sunday sermon jn 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

സന്ദേശം

John 17:20-23 – See you in Heaven

കോവിഡ് 19 ന്റെ തേർവാഴ്ച്ച 2019 നവംബറിൽ തുടങ്ങിയതാണെങ്കിലും, അതിന്റെ ഭീകരമുഖം അടുത്തുകാണുകയാണ് നാം ഈ നാളുകളിൽ. 2020 ൽ അത് നമുക്ക് വലിയൊരു വാർത്തമാത്രമായിരുന്നെങ്കിൽ ഇന്ന് കോവിഡ് നമ്മുടെ വീട്ടിൽ എത്തിയിരിക്കുകയാണ്, അതിന്റെ ഭീകരത നാം മുഖാമുഖം കാണുകയാണ്. തെല്ലൊരു ഭയത്തോടെയാണെങ്കിലും എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഇക്കാലത്ത്, ടിവിയുടെ മുന്പിലിരുന്ന്   വിശുദ്ധ കുർബാന അർപ്പിക്കുന്ന നമുക്ക് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, മഹാമാരികൾ പോലുള്ള അവസ്ഥകളെ അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, മഹാമാരി നമ്മെ ഇല്ലാതാക്കുവാൻ വിവിധ രൂപങ്ങൾ സ്വീകരിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.  

വ്യാഖ്യാനം

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹമാണ് ഈശോ ഇവിടെ പ്രകടിപ്പിക്കുന്നത്.

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുമയിൽ ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”. ചിത്രം ഇതാണ്: “നമ്മെപ്പോലെ അവരും ഒന്നായിരിക്കുന്നതിന്.” പരിശുദ്ധ ത്രിത്വത്തിലെ ഒരുമയുടെ, ഐക്യത്തിന്റെ extention and expansion ആയിരിക്കണം ക്രൈസ്തവജീവിതം, മനുഷ്യ ജീവിതമെന്നാണ് ഈശോ വിഭാവനം ചെയ്യുന്ന ദർശനം.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം പടുത്തുയർത്തിയാൽ ഒരുമയിൽ, ഐക്യത്തിൽ ജീവിക്കാനാകും എന്നതാണ് ഈശോയുടെ action plan. പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു.

Prayer To Jesus

അതിനായി പ്രാർത്ഥിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിലും ഉന്നതമായ ഒരു ജീവിത വീക്ഷണം എവിടെ കണ്ടെത്താനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും. ഈ ദർശനത്തിനനുസരിച്ചു ക്രൈസ്തവജീവിതം രൂപപ്പെടുത്തുവാൻ സാധിച്ചാൽ കോവിഡിനെ മാത്രമല്ല അതിനേക്കാൾ വലിയ ദുരന്തങ്ങളെയും തോൽപ്പിക്കാൻ നമുക്കാകും.

കോവിഡ് മഹാമാരിക്കാലം നൽകുന്ന വലിയ വലിയ ഉൾക്കാഴ്ചകളിൽ വളരെ പ്രധാനപ്പെട്ടതാണ് കോവിഡിനുശേഷം എങ്ങനെയായിരിക്കണം എന്റെ, എന്റെ കുടുംബത്തിന്റെ, സഭയുടെ ആത്മീയജീവിതം എന്നത്.  ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ച്, സാമ്പത്തിക രംഗത്തെക്കുറിച്ച്, കോവിഡാനന്തര മനുഷ്യനെക്കുറിച്ച്, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ച്, കോവിഡാനന്തര സഭയുടെ ആത്മീയതയെക്കുറിച്ച്, സഭയുടെ motivation നെക്കുറിച്ച്, കോവിഡാനന്തര മാനസിക ഭാവത്തെക്കുറിച്ച്. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു പുതിയ christian humanisam, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.  

