എന്നാൽ തോന്നിയപോലെ ജീവിച്ചാൽ പറ്റില്ല. ശിക്ഷാവിധിയുണ്ട്. ബന്ധനത്തിൽ കഴിയാനല്ല, സ്വാതന്ത്ര്യത്തിൽ കഴിയാനാണ് ഈശോ നമ്മെ വിളിക്കുന്നത്.  

ഒരിക്കൽ ഒരു രാജാവ് തന്റെ പ്രജകളോട് പറഞ്ഞു: “നാളെ സൈറൺ മുഴങ്ങുമ്പോൾ ഓടിവന്ന് ഈ രാജകൊട്ടാരത്തിലെ എന്തിൽ തൊട്ടാലും അത് നിങ്ങളുടേതാകും.” പിറ്റേദിവസം സൈറൺ കേട്ട് ആളുകൾ ഓടിവന്ന് ഓരോ വസ്തുവിലും തൊടാൻ തുടങ്ങി. ആ സമയം സമർത്ഥയായ ഒരു പെൺകുട്ടി ഓടി അവിടേക്ക് വന്നു. അവൾ നോക്കിയപ്പോൾ ആളുകൾ ഓരോ വസ്തുവിലും തൊടുകയാണ്. അവൾ ഓടിച്ചെന്ന് രാജാവിനെ തൊട്ടു. രാജാവ് അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ പറഞ്ഞു: ” രാജാവ് സ്വന്തമായാൽ രാജാവിനുളളതെല്ലാം സ്വന്തമാകുമല്ലോ.”

സ്നേഹമുള്ളവരേ, തിരുസഭയിൽ ദൈവാനുഭവം നേടുവാൻ, നല്ല ആത്മീയജീവിതം നയിക്കുവാൻ ധാരാളം സാധ്യതകളുണ്ട്. പല തരത്തിലുള്ള ഭക്തികളും, ഭക്തകൃത്യങ്ങളുമുണ്ട്. അവയെല്ലാം നല്ലതുതന്നെ. പക്ഷേ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കിയാൽ ദൈവത്തിനുള്ളതെല്ലാം നമ്മുടേതാകും. അതുകൊണ്ട്, സഹായകനെ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കുക; പരിശുദ്ധാത്മാവിന്റെ സ്വന്തമാകുക. അതാണ് ദൈവത്തെ സ്വന്തമാക്കുവാനുള്ള ഏറ്റവും നല്ല മാർഗം.  

സ്നേഹമുള്ളവരേ, ഈശോ നമുക്ക് നൽകുന്ന സഹായകനോടൊപ്പം ജീവിക്കാൻ നമുക്ക് ശ്രമിക്കാം.  ആത്മാവിനാൽ നയിക്കപ്പെടുന്നില്ലെങ്കിൽ, നമുക്ക് ദൈവരാജ്യത്തിൽ ആയിരിക്കുവാൻ കഴിയില്ല.

കാത്തിരിക്കുന്നവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു ദൈവം, സ്വർഗം നമുക്കുണ്ട്. കാത്തിരുന്നാൽ മതി. സഹായകൻ നമ്മിൽ ആവസിക്കും. അഗ്നിജ്വാലകളായി ആത്മാവ് വരും. ആമേൻ!