SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്.

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്.  

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും. 

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ  അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ നിങ്ങൾ ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്.

ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം.

കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ. അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ

നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം. നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

Leave a comment