അതിനുവേണ്ടിയാണ്, അങ്ങനെയൊരു ആത്മീയത, മാനവികത രൂപപ്പെടുന്നതിനുവേണ്ടിയാണ് ഈശോ പ്രാർഥിച്ചത്. എന്നാൽ, തന്റെ ശിഷ്യരാകെ, മാനവകുലമാകെ ഒന്നായിത്തീരാൻ ആഗ്രഹിച്ച ഈശോയുടെ പ്രാർത്ഥനതന്നെ എന്തുമാത്രം ഫലവത്തായി എന്ന് ചിന്തിച്ചു നോക്കിയാൽ അല്ലെങ്കിൽ ഈശോ പ്രാർത്ഥിച്ചതുപോലും വർഷങ്ങൾ രണ്ടായിരത്തിലധികമായിട്ടും നടന്നില്ലല്ലോയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ നാം വളെരെയേറെ ബിദ്ധിമുട്ടേണ്ടിവരും!  ഈശോയെ ഏറ്റവും അധികം വേദനിപ്പിക്കുന്നതും, വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതും ഈ യാഥാർഥ്യം തന്നെയായിരിക്കും – ക്രിസ്തുവിന്റെ സഭയിലെ ഭിന്നതകൾ! പിളർപ്പുകൾ! ഇന്നത്തെ സുവിശേഷഭാഗം മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും ഈശോയുടെ ഉള്ളിലെ ചിന്തയെന്താണെന്ന്. തിരുസ്സഭയിലെ ഭിന്നതയുടെ, അനൈക്യത്തിന്റെ പ്രചാരകർ മിശിഹായുടെ ശത്രുക്കളും, ലോകത്തിന്റെ മിത്രങ്ങളുമാണെന്നാണ് ഈശോയുടെ ഭാഷ്യം. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ, സ്നേഹത്തിൽ മനുഷ്യരും ഒന്നായിരുന്നാൽ മാത്രമേ ദൈവരാജ്യം സംസ്ഥാപിതമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. പിതാവായ ദൈവം ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്നു ലോകം വിശ്വസിക്കണമെങ്കിൽ സഭയിൽ ഐക്യമുണ്ടാകണം, സഭ ക്രിസ്തുവിൽ ഒന്നായി നിൽക്കണം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. സഭ ഒന്നായി നിൽക്കാത്തിടത്തോളം കാലം ക്രിസ്തുവാണ് ലോകരക്ഷകനെന്ന്, പിതാവിനാൽ അയക്കപ്പെട്ട രക്ഷകൻ ക്രിസ്തുവാണെന്ന് ലോകം അറിയുവാൻ പോകുന്നില്ലായെന്നും അവിടുന്ന് മനസ്സിലാക്കിയിരുന്നു.  ക്രിസ്തുവിന്റെ ഈ മനോവേദന ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ക്രിസ്തുവിന്റെ ഈ മനോവേദന മനസ്സിലാകുമ്പോഴാണ് ഇന്നത്തെ സഭ ക്രിസ്തുവിൽ നിന്ന് എത്രയോ അകലെയാണ് എന്ന് നാം അറിയുക! ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക്, ആഗ്രഹത്തിന് എത്രയോ വിരുദ്ധമാണ് എന്ന് നാമറിയുക! ക്രിസ്തുവിന്റെ ഹൃദയത്തിലെ മുറിവുകളുടെ ആഴം നമുക്ക് മനസ്സിലാകുക!

ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കേറ്റ മാരകമായ മുറിവുകൾ എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴാണ് ദൈവികമായവ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ സ്വാർത്ഥതയും, അഹന്തയും ഫണം വിടർത്തിയാടുന്നത് നാം കാണുന്നത്. ക്രിസ്തുവിന്റെ സഭയുടെ ആരംഭകാലങ്ങൾ ഒരുമയുടെ, ഐക്യത്തിന്റെ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. പിന്നീട്, പതുക്കെ പതുക്കെ, അധികാരത്തിന്റെ, രാജകീയ ആഡംബരങ്ങളുടെ, പണത്തിനോടുള്ള ആർത്തിയുടെ ചെകുത്താന്മാർ ഉറഞ്ഞു തുള്ളിയപ്പോൾ, സഭയിൽ സ്നേഹം, ഐക്യം, ആർജവം എന്നീ നന്മകൾ അപ്രത്യക്ഷമായി. ക്രൈസ്തവന്റെ ജീവിതത്തിലെ, ക്രൈസ്തവകുടുംബങ്ങളിലെ, തിരുസ്സഭയിലെ ഭിന്നതകൾക്കെല്ലാം കാരണം അധികാരം, പണം, ഭൂമി, സുഖഭോഗങ്ങൾ, അഹന്ത എന്നിവയായിരുന്നു. ക്രിസ്തുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനം ഇന്നും സാധിതമാകുന്നില്ലായെങ്കിൽ അതിന്റെ കാരണങ്ങളും ഇവയൊക്കെത്തന്നെയാണ്. തിരുസഭയുടെ ചരിത്രവും അതാണ് നമ്മോട് പറയുന്നത്.

