SUNDAY SERMON OSHANA 2023

ഓശാന ഞായർ -2023

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. 

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥാനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശം – ഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു” എന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, “ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നു” എന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശംകൊണ്ടായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?  

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ ഈ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്.

പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ആ ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്‌ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും! പിന്നീടങ്ങോട്ട് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും എടുത്ത് പ്രതിജ്ഞ നിറവേറ്റുവാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് അവരുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമാക്കി മാറ്റുന്നത്!   

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്? ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും തങ്ങളിലൂടെ, തങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാക്കുവാൻ അവർ ശ്രമിക്കുന്നതുകൊണ്ടല്ലേ ലോകം മുഴുവനും അവരെ ബഹുമാനിക്കുന്നത്!! ക്രിസ്തുവിനുവേണ്ടി, തിരുസ്സഭയ്ക്കുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വന്തം അഭിപ്രായങ്ങൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട്, ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആഘോഷത്തോടും, ആരവങ്ങളോടുംകൂടി നാം സ്വീകരിക്കുമ്പോൾ അവരുടെ എളിമയിൽ, അവരുടെ സമർപ്പണത്തിൽ നാം ക്രിസ്തുവിനെ കാണുകയാണ്!!

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഈ ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയത്തോടെ ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഈ ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ആ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഈ ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റ ലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ.

നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

2 thoughts on “SUNDAY SERMON OSHANA 2023”

Leave a comment