തിരുസ്സഭ അവളുടെ വളർച്ചയുടെ പാതയിൽ ധാരാളം ഭിന്നതകളേയും, പാഷണ്ഡതകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം, ക്രിസ്തുവിന്റെ ചൈതന്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു എന്നത് വ്യക്തമാണ്. AD 336 ൽ ഉടലെടുത്ത ഭിന്നതക്ക് നേതൃത്വം കൊടുത്തത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നുള്ള ആരിയൂസ് ആണ്. ക്രിസ്തുവിന്റെ പുത്രുത്വത്തെ ചൊല്ലിയായിരുന്നു ആരിയൂസ് കലഹിച്ചതും പിന്നീട് സഭയിൽ നിന്ന് വിട്ടുപോയതും. കോൺസ്റ്റാന്റിനോപ്പോളിലെ ആർച്ചു ബിഷപ്പായിരുന്ന നെസ്തോറിയസ് (AD 450) കന്യകാമാതാവിനെ ക്രിസ്തുവിന്റെ അമ്മ (Christo tokos) എന്ന് വിശേഷിപ്പിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. പിന്നീട് സഭ അദ്ദേഹത്തെ പാഷണ്ഡിയായി മുദ്രകുത്തുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. 589 ൽ യേശുവിൽ മനുഷ്യസ്വഭാവമില്ല ദൈവ സ്വഭാവം മാത്രമേയുള്ളുവെന്ന അന്ത്യോക്യൻ പാത്രിയാർക്കീസ് മാർ യാക്കോബിന്റെ വാദമാണ്  യാക്കോബായ സഭകളുടെ ഉത്ഭവത്തിനു കാരണമായിത്തീർന്നത്. Great Schism of 1054 പരിശുദ്ധാത്മാവിനെച്ചൊല്ലിയായിരുന്നു.

Election Results and Jesus' Prayer for Unity | The Stream

സഭയിലെ വലിയൊരു പിളർപ്പായിട്ടാണ് ഇതിനെ കാണുന്നത്. മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസി താൻ ചൂണ്ടിക്കാണിച്ച സഭയിലെ തെറ്റുകളെ തിരുത്തുന്നതിന് സഭ കാണിച്ച അലംഭാവത്തെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കമായത്. അദ്ദേഹത്തോടൊപ്പം സഭയ്ക്ക് എതിരായിരുന്നു നാട്ടുരാജാക്കന്മാരും കൂടിയതോടെ സഭയിൽ പിളർപ്പുണ്ടായി. ആദ്യനൂറ്റാണ്ടുമുതലെ ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭ 1653 ലെ കൂനൻ കുരിശു സത്യത്തോടെയാണ് പിളർപ്പുകളിലേക്ക് പോയത്.

അറിവിന്റെ ഹുങ്കോ, അധികാരത്തിന്റെ ധാർഷ്ട്യമോ, സാമ്പത്തിനോടുള്ള ആർത്തിയോ എന്ത് തന്നെയായാലും വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുകയാണ്.’ ഇന്ന് ക്രിസ്തുവിന്റെ പേരിൽ എത്ര സഭാ സമൂഹങ്ങൾ ഉണ്ടെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എത്ര കുടുംബങ്ങൾ തകർന്നെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എന്തുമാത്രം യുദ്ധങ്ങൾ നടന്നെന്നോ, തർക്കങ്ങൾ ഉണ്ടായെന്നോ ആർക്കും പറയുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. “എല്ലാവരും ഒന്നായിരിക്കുവാൻ” എന്ന ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാൻ ക്രിസ്തു ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമോ, എന്തോ?

കഴിഞ്ഞ ഏപ്രിൽ 18 മുതൽ 25 വരെ ഷെക്കെയ്ന ടെലിവിഷൻ അവതരിപ്പിച്ച മിസ്പാ 3 കൺവെൻഷനിൽ സംസാരിച്ച അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹുമാനപ്പെട്ട സേവ്യർഖാൻ വട്ടായിലച്ചൻ സഭയിൽ ഐക്യമുണ്ടാകണമെന്നു ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹം ഇങ്ങനെയാണ് തന്റെ ചിന്ത അവതരിപ്പിച്ചത്: ‘ക്രിസ്ത്യാനികളുടെ ഐക്യം അനിവാര്യമാണ്. കാലം അതിക്രമിച്ചിരിക്കുന്നു. നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, തീവ്രവാദികൾ വന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നിർത്തുമ്പോൾ നീ ഓർത്തഡോക്‌സാണോ, കത്തോലിക്കനാണോ, യാക്കോബായ ആണോ, പ്രൊട്ടസ്റ്റന്റാണോ ലത്തീനാണോ, സീറോമലബാറാണോ എന്നായിരിക്കില്ല ചോദിക്കുക. Are you a Christian? നീ ഒരു ക്രിസ്ത്യാനിയാണോ എന്നായിരിക്കും ചോദിക്കുക. ഭിന്നത, കലഹം തുടങ്ങിയവയുടെ കാരണം നിസ്സാരങ്ങളായിരിക്കാം. എന്നാൽ നാം വിഘടിച്ചു നിന്നാൽ ക്രിസ്തുവിന്റെ പേരിൽ വിഭജിതരായി നിന്നാൽ, നാം തുടച്ചുമാറ്റപ്പെടും.” ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ സഭയിൽ ഐക്യമുണ്ടാകാൻ ഉണരണമെന്നും സഭയെ ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറയുമ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാനുള്ള ആഗ്രഹമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. നിസ്സാരകാര്യങ്ങളെ ചെല്ലിയുള്ള തർക്കങ്ങളും, അധികാരത്തിനും സ്വത്തിനുംവേണ്ടിയുള്ള വടംവലികളും തകർക്കുന്നത് ക്രിസ്തുവിന്റെ സ്വപ്നത്തെയാണ്, പ്രാർത്ഥനയെയാണ്‌.

ക്രിസ്തുവിന്റെ “പിതാവേ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു”വേണ്ടിയുള്ള പ്രാർത്ഥന വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ടായിരുന്നു അവിടുന്ന് നടത്തിയത്. (Frame of reference എന്നത് ഒരു ആശയപരമായ അവസ്ഥയാണ്. മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യപ്പെടുകയും, അളക്കപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനത്തെ Frame of reference എന്ന് പറയാം. ഉദാഹരണത്തിന്, ഭൂമിയുടെ Frame of reference ൽ നിൽക്കുമ്പോഴാണ്, ഭൂമിയുടെ മാനദണ്ഡങ്ങളിൽ നിൽക്കുമ്പോഴാണ് ചലനനിയമങ്ങൾക്ക് പ്രസക്തിയുള്ളൂ.) ഒടുവിലത്തെ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷമാണ്, അതേത്തുടർന്നു ശിഷ്യരുടെ കാലുകൾ കഴുകിയ ശേഷമാണ് ഈശോയുടെ പ്രഭാഷണങ്ങളെ, ഈശോയുടെ പ്രാർത്ഥനയെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ട് ലോകത്തെയും, ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ക്രിസ്തു തന്റെ കണ്ണുകളെ പിതാവിങ്കലേക്ക് ഉയർത്തുകയായിരുന്നു. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കാരുണ്യത്തിന്റെ വിശുദ്ധ കുർബാനയുടെ Frame of Reference ൽ നിൽക്കുമ്പോൾ ഐക്യത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുക!

സ്നേഹമുള്ളവരേ, നാമും ക്രിസ്തുവാകുന്ന, വിശുദ്ധ കുർബാന യാകുന്ന Frame of Reference ൽ നിന്നുകൊണ്ട്, ലോകത്തെയും, നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ, ആത്മീയജീവിതത്തെ, സഭാജീവിതത്തെ ക്രിസ്തുവിന്റെ, വിശുദ്ധ കുർബാനയുടെ മൂല്യങ്ങളിൽ പടുത്തുയർത്തുവാൻ സാധിക്കും. അപ്പോൾ ഭിന്നതയുടെ സ്വരങ്ങൾ ഇല്ലാതാകും; അനൈക്യത്തിന്റെ കോട്ടകൾ തകർന്നുപോകും; വിഘടനവാദങ്ങളും, വെറുപ്പും വൈരാഗ്യവുമെല്ലാം ഉരുകിയൊലിച്ചുപോകും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും.

എന്നാൽ, നാം നിൽക്കുന്ന സ്ഥലം, Frame of reference വേറെയാണെങ്കിൽ നമ്മുടെ നിരീക്ഷണവും, വിശകലനവും എല്ലാം പാളിപ്പോകും. ഉദാഹരണത്തിന് ഭൂമിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ഉദയവും അസ്തമയവുമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ, ബഹിരാകാശത്തിലെ യാത്രികർക്ക് ഒരു ദിവസം 27 ഉദയങ്ങളും അസ്തമയങ്ങളും കാണാൻ കഴിയും. Frame of reference മാറിയാൽ നാം കാണുന്ന കാഴ്ചകളും യാഥാർഥ്യങ്ങളും വ്യത്യസ്തമാകും. ഇന്ന് നമ്മുടെ സഭയിൽ, കുടുംബത്തിൽ അനൈക്യങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണം നമ്മുടെ Frame of reference മാറിപ്പോയിട്ടുണ്ട് എന്നാണ്. നാം നിൽക്കുന്നത് വിശുദ്ധ കുർബാനയാകുന്ന, ക്രിസ്തുവാകുന്ന Frame of reference ൽ ആണോ? നാം കോർപ്പറേറ്റ് സ്ഥാപന നടത്തിപ്പിന്റെ, അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ Frame of reference ൽ നിന്ന് നമ്മുടെ ക്രൈസ്തവജീവിതം നയിക്കുവാൻ ശ്രമിക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, നമുക്കിടയിലെ, കഴുത്തറപ്പൻ മാത്സര്യങ്ങളും, കുതികാൽവെട്ടുകളും, പള്ളികളും ഭൂമിയും പിടിച്ചെടുക്കാനുള്ള ഓട്ടങ്ങളും, അധികാരവടംവലികളും,

Churches expand ministries in unique ways - The Boston Globe

എണ്ണാൻ കഴിയാത്തിടത്തോളമുള്ള ഗ്രൂപ്പുകളും കാണുമ്പോൾ നമ്മുടെ Frame of reference മാറിപ്പോയിരിക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിൽ എവിടെയാണ് കഴുത്തറപ്പൻ മാത്സര്യം? ക്രിസ്തുവിൽ എവിടെയാണ് അനൈക്യം? ക്രിസ്തുവിൽ എവിടെയാണ് അധികാരവടംവലികൾ, ക്രിസ്തുവിൽ എവിടെയാണ് പണത്തോടുള്ള ആർത്തി? വിശുദ്ധ കുർബാനയിൽ എവിടെയാണ് വെറുപ്പ്, വൈരാഗ്യം? വലിപ്പച്ചെറുപ്പങ്ങൾ? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് കുർബാനയുടെ പേരിൽ തല്ലുപിടിക്കുവാൻ സാധിക്കുക? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഭിന്നതയിൽ ബലിയർപ്പിക്കുവാൻ സാധിക്കുക?  എന്താ ക്രിസ്തു ഇവിടെ തോറ്റുപോകുകയാണോ? അൾത്താരയിലെ അനൈക്യം അല്ലേ ക്രിസ്തുവിനോട് ചെയ്യാവുന്ന  ഏറ്റവും വലിയ ക്രൂരത? അതല്ലേ നാം, നമ്മുടെ സഭ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം അടിസ്ഥാന കാരണം?

വിശുദ്ധ കുർബാനയുടെ തക്സയിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി ചിന്തിക്കുന്നതിനു മുൻപ് നമ്മുടെ സിനഡും സഭയും, ഐക്യത്തോടെ, ഏകമനസ്സോടെ ബലിയർപ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനല്ലേ ശ്രമിക്കേണ്ടത്? അൾത്താരയിലെ ഐക്യമല്ലേ പരമ പ്രധാനം? ‘പരിപാവനമാം സർവ്വേശാ’ എന്നായാലും ‘സർവ്വേശാ നീ പരിശുദ്ധൻ’ എന്നായാലും ആർക്കാണ് പ്രശ്നം? എന്നാൽ, എങ്ങനെ ബലിയർപ്പിക്കണം എന്നതിൽ ഒരു യോജിപ്പ്  – അതിന് വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട് ജീവിതത്തെ കാണാൻ പഠിക്കണം, ക്രിസ്തുവിനെപ്പോലെ! അപ്പോൾ ഐക്യത്തിന്റെ പൂക്കൾ നമ്മുടെ സഭയിൽ, കുടുംബങ്ങളിൽ വിരിയും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും!

സമാപനം

സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ. ഒരുമിച്ചു ഒരേ ബലി അർപ്പിക്കുന്ന ക്രൈസ്തവരായി നമുക്ക് മാറാം. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാഠങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ഒരുമയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

നമ്മുടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം.

Jesus' prayer for unity in his Church | GAFCON

നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല.  ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രിസ്തവജീവിതം തുടങ്ങാം. ആമ്മേൻ!

One thought on “sunday sermon jn 17, 20-26”

Leave a comment